മലപ്പുറം; ചതുരംഗത്തിലെ പടയാളികളും രാജാവുമെല്ലാം അവർക്ക് ഒരുപോലെയായിരുന്നു,നിറ വ്യത്യാസമേതുമില്ല… എങ്കിലും തൊട്ടറിഞ്ഞ് അവർ കരുക്കൾ നീക്കി പടനയിക്കുമ്പോൾ ആ യുദ്ധത്തിനൊരു സൗന്ദര്യമുണ്ട്.. അത് ആസ്വദിക്കാൻ കാഴ്ചപരിമിതരുടെ സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിൽ കാഴ്ചക്കാരായെത്തിയത് നിരവധിപേരാണ്.
കേരള ചെസ് അസോസിയേഷൻ ഫോർ ദ് ബ്ലൈൻഡും എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദ് ഡിസേബിൾഡും ചേർന്നു സംഘടിപ്പിച്ച കാഴ്ചപരിമിതർക്കുള്ള സംസ്ഥാനതല ചെസ് മത്സരത്തിന് കഴിഞ്ഞ ദിവസം മലപ്പുറം കൊണ്ടോട്ടി പുളിക്കൽ എബിലിറ്റി ക്യാമ്പസിൽ തുടക്കമായി. വിവിധ ജില്ലകളിൽനിന്നുള്ള വനിതകളടക്കം നൂറോളം കാഴ്ച പരിമിതരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഷെജിനി ഉണ്ണി ഉദ്ഘാടനം ചെയ്തു.
ചെസ് അസോസിയേഷൻ ഫോർ ദ് ബ്ലൈൻഡ് സംസ്ഥാന പ്രസിഡന്റ് വി.എസ്.ബിനോയ് അധ്യക്ഷത വഹിച്ചു.അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഇ.പി.നൗഷാദ്, എബിലിറ്റി ഫൗണ്ടേഷൻ ചെയർമാൻ കെ.അഹമ്മദ്കുട്ടി, ജമാൽ പുളിക്കൽ, കബീർ മോങ്ങം, എം.കെ.അബ്ദുറസാഖ്, അബ്ദുൽ ലത്തീഫ് വൈലത്തൂർ, എ.പി.ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് സമാപന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്യും.
Comments