ശിവകോടിയിൽ നിന്നുള്ള മടക്കയാത്രയിൽ നവദേവി ദർശനവും കഴിഞ്ഞ് കത്രയിലേക്കുള്ള യാത്രയിലാണ്. 08/07/2023-ൽ വണ്ടി വിളിക്കുമ്പോൾ ഞങ്ങളെ പഹൽഗാം വരെ വിടണമെന്നും അതിനുള്ള ചാർജ്ജും പരസ്പരം സമ്മതിച്ചിരുന്നു. രാത്രി കത്രയിലെത്തിയതോടെ സാരഥി ഇന്നിനി യാത്ര വയ്യെന്നും കത്രയിൽ തന്നെ വിടാമെന്നുമായി. വൈഷ്ണോദേവിയിലെ ഡോർമിറ്ററിയിലെ താമസത്തിനിടയിൽ ശ്രീജേഷുiമായി പരിചയപ്പെട്ട വൈഷ്ണോദേവി ഷ്രൈൻ ബോർഡിലെ ഒരു ജീവനക്കാരനാണ് വണ്ടി ഏർപ്പെടുത്തിയത്. അയാളുമായി സംസാരിച്ച് ഞങ്ങളെ ജമ്മുവിലെങ്കിലും വിടണമെന്ന് പറഞ്ഞു. കത്രയിൽ ഞങ്ങളെ കാത്തു നിന്ന ആ ഉദ്യോഗസ്ഥൻ ഡ്രെെവറുമായി സംസാരിച്ചു. കാലാവസ്ഥ മാറ്റം കാരണം പഹൽഗാം റോഡ് അടച്ചിരിക്കുകയാണെന്ന് ഡ്രൈവർ അറിയിച്ചു. അങ്ങനെ ജമ്മുവിൽ വിടാമെന്ന് സമ്മതിച്ചു. ജമ്മുവിൽ വലിയ ജനക്കൂട്ടമുള്ളതിനാൽ താമസ സൗകര്യം കിട്ടാൻ സാദ്ധ്യതയില്ലെന്ന ഒരു മുടന്തൻ ന്യായം ഡ്രൈവർ ഉന്നയിച്ചിരുന്നു.
ഉടൻ തന്നെ വൈശാഖ് ഓൺലൈനിൽ ബന്ധപ്പെട്ട് മുറി ബുക്കു ചെയ്തു. ഞങ്ങളുടെ ഗ്രൂപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് വൈശാഖ്. സാധാരണ കേരളത്തിലെ ചെറുപ്പക്കാർക്ക് തോന്നാത്ത വിധം ഹിമാലയ ദർശനം ആഗ്രഹിച്ചു വന്നതാണ്. എന്റെ ഒരു മുൻ സഹപ്രവർത്തകയുടെ ബന്ധു എന്ന നിലയിലും എന്റെ യോഗക്ലാസിൽ വന്ന് പഠിച്ചിട്ടുള്ള ആൾ എന്ന നിലയിലും എന്നോട് നല്ല അടുപ്പം സൂക്ഷിക്കുന്ന സുന്ദരനായ ചെറുപ്പക്കാരൻ. (മോഹൻലാലിന്റെ മകൻ പ്രണവിനെപ്പോലെയാണ് വൈശാഖ് എന്ന് ഞങ്ങൾ പറയാറുണ്ട്.) ഞങ്ങളുടെ ഓൺലൈൻ പ്രശ്നങ്ങൾ പരിഹരിക്കുന്ന ട്രബിൾഷൂട്ടർ എന്ന നിലയിൽ ഞങ്ങൾക്ക് ഏറ്റവും പ്രയോജനപ്പെട്ട ആളാണ്.
ജമ്മുവിലെത്തി ജമ്മു പാലസ് എന്ന ഹോട്ടലിൽ താമസിച്ചു. രാത്രി 11 മണിയായിരിക്കുന്നു. ഞാൻ വളരെ വൈകി ഭക്ഷണം കഴിക്കുന്ന ശീലമില്ലാത്തതിനാൽ രാത്രി ഭക്ഷണം കഴിക്കുന്നില്ലെന്ന് തീരുമാനിച്ചു. മറ്റെല്ലാവരും ഭക്ഷണം കഴിച്ചു. തുടർച്ചയായ യാത്ര കാരണം എല്ലാവരും കിടന്നയുടൻ ഉറങ്ങിപ്പോയി.
