തൃശ്ശൂർ: തൃശ്ശൂർ ചിയ്യാരത്ത് മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. നെടുപുഴ സ്വദേശി പുല്ലാനി വീട്ടിൽ ആരോമൽ(22), കുന്നംകുളം ചൂണ്ടൽ പുതുശ്ശേരി സ്വദേശി പണ്ടാര പറമ്പിൽ ഷനജ് (28) എന്നിവരാണ് പിടിയിലായത്.
പാർട്ടി ഡ്രഗ് ആയ മെത്താഫിറ്റമിനുമായിട്ടാണ് ഇവർ നെടുപുഴ പോലീസിന്റെ വലയിലാകുന്നത്. 41 ഗ്രാം മെത്താഫിറ്റാമിനും കഞ്ചാവും 3600 രൂപയും ഇവരിൽ നിന്നും കണ്ടെടുത്തു. കഴിഞ്ഞദിവസം അർദ്ധരാത്രി ചിയ്യാരം ആൽത്തറക്ക് അടുത്ത് വെച്ചാണ് പ്രതികൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ സഹിതം പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്ന് പോലീസ് കഴിഞ്ഞ ഒരു മാസമായി പ്രതികളെ നിരീക്ഷിച്ചുവരികയായിരുന്നു. അതിനിടെയാണ് ബെംഗളൂരുവിൽ നിന്നും ഇവർ വലിയ അളവിൽ മയക്കുമരുന്ന് വിൽപനയ്‌ക്കായി ശേഖരിച്ച് എത്തിച്ചിട്ടുണ്ട് എന്ന വിവരം ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി പോലീസ് നിരന്തരമായി ഇവരെ പിന്തുടരുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു.
















Comments