തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷ പ്രതിരോധ വാക്സിനായ ഇമ്യൂണോഗ്ലോബുലിന് കടുത്ത ക്ഷാമം. വാക്സിൻ സ്വീകരിക്കാൻ സർക്കാർ ആശുപത്രികളിൽ എത്തുന്നവർ നെട്ടോടമോടുന്ന സാഹചര്യമാണ് നിലവിലുള്ളത്. നായയുടെയുടെയും പൂച്ചയുടെയും കടിയേറ്റ് ആശുപത്രികളിലെത്തുന്നവർ കാത്തിരുന്ന് മുഷിയുന്ന സ്ഥിതിഗതിയാണ്.
പേവിഷബാധ പ്രതിരോധ വാക്സിനുകൾ മെഡിക്കൽ കോളേജുകളിൽ പോലും കിട്ടാനാകാത്ത സാഹചര്യമാണുള്ളത്. പൂച്ചയുടെയോ നായയുടേയോ കടിയേറ്റാൽ ആ മുറിവിൽ ഇമ്യൂണോഗ്ലോബുലിൻ എടുക്കും. വിഷം തലച്ചോറിലെത്തുന്നത് തടയാൻ മുറിവിലാണ് ഇമ്യൂണോഗ്ലോബുലിൻ കുത്തിവെയ്‌ക്കുന്നത്. സുരക്ഷയ്‌ക്കൊപ്പം പെട്ടെന്നുള്ള പ്രതിരോധമാണ് ഇമ്യൂണോഗ്ലോബുലിന്റെ ഫലം. എന്നാൽ ആവശ്യകത മുന്നിൽ കണ്ട് വാക്സിൻ ശേഖരിച്ച് വെയ്‌ക്കുന്നതിൽ ഗുരുതര വീഴ്ചയാണ് ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായത്.
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഇമ്യൂണോഗ്ലോബുലിന് ഓർഡർ നൽകിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. മുൻപും സമാനമായ രീതിയിൽ ഇമ്യൂണോഗ്ലോബുലിനും റാബിസ് വാക്സീനും കടുത്ത ക്ഷാമം അനുഭവപ്പെട്ടിരുന്നു. തുടർന്ന് തമിഴ്നാട് മെഡിക്കൽ സർവീസസ് കോർപറേഷനിൽ നിന്നാണ് മരുന്നുകൾ വാങ്ങിയത്. മരുന്നുകൾ മുൻകൂട്ടി ശേഖരിച്ച് വെക്കുന്നതിലുണ്ടാകുന്ന വീഴ്ച ആവർത്തികരുതെന്നാണ് ഉയരുന്ന ആവശ്യം. അതിനിടെ കഴിഞ്ഞ ആറ് മാസത്തിനിടയിൽ തെരുവുനായയുടെ കടിയേറ്റത് 1.62 ലക്ഷം പേർക്കാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ 1631 പേർക്കാണ് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റത്.
Comments