മുംബൈ: വന്ദേ മാതരം തനിക്ക് പാടാൻ സാധിക്കില്ലെന്ന് മഹാരാഷ്‌ട്ര സമാജ്‌വാദി പാർട്ടി നേതാവും എംഎൽഎയുമായ അബു അസ്മി. അള്ളാഹുവിന് മുന്നിലല്ലാതെ ആരുടെ മുന്നിലും തലകുനിക്കാൻ തനിക്ക് സാധിക്കില്ലെന്നും അതിനാൽ താൻ വന്ദേമാതരം ആലപിക്കാൻ തയ്യാറല്ലെന്നും അബു ആസ്മി പറഞ്ഞു. മഹാരാഷ്‌ട്ര അസംബ്ലിയിലായിരുന്നു അബു അസ്മിയുടെ പരാമർശം.
മുസ്ലീങ്ങളെ ആരും വന്ദേ മാതരം ആലപിക്കാൻ നിർബന്ധിക്കരുത്. ഇന്ത്യയിൽ ജീവിക്കുന്നവർ വന്ദേമാതരം പാടണം എന്നുപറയുന്നത് ശരിയല്ല. തങ്ങളെക്കൊണ്ട് വന്ദേമാതരം പാടാൻ സാധിക്കില്ല. താൻ അള്ളാഹുവിന് മുന്നിലല്ലാതെ തല കുനിക്കില്ല, ഒന്നിനെയും വണങ്ങില്ല. തനിക്ക് വന്ദേമാതരം പാടാൻ സാധിക്കില്ലെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
സഭയിൽ അബുഅസ്മി നടത്തിയ പരാമർശത്തിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി എംഎൽഎമാർ രംഗത്തെത്തി. ഒടുവിൽ സ്പീക്കർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. എന്നാൽ ഇതേ പരാമർശം അദ്ദേഹം സഭയ്‌ക്ക് പുറത്ത് മാദ്ധ്യമങ്ങൾക്ക് മുന്നിലും നടത്തി.
മുൻപും രാഷ്‌ട്ര വിരുദ്ധ പരാമർശം നടത്തിയിട്ടുള്ള നേതാവാണ് അബു അസ്മി. രാമക്ഷേത്ര നിർമ്മാണത്തിനെതിരെയും ലോക്‌സഭയിൽ ചെങ്കോൽ സ്ഥാപിച്ചതിനെതിരെയും വിമർശനവുമായി രംഗത്തുവന്നിരുന്നു. മൻകുർദ് ശിവജി നഗർ എംഎൽഎയായ അബു അസ്മി സമാജ്‌വാദി പാർട്ടി മഹാരാഷ്‌ട്ര ഘടകം അദ്ധ്യക്ഷനാണ്. മഹാവികാസ് അഖാഡിയെ മുന്നണിയ്‌ക്ക് പുറത്തുനിന്ന് പിന്തുണ നൽകിയിരുന്ന എംഎൽഎകൂടിയാണ് അദ്ദേഹം.
Comments