ഭക്തിയുടെയും വിശ്വാസത്തിന്റെയും മറ്റൊരു രാമായണ മാസം കൂടി വീണ്ടും എത്തിയിരിക്കുകയാണ്. രാമായണ പാരായണത്തിനാൽ നിറയുന്ന പകലുകളിൽ നാലമ്പല ദർശനം നടത്തുന്നത് പുണ്യമാണ്. ശ്രീരാമനും സഹോദരങ്ങളായ ഭരതൻ, ലക്ഷ്മണൻ,ശത്രുഘ്നൻ എന്നിവർക്കുമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് കർക്കിടക മാസത്തിലെ മുടക്കം തെറ്റാത്ത അനുഷ്ഠാനം കൂടിയാണ്.
കേരളത്തിൽ നിരവധി നാലമ്പലങ്ങളാണ് ഉള്ളത്. എന്നാൽ രാമന്റെ ദുഖം ശമിപ്പിച്ച ഇടമെന്ന് അറിയപ്പെടുന്ന കോട്ടയം ജില്ലയിലെ രാമപുരത്തോളം പ്രാധാനമുള്ള ഇടങ്ങൾ കുറവാണ്. ശ്രീരാമ, ലക്ഷ്മണ, ഭരത, ശത്രുഘ്ന ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. ക്ഷേത്രങ്ങൾ വെറും മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്നതിനാൽ തന്നെ വളരെ പെട്ടെന്ന് തന്നെ നാലമ്പല ദർശനം നടത്താൻ സാധിക്കും.
കോട്ടയത്തെ നാലമ്പലങ്ങൾ…
രാമനാൽ അറിയപ്പെടുന്ന നാടാണ് രാമപുരം. രാമപുരത്തെ ശ്രീരാമക്ഷേത്രത്തിൽ നിന്ന് ദർശനം നടത്തി കുടപ്പലം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രത്തിലെത്തും. ഇവിടെ നിന്ന് അമനകര ഭരത സ്വാമി ക്ഷേത്രത്തിലും പിന്നീട് മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി വീണ്ടും ശ്രീരാമസ്വാമിയെ ദർശിക്കുന്നതോടെയാണ് നാലമ്പല ദർശനം പൂർത്തിയാകുക. ഈ വർഷം ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെയാണ് രാമായണമാസം.
രാമപുരം ശ്രീരാമസ്വാമിക്ഷേത്രം
കോട്ടയത്തെ നാലമ്പലദർശനം ആരംഭിക്കുന്നത് രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നുമാണ്. ഇവിടെ നാലമ്പല ക്ഷേത്രം വന്നതിന് പിന്നിൽ ഒരു കഥയുണ്ട്. സീതയുടെ വിയോഗത്തിന് ശേഷം രാമൻ അയോദ്ധ്യയിൽ നിന്ന് ഇറങ്ങി നിരവധി യാത്രകൾ നടത്തി. പിന്നീട് ഇന്നത്തെ രാമപുരത്ത് എത്തി. തുടർന്നുള്ള കാലം ഇവിടെ വസിക്കാം എന്ന് രാമൻ തീരുമാനിയ്‌ക്കുകയായിരുന്നു. ഇതേസമയം തന്നെ രാമനെ കാണാത്തതിൽ അന്വേഷിച്ച് ലക്ഷ്മണനും ഭരതനും ശത്രുഘ്നനും ഇവിടെയെത്തുകയായിരുന്നു. തുടർന്ന് രാമനൊപ്പം തന്നെ ഇവിടെ വസിക്കാൻ ആഗ്രഹിക്കുന്ന കാര്യം അവർ അറിയിച്ചു. പിന്നാലെ ഇവരോട് ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുത്ത് വാഴുവാൻ രാമൻ അരുൾ ചെയ്തു എന്നായിരുന്നു ഐതീഹ്യം.
