തിരുവനന്തപുരം; മണക്കാട്ടെ പ്രവാസിയുടെ വീട്ടിൽ നിന്ന് 87പവൻ കവർന്ന കേസിൽ പ്രതിയെ പിടികൂടാൻ പോലീസിന് തുമ്പായത് വിരലടയാളങ്ങൾ. മോഷ്ടാവ് പത്താംകല്ല് സ്വദേശി ഷെഫീഖ് മോഷണ ശേഷം രക്ഷപ്പെടുന്നതിന് മുമ്പ് വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മാമ്പഴവും ഒരു ഗ്ലാസ് പാലും ഓറഞ്ചും എടുത്ത് കഴിച്ചു. ആഭരണങ്ങൾ കവറിലാക്കി മടങ്ങുന്നതിനിടെയാണ് ഭക്ഷണവും കട്ടത്. അടുക്കളയിലെ ഫ്രിഡ്ജിലുണ്ടായിരുന്ന മാമ്പഴം പകുതി കഴിച്ചിട്ട് അവിടെ തന്നെ തിരികെ വച്ചു. പിന്നാലെ പാലും അകത്താക്കി, ഓറഞ്ച് കഴിച്ച ശേഷം തൊലി ഫ്രിഡ്ജിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
വിരലടയാള വിദഗ്ധരുടെ പരിശോധനയിൽ അലമാര,ഫ്രിഡ്ജ്, പാൽ ഗ്ലാസ്, ഓറഞ്ച് തൊലി എന്നിവയിൽ നിന്ന് ലഭിച്ച വിരലടയാളങ്ങൾ പോലീസിന് കാര്യങ്ങൾ എളുപ്പമാക്കി. മോഷണത്തിൽ സഹായിയായ ഷെഫീഖിന്റെ സുഹൃത്തിന്റെ ഭാര്യബീമാ കണ്ണും പോലീസിന്റെ പിടിയിലായി. ശ്രീവരാഹം മുക്കോലയ്‌ക്കൽ ക്ഷേത്രത്തിന് സമീപം ബാല സുബ്രഹ്‌മണ്യന്റെ വീട്ടിൽ വ്യാഴാഴ്ചയായിരുന്നു കവർച്ച. പേരൂർക്കടയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കഞ്ചാവ് വാഗ്ദാനം ചെയ്തു സിറ്റിയിലേക്ക് വിളിച്ചുവരുത്തിയാണ് പോലീസ് പിടികൂടിയത്.
സിനിമ കാണാൻ പഴവങ്ങാടിയിലെ തിയറ്ററിലെത്തിയ മദ്ധ്യവയസ്‌കനെ പട്ടാപ്പകൽ അക്രമിച്ചുകൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. മൂത്രപ്പുരയിൽ വീണ് പരിക്കേറ്റ് മരിച്ചെന്നു കരുതിയ സംഭവത്തിൽ മദ്ധ്യവയസ്‌കന്റെ മാല കാണാതപോയതോടെയാണ് മക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതും കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞതും. തിയറ്റിൽ ബ്ലാക്കിൽ ടിക്കറ്റ് വിറ്റിരുന്ന ഷെഫീഖ് സിനിമ കാണാനെത്തുന്നവരെ നോക്കിവച്ച ശേഷം. മൂത്രപുരയിൽ വച്ച് അക്രമിച്ച് മാലപൊട്ടിക്കുകയായിരുന്നു പതിവ് .
Comments