ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോഹ്ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ തന്റെ 500-ാം മത്സരത്തിനായി ഇന്ന് കളത്തിലിറങ്ങും. വെസ്റ്റ് ഇൻഡീസിനെതിരെ ട്രിനിഡാഡിൽ നടക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റാണ് വിരാടിന് നാഴിക കല്ലാകുന്നത്.500 അന്താരാഷ്‌ട്ര മത്സരങ്ങൾ കളിച്ച ക്രിക്കറ്റ് ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് ഇതോടെ കോഹ്ലിയെത്തും. എല്ലാ ഫോർമാറ്റുകളിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്‌ക്കുന്ന 34 കാരനായ കോഹ്ലി 500 അന്താരാഷ്‌ട്ര മത്സരങ്ങൾ പൂർത്തിയാകുന്ന നാലാമത്തെ ഇന്ത്യൻ താരമാണ്. 499 അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്ന് 558 ഇന്നിംഗ്സുകളിൽ നിന്ന് 53.48 ശരാശരിയിൽ 25,461 റൺസ് കോഹ്ലി നേടിയിട്ടുണ്ട്. 75 സെഞ്ചുറികളും 131 അര്‍ദ്ധസെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. 254-ാണ് മത്സരങ്ങളിലെ മികച്ച സ്‌കോർ. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ ആറാമത്തെ താരവും ഏറ്റവും കൂടുതൽ സ്വെഞ്ചറികൾ നേടിയ രണ്ടാമത്തെ താരവുമാണ് വിരാട് കോഹ്ലി.
പട്ടികയിൽ ആദ്യസ്ഥാനത്ത് 664 അന്താരാഷ്‌ട്ര മത്സരങ്ങൾ പൂർത്തിയാക്കിയ ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറാണ്. മറ്റ് രണ്ട് പേർ മഹേന്ദ്രസിങ് ധോണിയും നിലവിലെ പരിശീലകനായ രാഹുൽ ദ്രാവിഡും. 538 തവണയാണ് അന്താരാഷ്‌ട്ര മത്സരങ്ങളിൽ ധോണി രാജ്യത്തെ പ്രതിനിധീകരിച്ചതെങ്കിൽ 509 മത്സരങ്ങളിലാണ് രാഹുൽ ദ്രാവിഡ് ഇന്ത്യയ്‌ക്ക് വേണ്ടി മൈതാനത്തിറങ്ങിയത്. മഹേല ജയവർദ്ധനെ (652), കുമാർ സംഗക്കാര (594), സനത് ജയസൂര്യ (586), റിക്കി പോണ്ടിംഗ് (560), ഷാഹിദ് അഫ്രീദി (524), ജാക്വസ് കാലിസ് (519) എന്നിവരാണ് ഈ ലിസ്റ്റിലുള്ള മറ്റ് താരങ്ങൾ.
കോഹ്ലി ഇന്ത്യൻ ടീമിലെ നിരവധി താരങ്ങൾക്കും ഇന്ത്യയിലെ നിരവധി ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും പ്രചോദനമാണ്. കളിക്കളത്തിലിറങ്ങുന്നതിന് മുമ്പുളള കോഹ്ലിയുടെ പരിശ്രമത്തിന്റെ ഫലമാണിത്. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി രാഹുൽ ദ്രാവിഡ് പറഞ്ഞു.
ഇന്ത്യക്കായി 110 ടെസ്റ്റുകൾ കളിച്ച കോഹ്ലി 48.88 ശരാശരിയിൽ 8,555 റൺസ് നേടിയിട്ടുണ്ട്. 28സെഞ്ച്വറികളും 29 അര്‍ദ്ധസെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. ഏകദിനങ്ങളിൽ 274 മത്സരങ്ങളിൽ നിന്ന് 57.32 ശരാശരിയിൽ 12,898 റൺസ് കോഹ്ലി നേടിയിട്ടുണ്ട്. 46 സെഞ്ച്വറികളും 65 അര്‍ദ്ധസെഞ്ച്വറികളും ഇതിൽ ഉൾപ്പെടും. ഏകദിനക്രിക്കറ്റിൽ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് കോഹ്ലി. ടി20 ൽ 115 മത്സരങ്ങളിൽ നിന്ന് 52.73 ശരാശരിയിൽ 4,008 റൺസ് നേടിയിട്ടുളള താരം ഈ ഇനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്.
Comments