ചെന്നൈ: ഉത്തിരം 2023 രക്തദാന മാരത്തോണിൽ പങ്കെടുക്കുമ്പോൾ, തന്നെ കൊണ്ട് കഴിയുന്ന സഹായങ്ങൾ നാടിനും പാവപ്പെട്ടവർക്കും ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ആയിരിക്കും അവൻ ആ മാരത്തോണിനായി നിന്നിട്ടുണ്ടാവുക. എന്നാൽ ജീവിതത്തിന്റെ മാരത്തോൺ ബാക്കിയാക്കി അവൻ വിട പറഞ്ഞു. ഞായറാഴ്ച മധുരയിൽ നടന്ന രക്തദാന മാരത്തോണിൽ പങ്കെടുത്ത 20 വയസുകാരൻ ദിനേഷ് കുമാറാണ് ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്.
ആരോഗ്യമന്ത്രി എം.എ സുബ്രഹ്മണ്യൻ, കൊമേഷ്യൽ ടാക്സസ് ആൻഡ് രജിസ്ട്രേഷൻ മന്ത്രി പി. മൂർത്തി എന്നിവർ ചേർന്നായിരുന്നു പരിപാടി ഫ്ളാഗ് ഓഫ് ചെയ്തത്. തുടർന്ന് മാരത്തോൺ വിജയകരമായി പൂർത്തീകരിച്ച ദിനേഷിന് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. തുടർന്ന് ഇവർ ചേർന്ന് ദിനേഷിനെ തൊട്ടടുത്തുള്ള രാജാജി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മരണത്തിന്റെ മറ്റു കാരണങ്ങൾ അറിയാനായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. കല്ലകുറിച്ചി സ്വദേശിയായ ദിനേഷ് കുമാർ മധുരയിലെ ഒരു സ്വകാര്യ കോളേജിൽ അവസാനവർഷ എഞ്ചിനീയർ വിദ്യാർത്ഥിയായിരുന്നു.
Comments