ഉമ്മൻചാണ്ടിയുടെ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയചരിത്രം

Published by
Janam Web Desk

കേരള രാഷ്‌ട്രീയത്തിൽ ഇനി മറ്റൊരാൾക്കും അവകാശപ്പെടാൻ ആവാത്ത റെക്കോഡ് സ്ഥാപിച്ചാണ് ഉമ്മൻ‌ചാണ്ടി അരങ്ങൊഴിയുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരുന്നു എന്നതാണ് ആ റെക്കോർഡ് . അതും ഒരേ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു എന്നതും ഇന്ത്യയിൽ തന്നെ ചുരുക്കമാണ്. 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021 എന്നിങ്ങിനെ പന്ത്രണ്ട് തവണയാണ് ഉമ്മൻ‌ചാണ്ടി പുതുപ്പള്ളിയിൽ നിന്ന് അന്തപുരിയിലേക്കു വണ്ടി കയറിയത്.

1943 ഒക്ടോബർ 31 ന് കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിലാണ് ഉമ്മൻ ചാണ്ടി ജനിച്ചത്. കെ എസ് യു സ്ഥാപകൻ എം എ ജോണിന്റെ സ്വാധീനത്തിൽ കെ എസ് യുവിൽ, ചേർന്ന ഉമ്മൻ‌ചാണ്ടി ഒരണ സമരത്തിൽ പങ്കെടുത്തിരുന്നു. പിന്നീട് 1967 മുതൽ 1969 വരെ കെ എസ് യുവിന്റെ പ്രസിഡന്റായി ഉമ്മൻ‌ചാണ്ടി പ്രവർത്തിച്ചു. അതിനു ശേഷം അന്നത്തെ കോൺഗ്രസിൽ സ്വാഭാവികമായുണ്ടാകുന്ന പ്രമോഷൻ, 1970 ൽ സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

1970 നാലാം കേരളാ നിയമസഭാ തിരഞ്ഞെടുപ്പ്
1970 സെപ്റ്റംബർ 17നായിരുന്നു പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ഉമ്മൻചാണ്ടിയുടെ ആദ്യ പോരാട്ടം. അന്നത്തെ സിറ്റിംഗ് എം എൽ എ ഈ എം ജോർജിനെ ജോർജിനെ 7,288 വോട്ടുകൾക്ക് 27 കാരനായ ഉമ്മൻചാണ്ടി പരാജയപ്പെടുത്തി. ഇതേ കാലയളവിൽ എ കെ ആന്റണി, എൻ രാമകൃഷ്ണൻ, കൊട്ടറ ഗോപാലകൃഷ്ണൻ, എ സി ഷൺമുഖദാസ് എന്നിവരൊക്കെ എം എൽ എ മാരായി. ആ തവണ നാലാം കേരളം നിയമസഭയിൽ കോൺഗ്രസ് പിന്തുണയോടെ സി അച്യുതമേനോൻ വീണ്ടും മുഖ്യമന്ത്രിയായി.

