റൂസോ; വിൻഡീസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ സ്പിന്നർമാർ അരങ്ങു വാണതോടെ കരീബിയൻ കരുത്ത് നിലം തൊടാനാകാതെ ചോർന്നു പോയി. വിൻഡീസിന്റെ ആദ്യ ഇന്നിംഗ്‌സ് 150 റൺസിൽ അവസാനിച്ചു. ആദ്യം ദിനം സ്റ്റമ്പെടുക്കുമ്പോൾ ആധിപത്യം
പുലർത്തുന്ന ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത് കൂറ്റൻ സ്‌കോറാണ്.
വിക്കറ്റ് നഷ്ടമില്ലാതെ 80 റൺസ് ആദ്യ ദിവസം സ്‌കോർബോർഡിൽ ചേർത്ത നീലപ്പട കരുതലോടെയാണ് ബാറ്റിംഗ് ആരംഭിച്ചത്. അരങ്ങേറ്റക്കാരന്റെ പതർച്ചകളില്ലാതെ കരിബീയൻ ബൗളർമാരെ നേരിട്ട യശ്വസി ജയ്‌സ്വാൾ 43 റൺസുമായി ടോപ് സ്‌കോററായി. 30 റൺസുമായി ക്യാപ്റ്റൻ രോഹിതാണ് ക്രീസിലുള്ള മറ്റൊരു ബാറ്റർ.
കരിയറിലെ 33ാം തവണത്തെ അഞ്ച് വിക്കറ്റു പ്രകടനവുമായി വൈറ്ററൻ സ്പിന്നർ അരങ്ങുവാണപ്പോൾ ബാറ്റർമാർക്ക് മറുപടിയുണ്ടായിരുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ തന്നെ ബെഞ്ചിലിരുത്തിയത് വമ്പൻ തിരിച്ചടിയായെന്ന് അടിവരയിടുന്ന പ്രകടനമായിരുന്നു ഈ തമിഴ്‌നാട്ടുകാരന്റേത്. കരിയറിലെ 700ാം അന്താരാഷ്‌ട്ര വിക്കറ്റ് നേട്ടവും താരം ഇന്നലെ ആഘോഷിച്ചു. സഹ സ്പിന്നറായ ജഡേജയും വിക്കറ്റ് നേടിയതോടെ വിൻഡീസ് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. പേസർമാരായ സിറാജിനും ശർദൂൽ താക്കൂറിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
വിൻഡീസ് നിരയിൽ ക്യാപ്റ്റൻ ക്രെയ്ൻ ബ്രാത്വെയ്റ്റ് (20), ടാഗ്നരെയ്ൻ ചന്ദർപോൾ (12), റേയ്മോൻ റീഫർ (2), ജെർമെയ്ൻ ബ്ലാക്ക്വുഡ് (14) എന്നിവർ നിരാശപ്പെടുത്തി. പിന്നീടെത്തിയ അരങ്ങേറ്റക്കാരൻ അലിക്ക് അതനസെ (47)യാണ് വിൻഡീസിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ജോഷ്വാ ഡി സിൽവ (4), ജേസൺ ഹോൾഡർ (18), അൽസാരി ജോസഫ് (4), കെമർ റോച്ച് (1), ജോമൽ വിറക്കൻ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ.
Comments