ന്യൂഡൽഹി: ഈ മാസം 18ന് ഡൽഹിയിൽ നടക്കുന്ന എൻഡിഎ നേതൃയോഗത്തിലേക്ക് കൂടുതൽ കക്ഷികളെ പങ്കെടുപ്പിക്കാനൊരുങ്ങി ബിജെപി. യോഗത്തിലേക്ക് ഹിന്ദുസ്ഥാനി അവാം മോർച്ച അദ്ധ്യക്ഷൻ ജിതൻ റാം മാഞ്ചിയെ ക്ഷണിച്ചുകൊണ്ട് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ കത്ത് നൽകി. എൽജെപി നേതാവ് ചിരാഗ് പാസ്വാനും ,ചന്ദ്രബാബു നായിഡുവും യോഗത്തിൽ എത്തിയേക്കും.
ദേശീയ ജനാതിപത്യ സഖ്യത്തിൽ നിലവിലുള്ള കക്ഷികളെ കൂടാതെ പുതിയ പാർട്ടികളെയും ഈ മാസം പതിനെട്ടിന് ഡൽഹിയിൽ നടക്കുന്ന നേതൃ യോഗത്തിൽ പങ്കെടുപ്പിക്കാനാണ് ബിജെപിയുടെ നീക്കം. വിവിധ സംസ്ഥാനങ്ങളിൽ മുൻപ് എൻഡിഎയ്ക്കൊപ്പമുണ്ടായിരുന്നതും അല്ലാത്തതുമായ പാർട്ടികളുമായി ചർച്ച നടത്തികൊണ്ട് മുന്നണി വിപുലീകരിക്കുകയാണ്. ഇതിന്റെ ഭാഗമായി എൻഡിഎ യോഗത്തിലേക്ക് ബിഹാറിലെ ഹിന്ദുസ്ഥാനി അവാം മോർച്ച അദ്ധ്യക്ഷൻ ജിതൻ റാം മാഞ്ചിയെ ക്ഷണിച്ചുകൊണ്ട് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ കത്ത് നൽകി.
ബിഹാറിൽ നിന്നുള്ള എൽജെപി നേതാവ് ചിരാഗ് പാസ്വാനും യോഗത്തിൽ എത്തിയേക്കും. തെലുങ്ക് ദേശം പാർട്ടി നേതാവും കഴിഞ്ഞ തവണ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായിരുന്ന ചന്ദ്രബാബു നായിഡുവും ബിജെപിയോട് അടുക്കുകയാണ് .കർഷക സമരത്തെ തുടർന്ന് സഖ്യം ഉപേക്ഷിച്ച പഞ്ചാബിലെ ശിരോമണി അകാലിദളും ഉടൻ തിരിച്ചെത്തും. എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ , പ്രഫുൽ പട്ടേൽ എന്നിവർ യോഗത്തിലെത്തുമെന്ന് അറിയിച്ചിരുന്നു 2024-ലെ പൊതു തിരഞ്ഞെടുപ്പും മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഡ്ഡ്, തെലങ്കാന, മിസോറാം നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ചർച്ചകളും ,നിർണായക രാഷ്ട്രീയ നീക്കങ്ങളുമാണ് ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവും നടത്തുന്നത്.
Comments