1977 അഞ്ചാം കേരളാ നിയമസഭാ തിരഞ്ഞെടുപ്പ്
1977ൽ അടിയന്തരാവസ്ഥയെത്തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് വർഷം വൈകി. 1974 ലെ ഡീ ലിമിറ്ററേഷൻ ഉണ്ടായി.നിയമസഭയിലെ സീറ്റുകളുടെ എണ്ണം 133ൽ നിന്ന് 140 ആയി വർധിച്ചു. സിപിഐ ഉൾപ്പെട്ട കോൺഗ്രസ് മുന്നണിയാണ് ഉള്ളത് . ജനതാ പാർട്ടിയിലെ പി.സി.ചെറിയാനായിരുന്നു ഉമ്മൻചാണ്ടിയുടെ എതിരാളി.15,910 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഉമ്മൻചാണ്ടിയുടെ രണ്ടാം വിജയം. 111 സീറ്റുകൾ നേടി കെ കരുണാകരൻ മുഖ്യമന്ത്രിയായി.ആ മന്ത്രിസഭയിൽ 33-ാം വയസ്സിലാണ് ഉമ്മൻചാണ്ടി തൊഴിൽ മന്ത്രിയായത്. എന്നാൽ കരുണാകരന്റെ മന്ത്രിസ്ഥാനം ഒരു മാസമേ നീണ്ടുനിന്നുള്ളൂ. എന്നാൽ, മുൻ സി അച്യുതമേനോൻ മന്ത്രി സഭയിൽ ആഭ്യന്തര മന്ത്രിയായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് പീഡിപ്പിക്കപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാർത്ഥി രാജന്റെ വിവാദ മരണത്തിൽ ആരോപണം നേരിട്ട കരുണാകരന് ഒരു മാസത്തിനുള്ളിൽ രാജിവെക്കേണ്ടി വന്നു . കരുണാകരന്റെ പിൻഗാമിയായി എ.കെ.ആന്റണി 36-ാം വയസ്സിൽ മുഖ്യമന്ത്രിയായി. എ കെ ആന്റണിയുടെ നേതൃത്വത്തിൽ 15 അംഗ മന്ത്രിസഭ1977 ഏപ്രിൽ 27-ന് അധികാരമേറ്റെടുത്തു. ഉമ്മൻചാണ്ടി തൊഴിൽ മന്ത്രിയായി തുടർന്നു. അപ്പോഴേക്കും ദേശീയ തലത്തിൽ 1978 ജനുവരിയിൽ കോൺഗ്രസ് പിളർന്നപ്പോൾ കരുണാകരൻ പുതിയ ഇന്ദിരാ കോൺഗ്രസിൽ ചേർന്നു, എ.കെ. ആന്റണി പഴയ കോൺഗ്രസിൽ തുടർന്നു, 1978-ൽ ചിക്കമംഗളൂരു ഉപതിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പിന്തുണയ്‌ക്കാൻ അദ്ദേഹത്തിന്റെ കോൺഗ്രസ് വിഭാഗം തീരുമാനിച്ചപ്പോൾ ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. 1978 ഒക്ടോബർ 27ന് ആന്റണി സർക്കാർ പടിയിറങ്ങിയപ്പോൾ, സിപിഎ ഐയിലെ പി കെ വാസുദേവൻ നായർ മുഖ്യമന്ത്രിയായി സർക്കാർ രൂപീകരിച്ചു. എന്നാൽ കോൺഗ്രസ് മന്ത്രിമാർ തുടർന്നില്ല. സിപിഐയും കോൺഗ്രസും അകന്നു. ഈ എം എസ് കണ്ണുരുട്ടിയപ്പോൾ പികെവി സർക്കാർ കൃത്യം ഒരു വർഷത്തിനുശേഷം, രാജിവച്ചു. തുടർന്ന് മുസ്‌ലിം ലീഗ് നേതാവ് സി എച്ച് മുഹമ്മദ് കോയ കോൺഗ്രസിന് പുറമെ നിന്നുള്ള പിന്തുണയോടെ സർക്കാർ രൂപീകരിച്ചു. അഞ്ചാം നിയമസഭയിൽ കെ കരുണാകരൻ , എ കെ ആന്റണി , പികെവി ,സി എച് മുഹമ്മദ് കോയ എന്നിവരുടെ നാല് സർക്കാരുകൾ അധികാരത്തിൽ വന്നു. തെരഞ്ഞെടുപ്പിൽ ഭരണ സഖ്യം ഏതാണ്ട് 80% സീറ്റുകൾ നേടിയെങ്കിലും അത് അസ്ഥിരമാവുകയും 3 വർഷത്തിൽ താഴെ മാത്രമേ നിയമസഭ നീണ്ടുനിന്നുള്ളൂ.

