ഗുരുവായൂരപ്പന് കാണിക്കയായി തങ്ക കിണ്ടിയും വിശ്വരൂപ കിരീടവും; അമൂല്യമായ കാണിക്കകൾ സമർപ്പിച്ച് ഭക്തർ

Published by
Janam Web Desk

തൃശൂർ: ഗുരുവായൂരപ്പന് കൃഷ്ണനാട്ട വിശ്വരൂപ കിരീടം കാണിക്കയായി സമർപ്പിച്ച് ഭക്തൻ. തിരുവനന്തപുരം സ്വദേശിയാണ് വിശ്വരൂപ കിരീടം സമർപ്പിച്ചത്. ദേവസ്വം ഭരണസമിതി അംഗവും ക്ഷേത്രം ഊരാളനുമായ ബ്രഹ്‌മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കിരീടം ഏറ്റുവാങ്ങി.

കൃഷ്ണനാട്ടത്തിലെ വിശ്വരൂപ കിരീടം നിർമ്മിച്ചത് ശില്പി കെ ജനാർദ്ദനനാണ്. കൃഷ്ണനാട്ടവുമായി ബന്ധപ്പെട്ട് ഭക്തർ വിശ്വാസപൂർവ്വം സമർപ്പിക്കുന്നതാണ് വിശ്വരൂപ കിരീടം വഴിപാട്. ഭഗവാന്റെ വേഷഭൂഷാദികളും കിരീടവും ധരിച്ച് ഭഗവത് സന്നിധിയിൽ ഭക്തൻ സ്വയം സമർപ്പണം ചെയ്യുന്നു എന്നും വിശ്വാസമുണ്ട്.

ഒപ്പം ഗുരുവായൂരപ്പന് കാണിക്കയായി സ്വർണ കിണ്ടിയും സമർപ്പിച്ചു. മുക്കാൽ കിലോഗ്രാം തൂക്കം വരുന്ന തങ്കത്തിലുള്ള കിണ്ടിയാണ് ഭഗവാന് സമർപ്പിച്ചത്. ചെന്നൈ സ്വദേശിയാണ് കിണ്ടി കാണിക്ക നൽകിയത്. 96.5 പവൻ തൂക്കം വരും സ്വർണ കിണ്ടി ക്ഷേത്രം തന്ത്രി പിസി ദിനേശൻ നമ്പൂതിരിപ്പാട് ഏറ്റുവാങ്ങി. കിണ്ടിയ്‌ക്ക് ഏകദേശം 53 ലക്ഷം രൂപയോളം വിലമതിപ്പുണ്ട്.

Share
Leave a Comment