പതിവുപോലെ അതിരാവിലെയുണർന്ന് കുളിയും സാധനകളും പൂർത്തിയാക്കുമ്പോഴേക്കും മറ്റുള്ളവരും ഉണർന്നു റഡിയായി. അമർനാഥ് യാത്രയ്‌ക്കുള്ള RFID കാർഡ് എടുക്കാൻ പുറപ്പെട്ടു. ഭഗവതി നഗറിൽ എത്തിയാൽ ഇത് ലഭിക്കുമെന്ന് ഹോട്ടലുകാർ പറഞ്ഞു.
09/07/2023-ൽ അവിടെച്ചെല്ലുമ്പോൾ രണ്ടു ദിവസമായി യാത്ര മുടങ്ങിക്കിടക്കുന്നതിനാൽ 10-)o തീയതിയിലെ യാത്രികർ 10-)o തീയതി രാവിലെ 8 മണി കഴിഞ്ഞ് വന്നാൽ മതിയെന്നു പറഞ്ഞു. ഹതാശയരായി ഞങ്ങൾ മടങ്ങി. മറ്റൊന്നും ചെയ്യാനില്ല. താമസിക്കുന്ന ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണം (റൊട്ടിയും രുചികരമായ വെജിറ്റബിൾ കറിയും) കഴിച്ചു. മുറിയിൽ വന്നു കിടന്നുറങ്ങി. ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും സഹയാത്രികർ ക്ഷണിച്ചെങ്കിലും ഞാൻ പോയില്ല.
പിറ്റേന്ന് രാവിലെ ചെന്നപ്പോഴും യാത്രാ വഴി തുറന്നിട്ടില്ലാത്തതിനാൽ കാർഡ് തരാനാവില്ല എന്നറിയിച്ചു. ഉച്ചകഴിഞ്ഞപ്പോൾ തൊട്ടടുത്ത മുറിയിൽ ഏതാനും മദ്ധ്യപ്രദേശ് സ്വദേശികളെത്തി. ചെറിയ ആൺകുട്ടികളും പെൺകുട്ടികളുമുൾപ്പടെയുള്ള കുടുംബമാണ്. എല്ലാവരുടെയും കഴുത്തിൽ യാത്രയ്‌ക്കുള്ള കാർഡ് കണ്ടു. അതോടെ ഞങ്ങൾ കാർഡ് കിട്ടാനായി വണ്ടി പിടിച്ച് വീണ്ടും പോയി. അപ്പോഴും ഉദ്യോഗസ്ഥന്മാർ ഞങ്ങളെ നിരാശപ്പെടുത്തി തിരിച്ചയച്ചു. (ആയിരക്കണക്കിനാളുകൾ അഭയാർത്ഥികളെപ്പോലെ ടെൻ്റുകളിൽ കിടക്കുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകൾ ഇനി പോകരുതെന്നതു കൊണ്ടാവാം ഇത്തരം പെരുമാറ്റം എന്ന് ഞങ്ങളൂഹിച്ചു.)
