പാലക്കാട് : സംസ്ഥാനത്ത് മലേറിയ ബാധിച്ച് ഒരു മരണം. പാലക്കാട് കുറശ്ശകുളം സ്വദേശി റാഫി(43) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാടെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം പുലർച്ചെയാണ് റാഫിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ആഫ്രിക്കയിൽ ജോലിക്ക് പോയി മടങ്ങിയെത്തിയ റാഫിയെ പനി ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു മലേറിയയാണെന്ന് തിരിച്ചറിഞ്ഞത്.
അതേസമയം സംസ്ഥാനത്ത് എലിപ്പനിക്കും ഡെങ്കിപ്പനിക്കുമെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ഇന്നലെയും പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 11,000 കടന്നിരുന്നു. 177 പേരാണ് ഇന്നലെ മാത്രം ഡെങ്കി പനിയ്‌ക്ക് ചികിത്സ തേടിയത്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്നത് ഡെങ്കിപ്പനിയും എലിപ്പനിയും വർദ്ധിക്കുന്നതിന് കാരണമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. അതിനാൽ വീടുകൾ, സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആയി ആചരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
പകർച്ചപ്പനി പ്രതിരോധത്തിന് പ്രശ്‌നബാധിത മേഖലകളെ ഹോട്ട്‌സ്‌പോട്ടുകളായി തിരിച്ചാണ് നിലവിലെ നിരീക്ഷണം. കുട്ടികളിലെ ഇൻഫ്‌ലുവൻസ വ്യാപനത്തിലും ശ്രദ്ധ പുലർത്തണമെന്ന നിർദേശം നൽകിയിട്ടുണ്ട്. 2150 രോഗികളുള്ള മലപ്പുറം ജില്ലയിലാണ് രോഗ ബാധിതർ ഏറെയും. 370 പേർ ഡങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയപ്പോൾ 177 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൊതുകു നശീകരണത്തിലുൾപ്പെടെ സർക്കാരിനുണ്ടായ ഗുരുതര വീഴ്ചയാണ് പകർച്ചപ്പനികൾ പെരുകാൻ കാരണമായതെന്നാണ് ആക്ഷേപം.
















Comments