അമ്മമാരോട് വഴക്കുണ്ടാക്കി അവസാനം നടുവുംകുത്തി വീണുവരുന്ന തലത്തെറിച്ച വിരുതന്മാർ നമ്മുടെ വീട്ടിലും ഉണ്ടാകും. മനുഷ്യരുടേതെന്നോ, മൃഗങ്ങളുടേതെന്നോ വ്യത്യാസമില്ലാതെ കുഞ്ഞുങ്ങളുടെ കുസൃതികൾ കാണാൻ പ്രത്യേക രസമാണ്. അത്തരത്തിൽ തലത്തെറിച്ച വിരുതൻ കുട്ടിയാനയുടെ ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നത്.
പച്ച പരവതാനി വിരിച്ച പുൽമേട്ടിൽ മേയുന്ന അമ്മ ആനയുടെ കണ്ണുവെട്ടിച്ച് ഒരു മാനിന്റെ പുറകെ ഓടുന്ന കുഞ്ഞനാണ് ചിത്രത്തിലെ താരം. ഓടിയോടി അവൻ അൽപം മുകളിലായി ചിക്കിപ്പെറുക്കി നടക്കുന്ന പക്ഷികളെ കാണുന്നു. കൗതുകം കൊണ്ടോ അതോ മാനിന്റെ കൂടെ ഓടിയെത്താത്തതു കൊണ്ടോ എന്നറിയില്ല നമ്മുടെ കുഞ്ഞൻ മാനിനെ വിട്ട് പക്ഷികളുടെ പിന്നാലെയായി. പക്ഷികളിൽ ചിലത് പറന്നുയർന്നു, ചിലത് വട്ടത്തിൽ ഓടി. വട്ടത്തിൽ ഓടിയവയുടെ കൂട്ടത്തിൽ അവനും ഓടിയപ്പോൾ ദേ കിടക്കുന്നു താഴെ… അതുവരെ മകന്റെ വികൃതികൾ ആസ്വദിച്ചിരുന്ന അമ്മയാന അവന്റെ അടുത്തേയ്‌ക്ക് പോവാൻ തുടങ്ങിയെങ്കിലും പരാതി പറയാനോ, നാണക്കേട് ഭയന്നോ അവൻ വേഗം അമ്മയുടെ അടുത്തേയ്‌ക്ക് ഓടുന്നു.
Buitengebieden എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചത്. പെറ്റ് കലക്ടീവ് എന്ന ട്വിറ്റർ അക്കൗണ്ട്, ‘പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ കാര്യം ഞങ്ങൾ കണ്ടെത്തി! ‘എന്ന് കുറിച്ചു കൊണ്ട് ജൂലൈ 6 ന് പങ്കുവച്ച വീഡിയോയായിരുന്നു അത്. അന്ന് 14,000 പേർ വീഡിയോ കണ്ടിരുന്നു. അതേ വീഡിയോ Buitengebieden ‘ആനക്കുട്ടി പക്ഷികളെ പിന്തുടരുന്നു ‘ എന്ന് കുറിച്ച് കൊണ്ട് വീണ്ടും പങ്കുവച്ചപ്പോൾ കാഴ്ചക്കാരുടെ ഒരു വലിയ നിരതന്നെയുണ്ടായിരുന്നു. വീഡിയോ ഇതുവരെ കണ്ടത് ഒരു കോടി എഴുപത്തിയെട്ട് ലക്ഷത്തിലേറെ പേരാണ്.
















Comments