തൊട്ടടുത്ത് കാർഡ് വിതരണം നടത്തുന്ന കേന്ദ്രങ്ങളെപ്പറ്റി നെറ്റിൽ സർച്ച് ചെയ്തപ്പോൾ ജമ്മു റയിൽവേ സ്റ്റേഷനിൽ കാർഡ് കൊടുക്കുന്നതായിക്കണ്ടു. രണ്ട് ഓട്ടോറിക്ഷകളിലായി റയിൽവേ സ്റ്റേഷനിലേക്ക് കുതിച്ചു. യാത്രയാക്കിടയിൽ ഓട്ടോക്കാരോട് ആവശ്യം പറഞ്ഞപ്പോൾ പെട്ടെന്ന് വണ്ടി നിർത്തി രാത്രിയിൽ കാർഡ് വിതരണമില്ലെന്നു പറഞ്ഞു. എങ്കിലും സംശയം തീർക്കാൻ ഒരു ശ്രമം നടത്താമെന്ന് തീരുമാനിച്ചു. അപ്പോഴാണ് ജമ്മുവിലെ ഓട്ടോക്കാരുടെ നന്മ തിരിച്ചറിയുന്നത്. ഓട്ടോ വെളിയിൽ പാർക്കു ചെയ്തിട്ട് അവരും ഞങ്ങളോടൊപ്പം വന്ന് അന്വേഷിച്ചു. കിട്ടാത്തതിനാൽ അതേ ഓട്ടോയിൽ താമസസ്ഥലത്തെത്തി. ഓട്ടോക്കാർക്ക് നന്ദി പറഞ്ഞു യാത്രയാക്കി. ഈ നാട്ടുകാർക്ക് നല്ല ആതിഥ്യമര്യാദയാണ്. കബളിപ്പിക്കുന്ന സ്വഭാവവും എങ്ങും കണ്ടില്ല. യാത്രയ്‌ക്കിടയിൽ സംസാരിക്കുന്ന ഓട്ടോക്കാരും സാധാരണക്കാരും യാത്രികരോട് വളരെ ബഹുമാനത്തോടെ പെരുമാറുകയും യാത്ര പൂർത്തികരിക്കാൻ ആശീർവദിക്കുകയും ചെയ്യാറുണ്ട്. 370-)o വകുപ്പ് നീക്കം ചെയ്തതിനെപ്പറ്റി ഒക്കെ ചോദിച്ചപ്പോഴും നല്ല പ്രതികരണമാണ് ലഭിച്ചത്. മുസ്ലിം ജനസംഖ്യ ഏറെയുള്ള ഇവിടെ അധികം മുസ്ലിംപള്ളികൾ കാണുകയുണ്ടായില്ല എന്നത് ഞങ്ങളെ ആശ്ചര്യപ്പെടുത്തി. എന്നാൽ ധാരാളം ക്ഷേത്രങ്ങൾ ഇവിടെയുണ്ടെന്ന് ഓട്ടോക്കാർ പറഞ്ഞു. ഓട്ടോക്കാർ നാടിന്റെ വിശേഷമറിയാനുള്ള നല്ല ഒരു സോഴ്സാണെന്ന് യാത്രയ്‌ക്കിടയിൽ അനുഭവപ്പെട്ടിട്ടുണ്ട്.
ഞാൻ രജിസ്ട്രേഷൻ നടത്തിക്കൊടുത്ത നാലു പേർ ബാൽതാൽ വഴി അമർനാഥിലേക്ക് കയറിയതായി വിവരം ലഭിച്ചിരുന്നു. അവർ നാട്ടിൽ നിന്ന് നേരിട്ട് ശ്രീനഗർ എയർപോർട്ടിൽ ഇറങ്ങിയവരാണ്. അവർക്കെങ്കിലും യാത്ര പൂർത്തിയാക്കാൻ അവസരമുണ്ടാകണമേയെന്ന് പ്രാർത്ഥിച്ചു.
ഇതിനിടയിൽ ബാൽതാലിൽ നിന്ന് ഹെലികോപ്ടറിൽ അമർനാഥിലേക്ക് പോകാൻ പോയ ഒരാളും ഹെലികോപ്ടർ കാത്ത് നിൽക്കുകയാണെന്ന് മെസേജ് അയച്ചിരുന്നു. മോശമായ കാലാവസ്ഥ കാരണം ജമ്മു പഹൽഗാം റോഡ് അടച്ച കാരണം ഞങ്ങൾ ജമ്മുവിൽ കുടുങ്ങിയിരിക്കുകയാണെന്ന് അവരെ അറിയിച്ചു.
ജൂലൈ 11-)o തീയതി രാവിലെ ശ്രീജേഷും ബാലൻ ചേട്ടനും വൈശാഖും കൂടി കാർഡ് ലഭിക്കുമോ എന്നറിയാൻ എന്റെയും പ്രീതിയുടെയും സന്തോഷിന്റെയും യാത്രാരേഖകളും ആധാർ കാർഡുമായി പോയി. തലേ ദിവസം രാവിലെ ചെന്ന കൗണ്ടറിൽ നിന്നും നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചത്. മാത്രമല്ല ഉള്ളിലേക്ക് കടക്കാൻ അനുവദിച്ചുമില്ല. നമ്മുടെ മലയാളി സ്വഭാവം വച്ച് പിൻവാതിലിൽ കൂടി അവർ അകത്തു കടന്നു. നല്ല പട്ടാള ആഫീസർ ലുക്കുള്ള ശ്രീജേഷിന്റെ പിൻബലത്തിലാണ് മുന്നേറ്റം.
