യുപിഐ പിൻ നമ്പറിന്റെ ആവശ്യമില്ലാതെ വേഗത്തിൽ ഇടപാടുകൾ നടത്തുന്നതിനായി ഉപയോക്താക്കൾക്ക് സഹായകമാകുന്ന യുപിഐ ലൈറ്റ് പുറത്തിറക്കി ഗൂഗിൾ പേ. യുപിഐ ലൈറ്റ് അക്കൗണ്ട് മുഖേന പ്രതിദിനം രണ്ട് തവണയായി 2,000 രൂപയുടെ ഇടപാടുകൾ വരെ ഇതിലൂടെ നടത്താൻ സാധിക്കും. ഒരു സമയം ഉപയോക്താവിന് 200 രൂപ വരെയുള്ള ഇടപാടുകൾ നടത്താൻ സാധിക്കും.
ഗൂഗിൾ പേ ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ പേജിൽ നിന്നും യുപിഐ ലൈറ്റ് ടാപ്പ് ചെയ്ത് ഫീച്ചർ ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും. ഇടപാട് പൂർത്തീകരിക്കുന്നതിനായി ഉപയോക്താക്കൾക്ക് പിൻ-ഫ്രീ എന്നതിൽ ടാപ്പ് ചെയ്താൽ മാത്രം മതിയാകും. 200 രൂപ വരെയുള്ള ഇടപാടുകൾ നടത്തുന്നതിനായി ആപ്പിൽ പ്രത്യേകമായ ഒരു വാലറ്റ് ഉണ്ടായിരിക്കും. യുപിഐ ലൈറ്റ് എനേബിൾ ചെയ്യുന്നതോടെ 200 രൂപയ്‌ക്ക് താഴെയുള്ള എല്ലാ പെയ്‌മെന്റുകളും ഇതിൽ നിന്നായിരിക്കും നടക്കുക. ഈ ഇടപാടുകൾ നടത്തുന്നതിനായി യുപിഐ പിൻ നമ്പർ നൽകേണ്ടതില്ല. ചെറിയ ഇടപാടുകൾ ആയതിനാൽ തന്നെ ഇവ ബാങ്ക് സ്റ്റേറ്റ്‌മെന്റിലോ പാസ്ബുക്കിലോ രേഖപ്പെടുത്തില്ല.
വാലറ്റിലേക്ക് ചേർക്കുന്ന പണം മാത്രമായിരിക്കും സ്റ്റേറ്റ്‌മെന്റിൽ ഉൾപ്പെടുത്തുക. രാജ്യത്ത് ഡിജിറ്റൽ പെയ്‌മെന്റുകൾ കൂടുതൽ സ്വീകരിക്കുന്നതിനായി ഇത്തരം മാർഗ്ഗങ്ങൾ വളരെയധികം സഹായകമാകുമെന്ന് ഗൂഗിൾ വിപി പ്രൊഡക്ട് മാനേജ്‌മെന്റ് അംബരീഷ് കെൻഗെ പറഞ്ഞു.
Comments