തിരുവനന്തപുരം: 10,475 കോടി രൂപയുടെ കേന്ദ്ര പദ്ധതി ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ. വൈദ്യുതി ചാർജ് ഡിജിറ്റലായി അറിയാൻ സഹായിക്കുന്ന ഉപകരണമായ സ്മാർട്ട് മീറ്റർ പദ്ധതിയാണ് കേരളം ഉപേക്ഷിക്കുന്നത്. ഇടതുസംഘടനകളുടെയും സിപിഎം കേന്ദ്ര നേതൃത്വത്തിന്റെയും സമ്മർദ്ദഫലമായാണ് തീരുമാനം.
സ്മാർട്ട് മീറ്റർ പദ്ധതിയ്‌ക്കായി അനുവദിച്ച 8,206 കോടി രൂപയ്‌ക്ക് പുറമേ വൈദ്യുതി വിതരണനഷ്ടം കുറയ്‌ക്കുന്നതിനുള്ള 2,269 കോടിയുടെ പദ്ധതിയുൾപ്പെടെ 10,475 കോടി രൂപയായിരുന്നു കേന്ദ്രം പദ്ധതി പ്രകാരം നൽകാനിരുന്നത്. തിരിച്ചടയ്‌ക്കേണ്ടാത്ത 2000 കോടി രൂപയും കേന്ദ്ര ഗ്രാന്റും പദ്ധതിയുടെ ഭാഗമായിരുന്നു. രാഷ്‌ട്രീയ സമ്മർദ്ദം മൂലം ബൃഹത്തായ പദ്ധതിയാണ് കേരളത്തിന് നഷ്ടമാകുന്നത്. പദ്ധതി ഉപേക്ഷിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന് കേരളം ഉടൻ കത്ത് നൽകുമെന്നാണ് വിവരം.
ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് രേഖപ്പെടുത്തുന്ന ഇലക്ട്രോ-മെക്കാനിക്കൽ മീറ്ററിന് പകരം മൊബൈൽഫോൺ സിം കാർഡ് ചാർജ് ചെയ്യുന്നതിന് സമാനമായ രീതിയിൽ കെഎസ്ഇബി ഓഫീസിൽ ഇരുന്ന് വൈദ്യുതി ചാർജ് ചെയ്യാനും നിയന്ത്രിക്കാനും കഴിയുന്ന ഡിജിറ്റൽ മീറ്ററിംഗ് ഉപകരണമാണ് സ്മാർട്ട് മീറ്റർ.പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ, വൈദ്യുതി വിതരണ നഷ്ടം കുറയ്‌ക്കൽ എന്നിവ ഒന്നിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് റിവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്‌കീം. 3,03,758 കോടി രൂപയാണ് രാജ്യത്താകെ പദ്ധതി നടപ്പാക്കാൻ അനുവദിച്ചിരിക്കുന്നത്. 2025-26 സാമ്പത്തിക വർഷത്തിനുള്ളിൽ പദ്ധതി പൂർത്തികരിക്കണമെന്നാണ് വ്യവസ്ഥ.
2019-ലാണ് കെഎസ്ഇബി പദ്ധതി ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ കേശവദാസപുരത്ത് പരീക്ഷാണടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കാനും തീരുമാനമായി. ഇതിനായി ടെൻഡർ വിളിച്ചെങ്കിലും കമ്പനി രേഖപ്പെടുത്തിയ തുക കൂടുതലായതിനാൽ പദ്ധതി പ്രതിസന്ധി നേരിട്ടു. പിന്നീട് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ് 10,475 കോടി രൂപയുടെ പദ്ധതി കേന്ദ്ര ഊർജ്ജമന്ത്രാലയത്തിന് സമർപ്പിച്ചത്. പദ്ധതി നിർവഹണത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന കമ്പനി 27 മാസ സമയത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണമെന്നും തുടർന്ന് മീറ്ററുകൾ പ്രവർത്തനക്ഷമമാക്കി പരിപാലിച്ചതിന് ശേഷമേ കെഎസ്ഇബിയ്‌ക്ക് കൈമാറുകയുള്ളൂവെന്നും കേന്ദ്രം വ്യക്തമാക്കി.
വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കുന്നവെന്ന് ആരോപിച്ചാണ് ഇടതുസംഘടനകളും കേന്ദ്ര സിപിഎം നേതൃത്വവും രംഗത്തെത്തിയത്. ഒന്നാം ഘട്ടത്തിൽ 36 ലക്ഷം സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനായുള്ള ടെൻഡർ നടപടി ഇടതുസംഘടകൾ മുടക്കി. ഇതോടെ സമയപരിധിയ്‌ക്കുള്ളിൽ പുരോഗതി കൈവരിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. തുടർന്ന് മുൻകൂറായി ലഭിച്ച തുകയിൽ ഭൂരിഭാഗവും തിരികെ നൽകേണ്ടി വന്നു. ഇടതുസംഘടനകളുടെ എതിർപ്പിന് വഴങ്ങി സർക്കാർ 67 കോടിയോളമാണ് മുടിച്ചത്.
Comments