അന്വേഷണം എത്തിച്ചേർന്നത് യാത്രിനിവാസിലെ കാർഡ് ഇഷ്യു കൗണ്ടറിലാണ്. അവിടെ ഐഡി കാർഡ് കൊടുക്കുന്നുണ്ട്. പക്ഷേ ബയോമെട്രിക് എടുക്കണം. കാർഡ് എടുക്കേണ്ട ആൾ ലഭിച്ച യാത്രാ പെർമിറ്റുമായി നേരിട്ടെത്തണം. ഉടൻ എന്നെ ഫോണിൽ വിളിച്ചു. ഞാനും സന്തോഷും പ്രീതിയും ഉടൻ തയ്യാറായി റോഡിലെത്തി. റോഡ് ബ്ലോക്കായതിനാൽ ഓട്ടോക്കാരെ വിളിച്ചിട്ട് ആരും വരില്ല. അവസാനം വഴിയേ പോയ ഒരു വണ്ടിക്ക് പ്രീതി കൈകാണിച്ചു. സുന്ദരിയായ ഒരു കാഷ്മീരി വീട്ടമ്മ ഒരു പാൽ പാത്രവുമായി യാത്ര ചെയ്യുന്ന, പ്രായമായ ഒരു മനുഷ്യൻ ഓടിക്കുന്ന, വണ്ടിയാണ്. കാര്യം പറഞ്ഞപ്പോൾ പ്രീതിയോട് കയറിക്കൊള്ളാൻ പറഞ്ഞു. അപ്പോഴാണ് ഞങ്ങൾ മൂന്നു പേർ ഉണ്ടെന്നറിയുന്നത്. മുൻ സീറ്റിൽ കയറാൻ അനുവാദമില്ല. നാലുവശവും അടച്ച ഓട്ടോറിക്ഷകളാണ് ഇവിടെയുള്ളത്. ഡ്രൈവറുടെ സൈഡിലും യാത്രികർക്കയറുന്ന സൈഡിലും കുറ്റിയിടുന്ന വാതിലുകൾ ഉണ്ട്. 3 പേർക്ക് ഒതുങ്ങിയിരിക്കാൻ പറ്റില്ല. നല്ലവണ്ണമുള്ള ആ കാശ്മീരി സ്ത്രീയും അതേ പോലെയുള്ള പ്രീതിയും ഇരുന്നതോടെ സീറ്റ് നിറഞ്ഞു. ഞാൻ കയറിയപ്പോഴേക്കും ആ സ്ത്രീ ഇരിക്കുന്നതിനും നിൽക്കുന്നതിനും ഇടയിലേക്കുള്ള സ്ഥിതിയിലായി. സന്തോഷ് കൂടി കയറി വളഞ്ഞു നിന്നു. കാൽ കുത്താനാവാതെ സന്തോഷ് ഞെളിപിരി കൊള്ളുകയാണ്. വണ്ടി നീങ്ങുതോറും ഒരു രക്ഷയുമില്ലാത്ത അവസ്ഥ. ആ സ്ത്രീ പിന്നെയും പിന്നെയും ഒതുങ്ങിയിരിക്കാൻ ശ്രമിക്കുന്നുണ്ട്. ബ്ലോക്കുള്ള റോഡ് ഒഴിവാക്കി ഏറെ ദൂരം സഞ്ചരിച്ച ഒരു വിധത്തിൽ ഞങ്ങളെ യാത്രിനിവാസിനു സമീപം ഇറക്കി. 