1980 ആറാം കേരള നിയമസഭാ തിരഞ്ഞെടുപ്പ്

ഈ തെരഞ്ഞെടുപ്പിലാണ് യു ഡി എഫ് – എൽ ഡി എഫ് എന്നിങ്ങിനെ രണ്ടു മുന്നണികൾ രൂപപ്പെടുന്നത്. അതിനു മുൻപും സമാന സ്വഭാവമുളള മുന്നണികൾ ഉണ്ടായിരുന്നെങ്കിലും പേരുകൾ പലതായിരുന്നു.കരുണാകരനോട് പിണങ്ങിയ ആന്റണി വിഭാഗം കോൺഗ്രസ്സും മുസ്‌ലിം ലീഗിന്റെ ഒരു കഷ്ണവും എൽ ഡി എഫിൽ ചേർന്നു. 1980ൽ സ്വതന്ത്ര സ്ഥാനാർഥി എംആർജി പണിക്കർക്കെതിരെയായിരുന്നു ഉമ്മൻചാണ്ടിയുടെ മൂന്നാം വിജയം. അന്ന് എൽഡിഎഫിന് കീഴിലാണ് ചാണ്ടി മത്സരിച്ചത്. ഇടത് ബാനറിൽ മത്സരിച്ചെങ്കിലും ഉമ്മൻചാണ്ടിയുടെ വിജയമാർജിൻ 13,659 ആയി. ഈ കാലയളവിലാണ് കോൺഗ്രസ് ദേശീയ തലത്തിൽ വീണ്ടും പിളർപ്പിന് സാക്ഷ്യം വഹിച്ചത്, അന്ന് കോൺഗ്രസിന്റെ തലവനായ മുൻ കർണ്ണാടക മുഖ്യമന്ത്രി ദേവരാജ് അരശുമായി കുറച്ച് പേർ ചേർന്നു. സി.പി.എമ്മുമായി ഒത്തുപോകാൻ ഉമ്മൻചാണ്ടിയും കൂട്ടരും നന്നേ ബുദ്ധിമുട്ടി.
അക്കാലത്ത് ഉമ്മൻചാണ്ടി ‘എ’ ഗ്രൂപ്പിന്റെ പാർലമെന്ററി പാർട്ടി നേതാവായി മാറി. കേരളമെമ്പാടും മാർക്സിസ്റ്റ് – ആന്റണി കോൺഗ്രസ്സ് സംഘർഷമുണ്ടായി. കലാലയങ്ങളിൽ കെ എസ് യുക്കാരെ എസ് എഫ് ഐക്കാരും പോലീസുകാരും സി ഐ ടി യു ക്കാരും തല്ലി ഓടിക്കുന്ന സ്ഥിതി വന്നു. ഒടുവിൽ ആന്റണി കോൺഗ്രസ്സ് സിപിഎമ്മുമായുളള സഖ്യം അവസാനിപ്പിച്ചു. 71 പേരുടെ പിന്തുണയോടെ 1981 ഡിസംബർ 28ന് കെ കരുണാകരൻ മുഖ്യമന്ത്രിയായി. അന്ന് ഉമ്മൻചാണ്ടി ആഭ്യന്തരമന്ത്രിയായി. ഇതാണ് കാസ്റ്റിങ് മന്ത്രിസഭ. 80 ദിവസത്തിന് ശേഷം ലോനപ്പൻ നമ്പാടൻ കേരളാ കോൺഗ്രസ് വിട്ട് എൽഡിഎഫിൽ എത്തിയതോടെ കരുണാകരൻ മന്ത്രിസഭ രാജിവച്ചു.

