അഹമ്മദാബാദ് : 2002ലെ ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകൾ നിർമ്മിച്ച കേസിൽ കുറ്റവിമുക്തയാക്കാനുള്ള ടീസ്റ്റ സെതൽവാദിന്റെ അപേക്ഷ വ്യാഴാഴ്ച (ജൂലൈ 20) അഹമ്മദാബാദിലെ സെഷൻസ് കോടതി തള്ളി. ഹർജി തള്ളിയതിന് പുറമേ, ജൂലൈ 24 മുതൽ വിചാരണ നടപടികൾ ആരംഭിക്കാൻ അഡീഷണൽ സെഷൻസ് ജഡ്ജി എ ആർ പട്ടേൽ പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും നിർദ്ദേശിച്ചു.
കുറ്റവിമുക്തയാക്കാൻ ഗുജറാത്ത് ഹൈക്കോടതിവിസമ്മതിച്ചതിനെ തുടന്ന്, ടീസ്റ്റ സെതൽവാദിന് ബുധനാഴ്ച (ജൂലൈ 19) സുപ്രീം കോടതി ജാമ്യം അനുവദിച്ചു.
സെതൽവാദിനെയും മുൻ സംസ്ഥാന പോലീസ് ഡയറക്ടർ ജനറൽ ആർ.ബി. ശ്രീകുമാർ, മുൻ ഇന്ത്യൻ പോലീസ് സർവീസ് ഓഫീസർ സഞ്ജീവ് ഭട്ട് എന്നിവരെയും 2022 ജൂണിൽ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. 2002 ലെ ഗോധ്രാനന്തരകലാപക്കേസുകളിൽ ഗുജറാത്ത് സർക്കാർ ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കുക എന്ന ഉദ്ദേശത്തോടെ വ്യാജ തെളിവുകൾ ഉണ്ടാക്കിയതിന് ഇവർക്കെതിരെ കേസെടുത്തു.
അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി, മുതിർന്ന ഉദ്യോഗസ്ഥർ, സംസ്ഥാന മന്ത്രിമാർ എന്നിവരുൾപ്പെടെ നിരപരാധികളെ കള്ളക്കേസിൽ കുടുക്കാൻ കലാപത്തിന് ഇരയായവരുടെ പേരിൽ സത്യവാങ്മൂലം തയ്യാറാക്കിയതായി സെതൽവാദിന്റെ വിടുതൽ ഹർജിക്ക് മറുപടിയായി സംസ്ഥാന സർക്കാർ രേഖാമൂലമുള്ള മറുപടിയിൽ ബോധിപ്പിച്ചു.സെതൽവാദ് തയ്യാറാക്കിയ കലാപബാധിതരുടെ സത്യവാങ്മൂലത്തിലും കോടതിയിൽ നൽകിയ സ്വന്തം മൊഴികളിലും സർക്കാർ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി.പ്രതികൾക്കെതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകളും ന്യായീകരണങ്ങളുമുണ്ടെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.
ചില വ്യക്തികൾ ഗൂഢലക്ഷ്യങ്ങൾക്കായി കേസ് “തിളപ്പിച്ച്” സൂക്ഷിച്ചുവെന്നും, അത്തരം പ്രക്രിയയുടെ ദുരുപയോഗത്തിൽ ഏർപ്പെട്ടിരിക്കുന്നവർ നിയമപ്രകാരം ഉത്തരവാദികളായിരിക്കണമെന്നും വിധിയിൽ ചൂണ്ടിക്കാട്ടി. ടീസ്റ്റ സെതൽവാദിനെയും മറ്റ് പ്രതികളെയും പരാമർശിച്ചായിരുന്നു ഇത്. കേസിൽ നിന്ന് വിടുതൽ ചെയ്യണമെന്ന ആർ ബി ശ്രീകുമാറിന്റെ ആവശ്യം ജഡ്ജി എ ആർ പട്ടേൽ നേരത്തെ തള്ളിയിരുന്നു.സഞ്ജീവ് ഭട്ട് ഇതുവരെ ഈ ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടില്ല.
അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ടീസ്റ്റ സെതൽവാദിനും കുത്തബ്ദ്ധീൻ അന്സാരിക്കും 30 ലക്ഷം രൂപ നൽകിയെന്ന് സെതൽവാദിന്റെ സിറ്റിസൺ ഫോർ പീസ് എന്ന എൻജിഒയുടെ മുൻ ജീവനക്കാരനായ റയീസ് ഖാൻ പത്താൻ, നരേന്ദ്ര ബ്രഹ്മഭട്ട് എന്നിവർ മൊഴി നൽകിയിട്ടുണ്ട്. ഇതും കോടതി പരിഗണിച്ചു.
Comments