150 രൂപ സമ്മതിച്ചാണ് യാത്ര തുടങ്ങിയതെങ്കിലും കൂടുതൽ ദൂരം ഓടിയതിനാൽ 50 രൂപ കൂടുതൽ തരണമെന്ന ഓട്ടോക്കാരന്റെ ആവശ്യം അംഗീകരിച്ചു. ഞങ്ങളെ സഹായിച്ച ആ വീട്ടമ്മയ്‌ക്കും ഓട്ടോക്കാരനും നന്ദി അറിയിച്ച് ഞങ്ങൾ സഹയാത്രികരെ തേടി പോയി. യാത്രിനിവാസിന്റെ ഗേറ്റിൽ അറച്ചു നിന്ന ഞങ്ങളെ ഒരു പട്ടാളക്കാരൻ അടുത്തേക്ക് വിളിച്ച് കാര്യം തിരക്കി. അകത്തേക്ക് പ്രവേശിക്കാൻ അനുവാദം തന്നു. ശരീരപരിശോധന നടത്തി കടത്തിവിട്ടു. ഒരു വലിയ ക്യൂവാണ് ആദ്യം ദൃഷ്ടിയിൽപ്പെട്ടത്. ഞങ്ങൾ അന്തിച്ചു നിൽക്കെ ശ്രീജേഷെത്തി ഞങ്ങളെ ഐ ഡി കാർഡ് വിതരണം ചെയ്യുന്ന കൗണ്ടറിലേക്ക് നയിച്ചു. ബാലൻ ചേട്ടനും വൈശാഖും അവരവരുടെ കാർഡുമായി അതിനടുത്ത് കാത്തു നില്പുണ്ടായിരുന്നു. ഞങ്ങളും കാർഡ് വാങ്ങി താമസസ്ഥലത്തേക്ക് മടങ്ങി. എല്ലാവരും ഭക്ഷണം കഴിക്കാൻ പോയപ്പോൾ ഞാൻ പ്രഭാത ഭക്ഷണമായി ഏതാനും മാമ്പഴം കഴിച്ചു. (തലേ ദിവസം രാവിലെ കഴിച്ച ശേഷം ആദ്യമായി കഴിച്ച ഭക്ഷണം ഇതു മാത്രമാണ്.)
കാർഡു കിട്ടിയ ശേഷം വീണ്ടും പഹൽഗാമിലേക്കോ ശ്രീനഗറിലേക്കോ പോകാൻ ശ്രമമാരംഭിച്ചു. റോഡ് ബ്ലോക്കാണെന്ന സ്ഥിരം മറുപടിയാണ് എല്ലാ ടാക്സിക്കാരും തരുന്നത്. ഒരു ഏജൻസിയും വണ്ടി വിട്ടു തരുന്നില്ല. ഒരു ദിവസം കൂടി നിൽക്കാനാണ് എല്ലാവരും പറയുന്നത്. തിരിച്ചു പോകേണ്ട ടിക്കറ്റുകൾ ക്യാൻസലാകുമെന്ന പ്രശ്നവുമുണ്ട്. (15-നാണ് മടക്കയാത്രയുടെ ടിക്കറ്റുകൾ. പിന്നെ മറ്റൊരു മാർഗ്ഗമുള്ളത് ശ്രീനഗറിലേക്ക് ഫ്ലൈറ്റ് പിടിക്കുക എന്നുള്ളതാണ്. അതിന് എല്ലാവരും തയ്യാറല്ല. പല പ്രാവശ്യം മീറ്റിംഗ് കൂടി തിരിച്ചും മറിച്ചും ആലോചനകൾ നടന്നു. എന്തായാലും പഹൽഗാം റൂട്ട് തുറക്കും വരെ ഹോട്ടലിൽ തുടരാൻ തീരുമാനിച്ചു. ദൈനംദിന ചെലവുകൾ കൂടുകയാണെന്ന കാര്യം ബാലൻ ചേട്ടനോർമ്മിപ്പിച്ചു. (അദ്ദേഹമാണ് ഞങ്ങളുടെ ഫിനാൻസ് മിനിസ്റ്റർ. ഞങ്ങൾ 5000 രൂപ അദ്ദേഹത്തെ ഏല്പിക്കും. ചെലവ് പൊതുവായി നടത്തും. പിന്നീട് കണക്ക് കൂട്ടി ആറായി വിഭജിക്കും.)