1982 ഏഴാം കേരള നിയമസഭാ തിരഞ്ഞെടുപ്പ്
1982ൽ സ്വതന്ത്ര സ്ഥാനാർഥി തോമസ് രാജനെതിരെ 15,983 വോട്ടുകൾക്കാണ് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ നാലാം വിജയം. 77 സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്. ആയപ്പോഴേക്കും കോൺഗ്രസിലെ ഗ്രൂപ്പ് പോര് ശക്തമാകുകയും ചെയ്തിരുന്നു.’എ’ ഗ്രൂപ്പിൽ നിന്ന് ഉമ്മൻചാണ്ടി, വയലാർ രവി, കെപി നൂറുദ്ദീൻ എന്നിവരുടെ പേരുകളാണ് മന്ത്രിമാരായി നിർദ്ദേശിച്ചത്. എന്നാൽ ഉമ്മൻചാണ്ടി പിന്മാറുകയും പകരം സിറിയക് ജോണിന്റെ പേര് നിർദേശിക്കുകയും ചെയ്തു. എ -കോൺഗ്രസ് ന്റെ നിയമസഭാ കക്ഷി നേതാവായി ഉമ്മൻ ചാണ്ടി തിരഞ്ഞെടുക്കപ്പെട്ടു . 1982 ഡിസംബർ 13-ന് കൊച്ചിയിൽ നടന്ന  സമ്മേളനത്തിൽ എ – ഐ കോൺഗ്രസ് വിഭാഗങ്ങൾ ലയിച്ചു. കെ കരുണാകരനും ഉമ്മൻ ചാണ്ടിയും യഥാക്രമം നിയമസഭാ കക്ഷി നേതാവും ഉപനേതാവുമായി. ഉമ്മൻ ചാണ്ടി യുഡിഎഫ് കൺവീനറായി. കരുണാകരൻ മുഖ്യമന്ത്രിയായി. ആ സർക്കാർ അഞ്ച് വർഷം മുഴുവൻ ഭരണം നടത്തി. ഇതിനിടെ എ കോൺഗ്രസ്സുകാരെ ഒതുക്കാനുള്ള എല്ലാതന്ത്രവും കരുണാകരൻ പയറ്റി. കെ കരുണാകരനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നു വയലാർ രവി ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിഞ്ഞു. ഉമ്മൻ ചാണ്ടിക്ക് യുഡിഎഫ് കൺവീനർ സ്ഥാനവും ഒഴിയേണ്ടി വന്നു. ഒരു മുഴുവൻ കാലാവധി പൂർത്തിയാക്കുന്ന ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രിയായി കരുണാകരൻ മാറി. ഭരണകാലം മുഴുവൻ പൂർത്തിയാക്കാൻ കഴിയുന്ന കേരളത്തിലെ രണ്ടാമത്തെ മന്ത്രിസഭയായിരുന്നു ഇത്.

1987 എട്ടാം കേരള നിയമസഭാ തിരഞ്ഞെടുപ്പ്

1987ൽ സിപിഎമ്മിലെ വി എൻ വാസവനെതിരെ 9,164 വോട്ടുകൾക്കാണ് ഉമ്മൻചാണ്ടിയുടെ അഞ്ചാം വിജയം. ഇ കെ നായനാരുടെ നേതൃത്വത്തിൽ ഇടതു മന്ത്രി സഭ അധികാരത്തിലെത്തി. തിരുവനന്തപുരം ഈസ്റ്റിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്തെത്തി.

