തിരുവനന്തപുരം: മുതലപ്പൊഴിയിലെ അപകടങ്ങളുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പുമായി ഫിഷറീസ് വകുപ്പിന്റെ ചർച്ച മാറ്റിവെച്ചു. സംസ്ഥാന സർക്കാരിന്റെ അസൗകര്യം മൂലമാണ് ചർച്ച മാറ്റിവച്ചത്. മണൽ നീക്കം ചെയ്യുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അടിയന്തര തീരുമാനമെടുക്കാനായി അദാനി ഗ്രൂപ്പുമായി ചർച്ച നടത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു
മുതലപ്പൊഴിയിലെ അപകടങ്ങൾ പതിവായതോടെയാണ് ജനങ്ങൾ സംസ്ഥാന സർക്കാരിനെതിരെ തിരിഞ്ഞത്. കേന്ദ്രം നേതൃത്വത്തിന്റെ സഹായത്തോടെ വിദഗ്ധസമിതി പരിശോധന നടത്തും മുന്നേ അദാനി ഗ്രൂപ്പുമായി ചർച്ച ചെയ്ത് മണൽ നീക്കുന്ന നടപടികളിലേക്ക് കടക്കും എന്നായിരുന്നു സർക്കാർ അറിയിച്ചത്.
എന്നാൽ കേന്ദ്ര വിദഗ്ധ സമിതിയെത്തി പഠനം നടത്തി മൂന്നുദിവസം കഴിഞ്ഞിട്ടും സർക്കാർ ചർച്ചയ്‌ക്കുള്ള നടപടികളിലേക്ക് കടന്നിട്ടില്ല. സർക്കാരിന്റെ അസൗകര്യം മൂലമാണ് ചർച്ച മാറ്റിവെച്ചത്. പുതിയ തീയതി അദാനി ഗ്രൂപ്പിനെ അറിയിച്ചിട്ടുമില്ല.
ഡ്രജിംഗ് നടത്തിയില്ലെങ്കിൽ അപകടങ്ങൾ പതിവാകുമെന്നത് സർക്കാരിന് ഉറപ്പുള്ള കാര്യമാണ്. ഈ സാഹചര്യത്തിലാണ് തുടർനടപടികൾ സ്വീകരിക്കാതെ സർക്കാർ മൗനം പാലിക്കുന്നത്. രണ്ട് തവണ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ മുതലപ്പൊഴിയിൽ ശാസ്ത്രീയ പഠനങ്ങൾ നടത്തിയിട്ട് ഉണ്ടെങ്കിലും വിദഗ്ധ സമിതിയുടെ വിലയിരുത്തലുകൾ ഇതുവരെ അധികൃതരെ അറിയിച്ചിട്ടില്ല.
മാത്രമല്ല ജില്ലയിലെ മന്ത്രിമാരെ ഉൾപ്പെടുത്തി ചർച്ച നടത്തി പരിഹാരങ്ങൾ കണ്ടെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മന്ത്രിസഭയിൽ തീരുമാനമായിട്ടില്ല. അതേസമയം മുതലപ്പൊഴിൽ ബോട്ട് മറിഞ്ഞുള്ള അപകടങ്ങളും പതിവാണ്.
Comments