കൊച്ചി: വ്യാജ വിലാസങ്ങളിൽ ജിഎസ്ടി രജിസ്‌ട്രേഷനെടുത്തുള്ള നികുതി വെട്ടിപ്പുകളിൽ പരിശോധനകൾ നടത്തി കേന്ദ്ര ജിഎസ്ടി വിഭാഗം. സംശയമുള്ള വിലാസങ്ങളിൽ കേന്ദ്ര സംഘത്തിലെ റേഞ്ച് ഓഫീസർമാർ നേരിട്ടെത്തിയാണ് പരിശോധനകൾ നടത്തുന്നത്. പരിശോധനയിൽ പല വിലാസങ്ങളും വ്യാജമാണെന്ന് കണ്ടെത്തി. ഇല്ലാത്ത ഇൻവോയ്‌സ് രജിസ്റ്റർ ചെയ്താണ് തട്ടിപ്പ് നടത്തുന്നതെന്നും വിശദമായ പരിശോധനകൾക്ക് സൈബർ സെല്ലുകളുടെയും, വെരിഫിക്കേഷൻ സെല്ലുകളുടെയും സഹായം തേടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
കേന്ദ്ര ജിഎസ്ടിയുടെ എറണാകുളം ഏരിയയിലെ കാക്കനാട് ഡിവിഷനുകൾക്ക് കീഴിലാണ് പരിശോധനകൾ നടക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് ജിഎസ്ടി കമ്മീഷണറേറ്റുകൾക്ക് കീഴിലും പരിശോധനകൾ ഊർജ്ജിതമാണ്. വ്യാജ ഇലക്ട്രിസിറ്റി ബിൽ, ബിൽഡിംഗ് ടാക്‌സ് രേഖകൾ എന്നിവ ഉപയോഗിച്ചും, പാൻ കാർഡ്, ആധാർ കാർഡ് വിവരങ്ങൾ ചോർത്തിയും വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനുകൾ സംഘടിപ്പിച്ചുമാണ് തട്ടിപ്പ് നടത്തുന്നത്. ജിഎസ്ടി വെട്ടിപ്പുകൾക്കിടയിലും കേന്ദ്ര ജിഎസ്ടി വരുമാനത്തിൽ, സംസ്ഥാനത്ത് 2022-2023 കാലത്ത് വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം 15,755 കോടിയാണ് ജിഎസ്ടി വരുമാനം. വെട്ടിപ്പുകളിൽ പിടിമുറുകുന്നതോടെ കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തി തുക തിരിച്ചുപിടിക്കാനാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
















Comments