പ്രാഭാസ് ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് പ്രൊജക്ട്- കെ. പ്രഖ്യാപനം മുതൽക്കെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. കമലഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദിഷാ പഠാണി എന്നിവർ സിനിമയുടെ ഭാഗമാകുന്നു എന്നതാണ് സിനിമാ പ്രേമികളെ ആവേശത്തിലാക്കുന്നത്. ചിത്രത്തിൽ പ്രഭാസിന്റെ ക്യാരക്ടർ എന്താണെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇപ്പോഴിതാ, സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
പ്രഭാസിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. പ്രത്യേക സ്യൂട്ട് ധരിച്ച് ഒരു സൂപ്പർ ഹീറോയെ പോലെയാണ് പോസ്റ്ററിൽ പ്രഭാസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ, വരാൻ പോകുന്നത് ഒരു സൂപ്പർ ഹീറോ മൂവിയാണോ എന്ന സംശയത്തിലാണ് സിനിമാ പ്രേമികൾ. 600 കോടി രൂപയാണ് സിനിമയുടെ ബജറ്റ്. പ്രൊജക്ട് കെ-യുടെ ടീസർ ജൂലൈ 21-ന് സാൻ ഡിയാഗോയിൽ നടക്കുന്ന കോമിക്-കോൺ പരിപാടിയിൽ പ്രദർശിപ്പിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ബാഹുബലിക്ക് ശേഷം പ്രഭാസ് ചെയ്ത എല്ലാ ചിത്രങ്ങളും പ്രേക്ഷകരെ നിരാശരാക്കിയിരുന്നു. പ്രൊജക്ട്- കെ, സലാർ എന്നീ ചിത്രങ്ങളിലൂടെ തന്റെ മങ്ങിയ താര പ്രഭാവം പ്രഭാസ് തിരിച്ചു പിടിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നാഗ് അശ്വിനാണ് പ്രൊജക്ട്-കെ സംവിധാനം ചെയ്യുന്നത്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്കിയ സന്തോഷ് നാരായണനാണ് ‘പ്രൊജക്റ്റ് കെ’യുടെ പാട്ടുകള്‍ ഒരുക്കുന്നത്. തിരക്കഥ- സായ് മാധവ് ബുറ. വൈജയന്തി മൂവീസ് നിര്‍മ്മിക്കുന്ന അമ്പതാമത്തെ ചിത്രമാണ് പ്രോജക്ട് കെ. 2024 ജനുവരി 12-ന് സിനിമ തിയറ്ററുകളിലെത്തും. എന്നാൽ പുതിയ ലുക്ക് ഒരു ‘അയൺ മാൻ’-നുമായും ആരാധകർ ഉപമിക്കുന്നുണ്ട്. ‘അയൺ മാൻ 3’ ലെ പോസ്റ്ററും പ്രൊജക്റ്റ് കെയിലെ പോസ്റ്ററും തമ്മിൽ താരതമ്യം ചെയുകയാണ്. നാഗ് അശ്വിന്റെ പ്രൊജക്റ്റ് കെ സയൻസ് ഫിക്ഷൻ സിനിമയാണോ എന്നാണ് പ്രേക്ഷകരുടെ സംശയം.
Comments