മലപ്പുറം; ആ ചാട്ടം പിഴച്ചതല്ല.. തെങ്ങ് ചതിച്ചതാ.. വൈറലായ ആ വീഡിയോ കണ്ടാൽ ആരും ഇങ്ങനെ പറഞ്ഞുപോകും. സംഭവം മലപ്പുറത്താണ്. കെട്ടുങ്ങൽ ചിറയിലേക്ക് ചാടാനായി വൈറൽ തെങ്ങിൽ കയറിയ യുവാക്കൾ തെങ്ങ് പൊട്ടിയതോടെ തെറിച്ചുവീഴുന്ന ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമത്തിൽ വൈറലായത്.
തെങ്ങിൽകയറി ഇരുപ്പുറപ്പിച്ച നാലുപേർ അഭ്യാസ പ്രകടനങ്ങൾ തുടങ്ങുന്നതിന് നിമഷങ്ങൾക്ക് മുന്നേയാണ് തെങ്ങ് പൊട്ടിയത്. ഇതോടെ ഇരിപ്പുറപ്പിച്ചവർ ആടിയുലഞ്ഞ് കൂടുതൽ ഉയരത്തിലേക്ക് പൊങ്ങി ചിറയിലേക്ക് പതിച്ചു. തെങ്ങ് ആദ്യവും കയറിയവർ പിന്നാലെയും വീണതിനാൽ പരിക്കില്ലാതെ യുവാക്കൾ തലനാരിഴയ്‌ക്ക് രക്ഷപ്പെടുകയായിരുന്നു.
കാഴ്ചക്കാർ ഫോണിൽ പകർത്തിയ തെങ്ങ് പൊട്ടിവീഴുന്ന വീഡിയോ വൈറലായിട്ടുണ്ട്. യുവാക്കളെ കാളികാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. കുരുളായി സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്
കാളികാവ്, ചോക്കാട് പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കെട്ടുങ്ങൽ ചിറയിലാണ് സംഭവം. തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രമായ ചിറയ്‌ക്ക് താഴെഭാഗം മനോഹരമായ വെള്ളച്ചാട്ടമാണ്. നീന്തിക്കുളിക്കാനാണ് കൂടുതൽപേരും എത്തുന്നത്.
Comments