തെലുങ്ക് സൂപ്പർസ്റ്റാർ പവൻ കല്യാണും സായ് ധരം തേജും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രോ. തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായ വിനോദായ സീതത്തിന്റെ ഔദ്യോഗിക റീമേക്കാണ് ഈ ചിത്രം. ഇരു താരങ്ങളും ഒന്നിക്കുന്നു എന്ന പ്രത്യേകത കൊണ്ടുതന്നെ ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ, സിനിമയുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
തമിഴ് പതിപ്പ് സംവിധാനം ചെയ്ത സമുദ്രക്കനി തന്നെയാണ് തെലുങ്ക് റീമേക്കും സംവിധാനം ചെയ്യുന്നത്. മരണശേഷം തെറ്റുകൾ തിരുത്താൻ ജീവിതത്തിൽ രണ്ടാമതൊരു അവസരം ലഭിക്കുന്ന ഒരാളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. പവൻ കല്യാണിനെയും സായ് ധരം തേജയെയും കൂടാതെ കേതിക ശർമ്മ, പ്രിയ പ്രകാശ് വാര്യർ, രോഹിണി, ബ്രഹ്മാനന്ദം, സുബ്ബരാജു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ത്രിവിക്രം ശ്രീനിവാസ് ആണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സീ സ്റ്റുഡിയോസിനൊപ്പം ചേർന്ന് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടിജി വിശ്വ പ്രസാദ് ആണ് സിനിമ നിർമ്മിക്കുന്നത്. സംഗീത സംവിധായകൻ-തമൻ എസ്. ഡിഒപി-സുജിത് വാസുദേവ്, എഡിറ്റർ-നവീൻ നൂലി, കലാസംവിധാനം- എഎസ് പ്രകാശ് ബേസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Comments