രാമപുരത്തിന്റെ നടുവിലാണ് രാമപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഞ്ച് പൂജകളും മൂന്ന് ശിവേലികളും നിത്യവും ഇവിടെ സമർപ്പിക്കുന്നു. പുലർച്ചെ നാല് മണിയ്‌ക്ക് തുറക്കുന്ന നട ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയ്‌ക്ക് നടയടയ്‌ക്കും. വൈകിട്ട് നാല് മണിയ്‌ക്ക് നട തുറന്ന് വൈകിട്ട് ഒമ്പത് മണിയ്‌ക്ക് നടയടയ്‌ക്കുന്ന രീതിയാണ് ഇവിടുള്ളത്. രാമന് അമ്പും വില്ലും സമർപ്പിക്കുന്നത് ഇവിടുത്തെ പ്രത്യേക വഴിപാടാണ്.
കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം
രാമക്ഷേത്രത്തിലെ ദർശനം കഴിഞ്ഞാൽ അടുത്തതായി പോകേണ്ടത് കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രത്തിലേക്കാണ്. രാമപുരത്ത് നിന്ന് ഉഴവൂർ റൂട്ടിൽ നാല് കിലോമീറ്റർ ദൂരത്തിലാണ് കൂടപ്പുലം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹു വഴിപാടാണ് ഇവിടുത്തെ പ്രത്യേക വഴിപാട്. ശംഖ്, ചക്രം, ഗദ, പത്മം എന്നിവ തട്ടങ്ങളിൽ സമർപ്പിക്കുന്ന വഴിപാടാണിത്.
അമനകര ഭരതസ്വാമി ക്ഷേത്രം
നാലമ്പലങ്ങളിലെ മൂന്നാം ക്ഷേത്രം അമനകരയിലെ ഭരതസ്വാമി ക്ഷേത്രമാണ്. കുടപ്പുലത്തു നിന്ന് അഞ്ച് കിലോമീറ്റർ ദൂരമാണ് ഇവിടേയ്‌ക്കുള്ളത്. രാമപുരം – കൂത്താട്ടുകുളം റൂട്ടിലും ഇവിടേയ്‌ക്ക് എത്താവുന്നതാണ്. ശംഖ് സമർപ്പണമാണ് ഇവിടുത്തെ പ്രധാന വഴിപാട്. ആറാട്ട് നടക്കുന്ന കുളമുള്ള ഇവിടെ മീനൂട്ടും നടക്കാറുണ്ട്.
മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രം
നാലമ്പല യാത്രയിലെ നാലാമത്തെ ക്ഷേത്രം മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രമാണ്. അമനകരയിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരമാണ് ഈ ക്ഷേത്രത്തിലേക്കുള്ളത്. ശ്രീചക്രമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. മേതിരി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം വീണ്ടും രാമപുരം രാമസ്വാമി ക്ഷേത്രത്തിൽ എത്തുന്നതോടെ ക്ഷേത്രദർശനം പൂർത്തിയാകും.
ഉച്ചപൂജയ്‌ക്ക് മുൻപ് ദർശനം
നാലമ്പല ദർശനത്തിന്റെ പുണ്യമെന്നത് ഉച്ചപൂജയ്‌ക്ക് മുൻപ് ദർശനം പൂർത്തിയാക്കുന്നതാണ്. നാല് ക്ഷേത്രങ്ങളിലും ഒരേ ദിവസം ഉച്ചപൂജയ്‌ക്കു മുൻപായി ദർശനം നടത്തി പൂർത്തിയാക്കണം. രാമയണം ഒരു സമ്പൂർണ്ണ പാരായണം നടത്തുന്നതിനു തുല്യമാണ് നാലമ്പല ദർശനം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ സമയത്ത് ആയിരക്കണക്കിന് വിശ്വാസികളാണ് രാമപുരത്തെ നാലമ്പലങ്ങളിൽ എത്തുന്നത്.
















Comments