വയനാട്:മുട്ടിൽ മരംമുറിക്കേസിൽ പ്രതികൾക്ക് കനത്ത തിരിച്ചടിയായി മരങ്ങളുടെ ഡിഎൻഎ റിപ്പോർട്ട്. ആന്റോ അഗസ്റ്റിന്റെയും റോജി അഗസ്റ്റിന്റെയും നേതൃത്വത്തിൽ 574 വർഷം പഴക്കമുളള മരങ്ങളാണ് മുറിച്ചുകടത്തിയതെന്നാണ് പീച്ചി കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിഎൻഎ പരിശോധനയിൽ കണ്ടെത്തിയത്. മരത്തിന്റെ ഡിഎൻഎ പരിശോധന സംസ്ഥാനത്ത് ആദ്യമായാണ് നടത്തുന്നത്.
അഗസ്റ്റിൻ സഹോദരങ്ങൾ 104 മരങ്ങളാണ് മുറിച്ചു കടത്തിയത്. മൂന്ന് മരങ്ങളാണ് 500ലേറെ വർഷം പഴക്കമുളളത്. ഇതിലൊന്നിന്നാണ് 574 വർഷം പഴക്കം കണ്ടെത്തിയത്. ബാക്കിയുളളവയ്‌ക്ക് 100ലേറെ വർഷം പഴക്കമുണ്ട്. ഇതോടെ റവന്യൂവകുപ്പിന്റെ ഉത്തരവ് പ്രകാരം 1964ന് ശേഷമുളള മരങ്ങളാണ് മുറിച്ചതെന്ന പ്രതികളുടെ വാദം പൊളിഞ്ഞു. മരങ്ങളുടെ കാലപഴക്കം കേസിന്റെ ഗതി മാറ്റും.
ഡിഎൻഎ റിപ്പോർട്ട് കിട്ടിയതോടെ കേസിൽ ഓഗസ്റ്റിൽ കുറ്റപത്രം സമർപ്പിക്കും. കുറ്റപത്രം സമർപ്പിക്കാനുളള നടപടികൾ ദ്രുതഗതിയിലാണെങ്കിലും റവന്യൂ വകുപ്പ് പ്രതികളെ സംരക്ഷിക്കാനുളള നടപടികളാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. താനൂർ ഡി വൈ എസ് പി ബെന്നിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. പോലീസിന്റെ എഫ് ഐ ആർ ഉൾപ്പെടെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട അഗസ്റ്റിൻ സഹോദരങ്ങൾ കോടതിയെ സമീപിച്ചിട്ടുണ്ട്. മരം പിടിച്ചെടുത്ത വനംവകുപ്പ് നടപടിയിലും ഹൈക്കോടതിയിൽ കേസ് നടക്കുന്നുണ്ട്.
















Comments