വൈകിട്ട്, ഒരു ഓട്ടോയിൽക്കയറി, ഞങ്ങൾ സൗത്ത് ഇന്ത്യൻ ഭക്ഷണമന്വേഷിച്ചിറങ്ങി. നെറ്റിൽ നിന്ന് സർച്ച് ചെയ്തപ്പോൾ കിട്ടിയ കടയിലെത്തി. ദോശയും ഇഡ്ഢലിയും വടയും സാമ്പാറും വിൽക്കുന്ന ഒരു കടയിലെത്തി. കമ്പത്തുള്ള ചെറുപ്പക്കാരായ രണ്ടു സഹോദരന്മാർ നടത്തുന്ന ചെറിയൊരു കടയാണ്. പഞ്ചാബിൽ നിന്നും അപ്പാവുക്കും അമ്മാവുക്കും ഒപ്പം എത്തി കട തുടങ്ങിയിട്ട് 3 മാസമേ ആയിട്ടുള്ളു. 15000 രൂപ വാടകയാണ്. ഭക്ഷണം കഴിക്കുന്നതിനിടയിൽ അവരുടെ കഥയൊക്കെ ചോദിച്ചറിഞ്ഞു. പഞ്ചാബിൽ ജീവിച്ചിട്ടും തമിഴ് കൈവിടാത്ത ആ ചെറുപ്പക്കാരോട് ബഹുമാനം തോന്നി. അത്യാവശ്യം മലയാളം പറയാനും കേട്ടാൽ മനസ്സിലാക്കാനും കഴിയുന്ന അദ്ധ്വാനികളായ അവരെ അഭിനന്ദിച്ച് പണവും കൊടുത്ത് വെളിയിലിറങ്ങി. ദോശയ്‌ക്ക് നല്ല സ്വർണ്ണവർണ്ണം വന്നില്ലെന്നും തമിഴ്നാട് രുചി കിട്ടിയില്ലെന്നുമൊക്കെ മലയാളിയുടേതായ കുറ്റപ്പെടുത്തൽ ചിലർ നടത്തി. കാപ്പിയും ചായയും ആ കടയിലില്ലാത്തതിനാൽ തൊട്ടടുത്ത കടയിൽ നിന്നും ഒരു കരിമ്പിൻ ജ്യൂസ് കുടിച്ചു. സ്വന്തം സ്ഥലത്ത് കട നടത്തുന്ന ആ ജമ്മുക്കാരന്റെ വീട് തൊട്ടു പിന്നിലാണ്. കരിമ്പിന് നമ്മുടെ നാട്ടിലെ യത്രയും മധുരമില്ല. ചെറിയൊരു പുളിയുണ്ടെന്ന് തോന്നി. ജമ്മുവിൽ നിന്നു തന്നെയുള്ള കരിമ്പാണെന്ന് കടയുടമ പറയുകയുണ്ടായി. (ജമ്മുവിൽ മിക്കയിടത്തും ഗൂഗിൾ പേ ഉപയോഗിക്കുന്നതായി കണ്ടില്ല. എന്നാൽ കരിമ്പിൻ ജ്യൂസ് കടയിൽ GPay ഉണ്ടായിരുന്നു.) കടയിൽ ഐസ് ക്രീം വാങ്ങാൻ പിതാവിനൊപ്പം എത്തിയ നാണം കുണുങ്ങിയായ ഒരു കൊച്ചു കുട്ടിയോട് അല്പം കിന്നാരം പറഞ്ഞ് കവിളിൽ തലോടി ഞങ്ങൾ പുറത്തേക്കിറങ്ങി.
അപ്പോഴാണ് നാട്ടിൽ നിന്ന് എന്റെ സ്വന്തം രഘു അളിയന്റെ വിളി വരുന്നത്. ഞങ്ങൾ ജമ്മുവിൽ എവിടെയാണെന്ന് ചോദിച്ചപ്പോൾ തൊട്ടടുത്ത് രഘുനാഥ് മന്ദിർ ഉണ്ടെന്ന് പറഞ്ഞു. എന്നാൽ പിന്നെ അവിടേക്ക് പോകാം എന്നു തീരുമാനിച്ച് ഓട്ടോ വിളിച്ചു.
