പാരിസ്: പിഎസ്ജിയുടെ ജപ്പാനിലേക്കുള്ള പര്യടനത്തിനുള്ള പ്രീസീസൺ സ്‌ക്വാഡിൽനിന്ന് സൂപ്പർതാരം എംബാപ്പയെ ഒഴിവാക്കി. ഈ മാസം അവസാനം ആരംഭിക്കുന്ന പര്യടനത്തിനുള്ള ടീമിൽനിന്നാണ് താരത്തെ മാറ്റിനിർത്തിയത്. എന്നാൽ താരത്തെ മാറ്റി നിർത്തിയതിനുളള കാരണം ക്ലബ്ബ് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ടീമിലുണ്ട്. പിഎസ്ജി അടുത്തിടെ ക്ലബിലെത്തിച്ച എംബാപ്പെയുടെ സേഹാദരൻ എഥാൻ എംബാപ്പെയും പര്യടനത്തിൽ ഇടം നേടി.
പിഎസ്ജിയുമായി താരത്തിന് 2024 വരെയാണ് കരാർ ഉളളത്. എന്നാൽ 2025 വരെ ക്ലബ്ബിൽ തുടരണമെന്ന് താരത്തെ ക്ലബ്ബ് അറിയിച്ചിരുന്നു. എന്നാൽ കരാർ അവസാനിക്കുന്നതോടെപുതുക്കാൻ താത്പര്യമില്ലെന്നും താൻ ക്ലബ്ബ് വിടുമെന്നും എംബാപ്പെ കത്തിലൂടെ പിസിജിയെ അറിയിച്ചു. എന്നാൽ താരത്തെ ഫ്രീ ഏജന്റായി വിടാൻ സാധിക്കില്ലെന്നും ഏറ്റവും മൂല്യമുള്ള കളിക്കാരനെ അങ്ങനെ വിടുമ്പോൾ അത് തങ്ങൾക്ക് നഷ്ടമാണെന്നുമായിരുന്നു പി.എസ്.ജിയുടെ മറുപടി.
ഈ സീസണിലോ ക്ലബ്ബുമായുളള കരാർ അവസാനിപ്പിക്കുന്നതിന് മുമ്പോ താരത്തെ വിൽക്കാനാണ് പിഎസ്ജിയുടെ ശ്രമം. സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽ ചേരാനാണ് താരത്തിന് താത്പര്യമെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ കാര്യത്തിൽ ഇതുവരെ താരം പ്രതികരിച്ചിട്ടില്ല.
Comments