1991 ഒൻപതാം കേരള നിയമസഭാ തിരഞ്ഞെടുപ്പ്

1991ൽ സിപിഎമ്മിലെ വി എൻ വാസവനെതിരെ 13,811 വോട്ടുകൾക്കാണ് ഉമ്മൻചാണ്ടിയുടെ ആറാം വിജയം. അത്തവണ 1991 ജൂൺ 24 ന് കെ കരുണാകരൻ നാലാം തവണ മുഖ്യമന്ത്രിയും ഉമ്മൻ ചാണ്ടി ധനമന്ത്രിയുമായി. 1992 ജൂണിൽ കെ കരുണാകരൻ വാഹനാപകടത്തിൽ പെട്ടതിനെ തുടർന്ന് സംസ്ഥാന രാഷ്‌ട്രീയം കലങ്ങി മറിഞ്ഞു. നയലാർ രവി ആന്റണി ഗ്രൂപ്പ് വിട്ടു, അഥവാ ആന്റണി ഗ്രൂപ്പിന്റെ കടിഞ്ഞാൺ ഉമ്മൻചാണ്ടിയുടെ കയ്യിലായി. വയലാർ രവിയെ ഉപയോഗിച്ച് കെ കരുണാകരൻ ആന്റണിയെ കെ പിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കി. ഡോ.എം.എ.കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് 1994 ജൂൺ 16-ന് ഉമ്മൻചാണ്ടി ധനമന്ത്രി സ്ഥാനം ഒഴിഞ്ഞു.തൊട്ടുപിന്നാലെ വനംമന്ത്രി കെ പി വിശ്വനാഥൻ രാജി വെച്ചു. കൂത്തുപറമ്പിൽ എം വി രാഘവനെ ആക്രമിക്കാൻ ശ്രമിച്ചവർക്ക്‌ നേരെ പോലീസ് വെടി വെച്ചു. പിന്നാലെ ചാരക്കേസ് ഉണ്ടായി. പി വി നരസിംഹ റാവുവിൽ ഉള്ള കെ കരുണാകരന്റെ സ്വാധീനം നഷ്ട്ടമായി. 1995 മാർച്ച് 16ന് കെ കരുണാകരൻ പടിയിറങ്ങി. 1995 മാർച്ച് 22ന് എ കെ ആന്റണി മുഖ്യമന്ത്രിയായി. ചാരായ നിരോധനം നടപ്പിലാക്കിയത് ഈ സമയത്താണ്.

1996 പത്താം കേരള നിയമസഭാ തിരഞ്ഞെടുപ്പ്

1996ൽ സിപിഎമ്മിലെ റെജി സക്കറിയക്കെതിരെ 10,155 വോട്ടുകൾക്കാണ് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ഏഴാം വിജയം.എൽ.ഡി.എഫ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയും നിയമസഭാ പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദനെ സിപിഎം സിറ്റിംഗ് സീറ്റായ മാരാരിക്കുളത്ത് പിന്നിൽ നിന്ന് കുത്തി തോൽപ്പിച്ചു. പകരമായി അന്നത്തെ സി ഐടിയു ഗ്രൂപ്പിന്റെ നോമിനിയായി മുഖ്യമന്ത്രി കസേരയിലേക്ക് സുശീലാ ഗോപാലനെ പരിഗണിച്ചു. എന്നാൽ വി എസ് അച്യുതാനന്ദൻ സുശീലാ ഗോപാലനെ വെട്ടി ഇ കെ നായനാരെ മുഖ്യമന്ത്രിയായാക്കി.എ കെ ആന്റണി പ്രതിപക്ഷ നേതാവുമായി.

2001 പതിനൊന്നാം കേരള നിയമസഭാ തിരഞ്ഞെടുപ്പ്

ഈ തവണയാണ് ഉമ്മൻചാണ്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു ചെറിയാൻ ഫിലിപ് കോൺഗ്രസ്സ് വിട്ടത്. ഇന്ദിരാ ഭവനിൽ നിന്നിറങ്ങിയ ചെറിയാൻ നേരെ ഇ കെ ജി സ്‌നേറ്ററിലേക്കു കുടിയേറി.പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ചു.
2001ൽ ഉമ്മൻ ചാണ്ടി എട്ടാം തവണ പുതുപ്പള്ളിയിൽ നിന്ന് 12,575 വോട്ടുകൾക്കാണ് ജയിച്ചത്. 99 സീറ്റ് നേടി എകെ ആന്റണി മുഖ്യമന്ത്രിയായി. ഉമ്മൻചാണ്ടി യുഡിഎഫ് കൺവീനറായി. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി ഒഴികെയുള്ള എല്ലാ സീറ്റുകളിലും യുഡിഎഫ് കനത്ത പരാജയം രുചിച്ചു. തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് എകെ ആന്റണി രാജിവച്ചു. അങ്ങിനെ ഉമ്മൻചാണ്ടിയുടെ ഊഴമെത്തി. 2004 ഓഗസ്റ്റ് 31-ന് ഉമ്മൻചാണ്ടി സംസ്ഥാനത്തിന്റെ 19-ാമത് മുഖ്യമന്ത്രിയായി. കോൺഗ്രസിലെ കരുണാകര വിഭാഗത്തെ പുകച്ചു പുറത്തു ചാടിക്കാൻ ഉമ്മൻ‌ചാണ്ടി പരമാവധി ശ്രമിച്ചു എന്ന് ആരോപണമുണ്ടായി .കരുണാകര വിഭാഗം പിളർന്ന് ഡിഐസി(കെ) രൂപീകരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫും ഡിഐസി(കെ)യും ഒന്നിച്ച് മത്സരിച്ച് നിരവധി സീറ്റുകൾ നേടിയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഐസി(കെ)യുമായുള്ള ബന്ധം സിപിഎം വിച്ഛേദിച്ചു. രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായി.