മേൽപ്പറഞ്ഞ ക്ഷേത്രത്തിൽ ബാഗ് കൊണ്ടു കയറാനാകില്ല. ഞാനും പ്രീതിയും 20 രൂപ കൊടുത്ത് ബാഗുകൾ ലോക്കറിൽ വച്ചു. മൊബൈൽ പഴ്സ് ഒക്കെ അനുവദനീയമാണ്. ഉയർത്തി അടുക്കിയ മണൽച്ചാക്കുകൾക്കു പിന്നിൽ കൂർമ്മ ദൃഷ്ടിയുമായി തോക്കുധാരിയായ ഒരു പട്ടാളക്കാരൻ എല്ലാവരേയും നിരീക്ഷിക്കുന്നുണ്ട്. ഗേറ്റിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക പരിശോധനയുണ്ട്. വലിയൊരു ക്ഷേത്ര കോമ്പൗണ്ടിലേക്കാണ് ഞങ്ങൾ എത്തിച്ചേർന്നത്. ക്ഷേത്ര കവാടം കടന്നെത്തുമ്പോൾ തന്നെ ശ്രീരാമസ്വാമിയുടെയും ലക്ഷ്മണ സ്വാമിയുടെയും സീതയുടെയും വിഗ്രഹങ്ങൾ ഒന്നിച്ചു കാണുകയുണ്ടായി. ഭംഗിയായി അലങ്കരിക്കപ്പെട്ട കറുപ്പും വെളുപ്പും മാർബിളിൽ നിർമ്മിച്ച വിഗ്രഹങ്ങൾക്ക് കേരളത്തിലെ വിഗ്രഹങ്ങളുടെ ആകാര ഭംഗിയൊന്നുമില്ല. മൂർത്തികളെ തൊഴുത് തീർത്ഥവും പ്രസാദവും വാങ്ങി ഞങ്ങൾ വിശാലമായ ക്ഷേത്രത്തിനുള്ളിൽ പ്രദക്ഷിണത്തിന് പുറപ്പെട്ടു. വലിയ മുറികളിൽ തറയിൽ സ്ഥാപിച്ചിരിക്കുന്ന വലിയ പീoങ്ങളിൽ ചെറിയ കുമിളകൾ പോലെ നിരവധി എണ്ണം കാണാം. കൃഷ്ണപരിവാർ എന്നാണ് വാതിലിൽ എഴുതി വച്ചിട്ടുണ്ട്. ശ്രീകൃഷ്ണനും പതിനാറായിരത്തെട്ടു ഭാര്യമാരും മക്കളുമൊക്കെയായിരിക്കാമെന്ന് ഞാൻ ഊഹിച്ചു. ഭിത്തിയിൽ ആകർഷമല്ലാത്ത നിരവധി പ്രതിമകൾ കാണുകയുണ്ടായി. പല പേരുകളും മുനിമാരുടേതാണ്. ക്ഷേത്രത്തിനു ചുറ്റുമുള്ള വലിയ മുറികളിലെല്ലാം ഇതേ കാഴ്ചയാണ് കണ്ടത്. ക്ഷേത്രഗോപുരത്തിന് വെളിയിൽ രൺവീർ സിംഗ് രാജാവിന്റെ ഫോട്ടോ കാണുകയുണ്ടായി. അതു കഴിഞ്ഞ് ഇടതു ഭാഗത്ത് ഏതാനും രാജാക്കന്മാരുടെ ക്ഷേത്രസമാനമായ മുറികളിൽ ഫോട്ടോ സ്ഥാപിച്ചിട്ടുണ്ട്.
ഭംഗിയായി അലങ്കരിച്ച ഒരു ക്ഷേത്രത്തിൽ നടുവിൽ അതിഗംഭീരമായ നടരാജ വിഗ്രഹം തിളങ്ങുന്ന പിത്തളയിൽ വിലസുന്നുണ്ട്. നടരാജന്റെ വലതുഭാഗത്ത് ഗണപതിയും ഇടതു ഭാഗത്ത് സിംഹാരൂഢയായ ബഗളാമുഖിയേയും കണ്ടു. വലിയ പീoത്തിൽ പ്രതിഷ്ഠിച്ച നടരാജനു മുമ്പിലായി വലിയൊരു സ്ഫടിക ലിംഗമുണ്ട്. മനോഹരമായ കാഴ്ചയാണിത്. 64 കലകളുടെയും അധിപനാണ്. യോഗയുടെ ഉത്ഭവസ്ഥാനം. എല്ലാത്തിനും കാരണഭൂതനായ പരംപൊരുൾ ഭാരതത്തിലാകമാനം ആരാധിക്കപ്പെടുന്നു. (മതങ്ങൾക്ക് ഒക്കെ 2000 വർഷത്തെ പാരമ്പര്യമാണുള്ളത്. മതങ്ങളും ഇസങ്ങളും ഉണ്ടാകും മുമ്പ് ഭാരതത്തിൽ നിലനിന്ന സംസ്ക്കാരത്തിലെ ആദി യോഗിയാണ് പരമേശ്വരൻ – എന്ന പരമമായ ഈശ്വരൻ)
