നിരവധി തട്ടിപ്പുകൾ സമൂഹത്തിൽ അനുദിനം നടക്കുന്നത് നാം കേട്ടുകൊണ്ടിരിക്കുകയാണ്. ഇതിൽ മാതാപിതാക്കളെ മക്കൾ കബളിപ്പിക്കുന്ന വാർത്തകളും ധാരാളം കേൾക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ മരണപ്പെട്ട അമ്മയുടെ ശബ്ദത്തിൽ അച്ഛനെ വിളിച്ച് കബളിപ്പിച്ച മകന്റെ വാർത്തയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
60 ലക്ഷം രൂപയാണ് 42-കാരനായ മകൻ അച്ഛനിൽ നിന്നും കബളിപ്പിച്ച് നേടിയത്. മരിച്ചു പോയ തന്റെ അമ്മയുടെ ശബ്ദം ഉപയോഗിച്ചായിരുന്നു എന്നതാണ് ഏവരെയും ഞെട്ടിച്ചത്. 2017 മുതൽ 2018 വരെ യുവാവ് ഇത്തരത്തിൽ പിതാവിനെ കബളിപ്പിച്ചു. ജോലിയിൽ നിന്നും വിരമിച്ചപ്പോൾ ലഭിച്ച പെൻഷൻ തുക ഉൾപ്പെടെയാണ് മകൻ തട്ടിയെടുത്തത്.
ഡാനിയൽ എന്ന മകനാണ് അമ്മ മരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും തട്ടിപ്പ് നടത്തിയത്. അമ്മയുടെ ശബ്ദത്തിൽ വിളിച്ചായിരുന്നു പണമിടപാട് നടത്തിയത്. ഒമ്പത് തവണയോളം യുവാവ് ഇത്തരത്തിൽ വിളിച്ചു. അച്ഛന്റെ കയ്യിലുണ്ടായിരുന്ന പണം തട്ടിയെടുത്തതിന് പുറമേ അദ്ദേഹത്തിന്റെ പേരിൽ ലോൺ എടുക്കുകയും ചെയ്തു. ഇത് വീട് നഷ്ടമാകുന്നതിന് കാരണമായി.
Comments