ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്ക് കവചമൊരുക്കി ലോകകപ്പ് ജേതാവ് ഹർഭജൻ സിങ്. രോഹിത് ശർമ്മ മികച്ച ക്യാപ്റ്റനല്ലെന്ന സുനിൽ ഗവാസ്‌കറിന്റെ വിമർശനത്തിന് മറുപടിയുമായാണ് ഹർഭജൻ സിംഗ് എത്തിയത്. രോഹിത് എന്തുകൊണ്ടും ഇതിലേറെ ബഹുമാനങ്ങൾ അർഹിക്കുന്ന ക്രിക്കറ്ററാണെന്നും അദ്ദേഹത്തെ വേട്ടയാടുന്നത് യാതൊരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഹർഭജൻ സിംഗ് പറയുന്നു. ഒരു പ്രമുഖ വാർത്താമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹർഭജൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ക്രിക്കറ്റ് എന്നത് ടീം ഗെയിമാണെന്നും ഒരു വ്യക്തി മാത്രം വിചാരിച്ചതുകൊണ്ട് മാത്രം മത്സരങ്ങൾ വിജയിക്കാനാവില്ലെന്നും ഹർഭജൻ സിങ് കൂട്ടിച്ചേർത്തു.
‘രോഹിത്തിന്റെ കീഴിൽ മുംബൈ ഇന്ത്യൻസിനുവേണ്ടി ഞാൻ കളിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ടീമിനെ നയിക്കാനുള്ള എല്ലാ കഴിവുമുണ്ട്. ഈയിടെ കഴിഞ്ഞ മത്സരങ്ങളുടെ ഫലം മാത്രം നോക്കി അദ്ദേഹത്തെ വിലയിരുത്തരുത്. നമ്മൾ അദ്ദേഹത്തിന് പിന്തുണ നൽകുകയാണ് വേണ്ടത്’- ഹർഭജൻ വ്യക്തമാക്കി.
രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ കിരീടം നേടാൻ ടീം ഇന്ത്യക്കായിരുന്നില്ല. ഇതോടെയാണ് ഹിറ്റ്മാനെതിരെ വിമർശനം ശക്തമായത്. മുഴുനീള വെസ്റ്റ് ഇൻഡീസ് പര്യടനമാണ് ഇനി ടീം ഇന്ത്യക്ക് വരാനിരിക്കുന്നത്. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20കളുമാണ് പര്യടനത്തിലുള്ളത്. ഇതിൽ ടെസ്റ്റ്, ഏകദിന പരമ്പരകളിൽ ടീമിനെ നയിക്കുന്നത് രോഹിത് ശർമ്മയാണ്. 2013 ശേഷം ഇന്ത്യയ്‌ക്ക് ഐസിസി ഇവന്റുകളിൽ വിജയം നേടാൻ സാധിക്കാതെ പോയതിന്റെ വിമർശനവും രോഹിത്തിനെതിരെയാണ് നിലവിൽ പൊട്ടിപ്പുറപ്പെടുന്നത്. എന്തായാലും ഈ സാഹചര്യത്തിൽ വെസ്റ്റിൻഡീസിനെതിരായ പര്യടനം രോഹിത്തിനെ സംബന്ധിച്ച് വളരെ നിർണായകം തന്നെയാണ്.
ടെസ്റ്റിൽ മൂന്നാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായിരുന്നു പുജാര. എന്നാൽ സ്ഥിരതയില്ലാതെ വന്നതോടെ ഇന്ത്യൻ ടീമിൽ താരത്തിന് സ്ഥാനം നഷ്ടമാകുകയായിരുന്നു. പുജാര ഇന്ത്യയുടെ വാഴ്‌ത്തപ്പെടാത്ത താരമാണെന്നും ഹർഭജൻ സിങ് പറഞ്ഞു.
‘പുജാരയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും ഗംഭീരമായി കളിച്ചിട്ടും ആരും പാടിപ്പുകഴ്‌ത്താത്ത താരമാണ് പുജാര. ഇന്ത്യൻ ടെസ്റ്റ് ടീമിന് കരുത്ത് പകരുന്ന തൂണുകളിൽ ഒന്നാണ് അദ്ദേഹം. മറ്റു കളിക്കാർക്ക് സുരക്ഷിതമായി ബാറ്റ് ചെയ്യാൻ വേണ്ടി കൂടിയാണ് പുജാര പ്രതിരോധത്തിലൂന്നി ക്രീസിൽ നിലയുറപ്പിച്ച് കളിച്ചിരുന്നത്. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വളരെ വലുതാണ്,’ ഹർഭജൻ വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പുജാര കസറുമെന്ന് പ്രതീക്ഷിച്ചു. ദൗർഭാഗ്യവശാൽ മികവുകാട്ടാനായില്ല. ഇതാണ് പുജാരയെ ടീമിൽ നിന്ന് തഴയാനുള്ള കാരണമായത്. പുജാര മാത്രമല്ല ഫൈനലിൽ നിരാശപ്പെടുത്തിയതെന്നും അവർക്കൊന്നും സീറ്റ് നഷ്ടമായിട്ടില്ലെന്നും ഹർഭജൻ വ്യക്തമാക്കി. പുജാരയെപ്പോലൊരു ക്ലാസിക് താരത്തെ ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് ഒഴിവാക്കിയത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുമുണ്ട്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിലൂടെത്തന്നെ പുജാരയുടെ അഭാവം ടീമിൽ പ്രകടമാകും.
















Comments