ബാലരാമപുരത്ത് കുട്ടികളെ ആക്രമിച്ച തെരുവുനായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Published by
Janam Web Desk

തിരുവനന്തപുരം: ബാലരാമപുരത്ത് കുട്ടികളെ ആക്രമിച്ച തെരുവുനായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ബാലരാമപുരത്തെ വെങ്ങാനൂരിലും പുത്തൻകാനത്തും കുട്ടികൾക്ക് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. രണ്ട് കുട്ടികൾ ഉൾപ്പടെ നാല് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്.

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളെയാണ് തെരുവുനായ ആക്രമിച്ചത്. ഈ നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നായയിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ പാലോട് അനിമൽ ഡിസീസസ് സെന്ററിൽ പരിശോധനയ്‌ക്ക് അയക്കുകയായിരുന്നു. തുടർന്നാണ് നായയ്‌ക്ക് പേവിഷബാധ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചത്. തെരുവുനായ കടിച്ചവരെ ചികിത്സിച്ച ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ പ്രതിരോധ വാക്‌സീൻ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

തെരുവുനായകൾ കുട്ടികളെ ആക്രമിക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചു വരികയാണ്. അടുത്തിടെ തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വീട്ടമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ തെരുവുനായ കടിച്ചുകീറിയിരുന്നു. തെരുവുനായ ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാണ്.

Share
Leave a Comment