2006 പന്ത്രണ്ടാം കേരള നിയമസഭാ തിരഞ്ഞെടുപ്പ്

വി എസ് അച്യുതാന്ദന്റെ സ്ഥാനാര്ഥിത്വവുമായി ബന്ധപ്പെട്ടുള്ള നാടകങ്ങൾ നടന്നത് ഈ തെരഞ്ഞെടുപ്പിലാണ്. 2006ൽ സിപിഎമ്മിലെ സിന്ധു ജോയിക്കെതിരെ 19,863 വോട്ടുകൾക്കാണ് ചാണ്ടിയുടെ ഒമ്പതാം വിജയം. നിയമസഭാ തെരഞ്ഞെടുപ്പിൽ 98 സീറ്റുകൾ നേടി എൽഡിഎഫ് വിജയിച്ചു. വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയും ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവുമായി.

2011 പതിമൂന്നാം കേരള നിയമസഭാ തിരഞ്ഞെടുപ്പ്

വി എസ്സ് അച്യുതാന്ദൻ വീണ്ടും മുഖ്യമന്ത്രി ആകാതിരിക്കാൻ പിണറായി ഗ്രൂപ് നടത്തിയ നിശബ്ദ നീക്കങ്ങളായിരുന്നു ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. 2011ൽ ഉമ്മൻചാണ്ടി സിപിഎമ്മിലെ സുജ സൂസൻ ജോർജിനെ 33,255 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. യു.ഡി.എഫിന് 72 സീറ്റും എൽ.ഡി.എഫിന് 68 സീറ്റും ലഭിച്ചതോടെ അദ്ദേഹം രണ്ടാം തവണയും മുഖ്യമന്ത്രിയായി. നെയ്യാറ്റിന്കര യിലെ സി.പി.എം എം.എൽ.എ ആർ.സെൽവരാജിനെ യു.ഡി.എഫിലെത്തിക്കുന്നതിൽ ചാണ്ടി വിജയിച്ചു. കേഡർ പ്രസ്ഥാനമെന്ന് അഹങ്കരിച്ച് നടന്നിരുന്ന, ഒരുവൻ പാർട്ടിയിൽ നിന്ന് പോയാൽ അവനെ വേട്ടയാടി ഇല്ലാതാക്കാൻ മടിയില്ലാത്ത സീ പി ഐ എമ്മിന്റെ ഒരു എം എൽ എക്ക് വില പറഞ്ഞ് വാങ്ങി അയാളെ രാജിവെപ്പിച്ച് അതേ മണ്ഡലത്തിൽ തന്നെ മൽസരിപ്പിച്ച് ജയിപ്പിച്ച കൗശലമാണ് ഉമ്മൻചാണ്ടിയെ കേരളാ രാഷ്‌ട്രീയത്തിൽ രേഖപ്പെടുത്തുന്നത്.

