കാൻബെറ: ഖാലിസ്ഥാൻ ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തിയതിന് ഓസ്‌ട്രേലിയയിലെ സിഡ്നിയിൽ 23-കാരനായ ഇന്ത്യൻ വിദ്യാർത്ഥിയെ അതിക്രൂരമായി ആക്രമിച്ച് ഖാലിസ്ഥാൻ അനുകൂലികൾ. ഇരുമ്പുവടി ഉപയോഗിച്ച് വിദ്യാർത്ഥിയെ മർദ്ദിച്ചെന്നാണ് റിപ്പോർട്ട്. പടിഞ്ഞാറൻ സിഡ്‌നിയിലുള്ള മെറിലാൻഡ്‌സിലാണ് ആക്രമണമുണ്ടായത്.
പാർട്ട് ടൈം ജോലിക്ക് വേണ്ടി പോകുകയായിരുന്ന വിദ്യാർത്ഥിയെ ഖാലിസ്ഥാൻ അനുകൂലികൾ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഖാലിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യങ്ങൾ മുഴക്കിയാണ് സംഘം ആക്രമണം നടത്തിയതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘ജോലിയ്‌ക്ക് പോകുകയായിരുന്ന എന്റെ അടുത്തേക്ക് ഒരുസംഘം ആളുകൾ വന്നു. അവർ ബലം പ്രയോഗിച്ച് എന്നെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി, ഇരുമ്പുദണ്ഡ് കൊണ്ട് മർദ്ദിച്ചു. ഇതിനിടെ, ‘ഖാലിസ്ഥാൻ സിന്ദാബാദ്’ എന്ന് അക്രമികൾ ഉറക്കെ പറയുന്നുണ്ടായിരുന്നു. എന്നെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും അവർ പകർത്തി.’- പരിക്കേറ്റ വിദ്യാർത്ഥി ഓസ്ട്രേലിയൻ മാദ്ധ്യമത്തോട് പ്രതികരിച്ചു. ഖാലിസ്ഥാനെതിരായി ഇനിയും സംസാരിച്ചാൽ ആക്രമണം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയാണ് അവർ പോയതെന്നും വിദ്യാർത്ഥി കൂട്ടിച്ചേർത്തു.
‘ഇവിടെ തീവ്രവാദത്തിനോ അക്രമത്തിനോ സ്ഥാനമില്ല. സംഭവത്തിൽ ഞാൻ അധികാരികളുമായി ബന്ധപ്പെട്ടു, ഇതുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തും.’- സംഭവത്തോട് പ്രതികരിച്ചുകൊണ്ട് മെറിലാൻഡ്സ് പാർലമെന്റ് അംഗം പറഞ്ഞു
മെൽബണിൽ ഖാലിസ്ഥാനി പ്രവർത്തകരും ഇന്ത്യൻ സമൂഹവും തമ്മിൽ നേരത്തെ ഏറ്റുമുട്ടിയിരുന്നു. ഖാലിസ്ഥാൻ വിഘടനവാദികളുടെ വർദ്ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ നയങ്ങൾക്കെതിരെയും ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിലും ആശങ്ക പ്രകടിപ്പിച്ച ഇന്ത്യ, ഓസ്‌ട്രേലിയൻ ഭരണകൂടത്തോട് അതിവേഗം നടപടിയെടുക്കാൻ ആവശ്യപ്പെട്ടു. അക്രമം, തീവ്രവാദം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികൾക്ക് ഇടം നൽകുന്നതിൽ നിന്ന് സർക്കാരുകൾ മാറി നിൽക്കണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. പല രാജ്യങ്ങളിലും ഖാലിസ്ഥാനി ഗ്രൂപ്പുകളുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ വർധിച്ച സാഹചര്യത്തിലായിരുന്നു അരിന്ദം ബാഗ്ച്ചിയുടെ പ്രതികരണം.
















Comments