ക്ഷേത്ര കവാടത്തിലെ പട്ടാളക്കാരനുമായി അമർനാഥ് യാത്രയെപ്പറ്റി സംസാരിച്ചതിൽ നിന്നും തൊട്ടടുത്ത ശ്രീരാം മന്ദിർ ഉണ്ടെന്നും അവിടെ പോയാൽ കൂടുതൽ കാര്യങ്ങൾ അറിയാമെന്നും മനസ്സിലായി. ലോക്കറിൽ ഏല്പിച്ച ബാഗ് 20 രൂപ കൊടുത്ത് തിരികെ വാങ്ങി ഞങ്ങൾ 1 കി.മി അകലെയുള്ള ശ്രീരാമക്ഷേത്രത്തിലേക്ക് പോയി. അവിടെ സാധുക്കളായ (സന്യാസി) അമർനാഥ് യാത്രികർക്ക് മാത്രമാണ് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. ഞങ്ങൾ അവിടെ താമസിക്കാൻ ഉദ്ദേശിച്ചു വന്നതല്ലെന്നും ദർശനമാണ് ലക്ഷ്യമെന്നും പട്ടാള ഉദ്യോഗസ്ഥരോട് പറഞ്ഞു. അമർനാഥ് യാത്രാവിവരങ്ങളെപ്പറ്റി തിരക്കി. റോഡുകൾ ഇനിയും തുറന്നിട്ടില്ലെന്നും ഒരു ദിവസം കാത്തിരിക്കുവാനുമാണ് പറഞ്ഞത്.
രഘുനാഥ ക്ഷേത്രത്തിനു പുറത്തെത്തി കടകളിൽ ഒക്കെ ഒന്നു കയറി. ഒരു തുണിക്കടയിൽ കയറിഎന്റെ സഹധർമ്മിണിയെ വീഡിയോ കോളിൽ വിളിച്ച് ചില തുണികളൊക്കെ കാണിച്ചു. അവർക്ക് ഇഷ്ടപ്പെട്ട ഒരെണ്ണം സെലക്ടു ചെയ്തു. നല്ലൊരു ഗൃഹസ്ഥാശ്രമി എന്ന നിലയിൽ ആ കടമകളും നിർവ്വഹിക്കണമല്ലോ. പ്രീതിയും ചില തുണികളൊക്കെ എടുത്തു. ബിൽ കൊടുക്കാനെത്തിയപ്പോൾ പ്രീതി എന്റെ പണം കൂടി കൊടുത്തു കഴിഞ്ഞിരുന്നു. ഓട്ടോയിൽ താമസസ്ഥലത്തെത്തി.
യാത്രയിലാകെ അനിശ്ചിതത്വമാണ്.യാത്ര നടക്കുമോ എന്ന ആശങ്കയിൽ സന്തോഷ് ആകെ അസ്വസ്ഥനാണ്. എന്തായാലും നടക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നതിനിടയിൽ പഹൽഗാം റൂട്ട് തുറന്നതായി ഒരു ന്യൂസ് കിട്ടി. ഉടൻ വണ്ടിക്കാരെ വിളിച്ചു. തൊട്ടടുത്ത മുറിയിൽ താമസിക്കുന്നവരും ധൃതി വച്ച് തയ്യാറാകുകയാണ്.
തയ്യാറാക്കിയത്
യോഗാചാര്യ ശിവചരൺ കൃപാപാത്രി ഡോ.സജീവ് പഞ്ച കൈലാസി.
കൈലാസ് മാനസരോവർ, ആദി കൈലാസ്, കിന്നർ കൈലാസ്, ശ്രീ ഖണ്ഡ് കൈലാസ്, മണി മഹേഷ് കൈലാസ് തുടങ്ങിയ അഞ്ചുകൈലാസങ്ങളിലും ദർശനം നടത്തിയിട്ടുണ്ട്.
ആരോഗ്യ ഭാരതി സംസ്ഥാന കാര്യദർശി.
പൈതൃക് സംസ്ഥാന ഉപാദ്ധ്യക്ഷൻ വൈദ്യ മഹാസഭ സംസ്ഥാന ചെയർമാൻ.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്സ് അസോസിയേഷൻ (GICSNA – ജിക്ഷ്ണ) നാഷണൽ കമ്മിറ്റി സെക്രട്ടറി.
ഫോൺ : 9961609128
Comments