2016 പതിനാലാം കേരള നിയമസഭാ തിരഞ്ഞെടുപ്പ്

ഇത്തവണ ഉമ്മൻചാണ്ടി സിപിഎമ്മിന്റെ സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെതിരെ 27,092 വോട്ടുകൾക്ക് വിജയിച്ചു. സോളാർ, ബാർ കുംഭകോണങ്ങൾ വിവാദമായ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 47 സീറ്റും എൽഡിഎഫിന് 91 സീറ്റും ലഭിച്ചു. നേമത്ത് നിന്ന് ഓ രാജഗോപാൽ താമര വിരിയിച്ചു. പൂഞ്ഞാറിൽ നിന്ന് ഒരു മുന്നണിയുടെയും ഭാഗമല്ലാതെ പി സി ജോർജ് വിജയിച്ചു. തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ഉമ്മൻചാണ്ടിയെ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി കോൺഗ്രസ് ഹൈക്കമാൻഡ് നിയമിക്കുകയും പിന്നീട് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.ഇതിനിടെ സോളാർ കേസിലെ ധാരാളം ആരോപണങ്ങൾ സിപിഎം ഉമ്മൻചാണ്ടിക്കെതിരെ ഉമ്മയിച്ചു.

2021 പതിനഞ്ചാം കേരള നിയമസഭാ തിരഞ്ഞെടുപ്പ്

2021ലെ തന്റെ അവസാന നിയമസഭാ തിരഞ്ഞെടുപ്പിൽ ജെയ്‌ക്ക് സി തോമസിനെതിരെ 9,044 വോട്ടുകളായി ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറഞ്ഞു. നേമം മണ്ഡലത്തിൽ മത്സരിക്കാനുള്ള നിർദ്ദേശം വന്നപ്പോൾ പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ വീട്ടിൽ ചില നാടകീയ സംഭവങ്ങൾ ഉണ്ടായി. ബിജെപിക്ക് കൃത്യമായ സ്വാധീനമുള്ള നേമത്ത് മത്സരിക്കുവാൻ ഉമ്മൻ‌ചാണ്ടി ഇഷ്ടപ്പെട്ടിരുന്നില്ല. എന്തായാലും നേരിയ ഭൂരിപക്ഷത്തിൽ തന്റെ വോട്ടർമാരെ തനിക്കൊപ്പം നിർത്തുന്നതിൽ അദ്ദേഹം വിജയിച്ചു. തുടർച്ചയായി 12 വിജയങ്ങളോടെ(1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021), കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം എം.എൽ.എ ആയിരുന്ന ആൾ ഉമ്മൻ ചാണ്ടിയായിരുന്നു.

ഉമ്മൻ ചാണ്ടിക്ക് തൊട്ടു പിന്നിലുള്ളത് കെ എം മാണിയാണ്. മാണി തന്റെ തട്ടകമായ പാലായെ മാത്രം സഭയിൽ പ്രതിനിധീകരിച്ചതുപോലെ, കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ചാണ്ടി പുതുപ്പള്ളിയെ മാത്രമാണ് പ്രതിനിധീകരിച്ചത്. 1970 ലെ സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിൽ 27-ആം വയസ്സിൽ വിജയിച്ചുകൊണ്ട് നിയമസഭാംഗമെന്ന നിലയിൽ തന്റെ പ്രവർത്തനം ആരംഭിച്ച അദ്ദേഹം അതിനുശേഷം തുടർച്ചയായി 11 തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. 2004-06 വരെയും 2011-16 വരെയും 78 കാരനായ ചാണ്ടി രണ്ട് തവണ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി.കഴിഞ്ഞ ദശകങ്ങളിൽ വിവിധ മന്ത്രിസഭകളിൽ നാലു തവണ മന്ത്രിയായതിനു പുറമേ, നാലു തവണ സംസ്ഥാന നിയമസഭയിൽ പ്രതിപക്ഷ നേതാവായി സേവനമനുഷ്ഠിച്ചു.സംസ്ഥാന നിയമസഭയിൽ ഇതുവരെ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വ്യക്തിയെന്ന റെക്കോർഡ് കെഎം മാണിയുടെ പേരിലാണ്.

എഴുതിയത്
രഞ്ജിത് ജി കാഞ്ഞിരത്തിൽ

Share
Leave a Comment