ഡൽഹി: ഇന്ത്യയിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുന്നതിനെ അനുകൂലിച്ച് രാഷ്‌ട്രീയ വിദഗ്ധനും പാകിസ്താൻ വംശജനും എഴുത്തുകാരനുമായ ഇഷ്തിയാക് അഹമ്മദ്. ഇന്ത്യയിലെ മുസ്ലീങ്ങൾ സുരക്ഷിതമാണെന്നും അവർക്ക് ഭൂരിപക്ഷ സമുദായത്തിന്റെ ഭാഗത്തു നിന്ന് യാതൊരു തരത്തിലുമുള്ള ഭീഷണികളും നേരിടേണ്ടി വരുന്നില്ലെന്നും സിഎൻഎൻഎൻ-ന്യൂസ് 18-ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഇഷ്തിയാക് അഹമ്മദ് വ്യക്തമാക്കി. സ്റ്റോക്ക്ഹോം യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് എമെരിറ്റസ് പ്രൊഫസർ കൂടിയാണ് അദ്ദേഹം.
‘യൂണിഫോം സിവിൽ കോഡിൽ(യുസിസി) ശക്തമായ വിശ്വാസമുള്ളയാളാണ് ഞാൻ. മുസ്ലീം സ്ത്രീകളോട് വിവേചനം കാണിക്കരുത്. പൊതുവായ ക്രിമിനൽ നിയമങ്ങൾ ഉണ്ടെങ്കിൽ, പൊതു സിവിൽ നിയമങ്ങളും ഉണ്ടാകണം. അത് നടപ്പാക്കാതിരിക്കാൻ ഒരു കാരണവുമില്ല. ഞാൻ അതിനെ പൊതു പൗര കോഡ് എന്ന് വിളിക്കുന്നു. യുസിസി എന്നാൽ, വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ, പരിപാലനം തുടങ്ങിയ കാര്യങ്ങളിൽ എല്ലാ മതവിഭാഗങ്ങൾക്കും ബാധകമായ ഒരു നിയമം എന്നാണ് അർത്ഥമാക്കുന്നത്. പ്രത്യേക സമുദായങ്ങൾക്ക് പ്രത്യേക നിയമങ്ങൾ എന്ന ഇരട്ട സമ്പ്രദായം ഒരു രാജ്യത്ത് ശരിയല്ല’.
പാകിസ്താൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയുടെ ആദർശങ്ങളെക്കുറിച്ചും ഇഷ്തിയാക് അഹമ്മദ് പറഞ്ഞു. ‘ജിന്ന ഒരിക്കലും ഒരു മതേതര മുസ്ലീം ജനാധിപത്യം ആഗ്രഹിച്ചിരുന്നില്ല. പാകിസ്താനെ ഒരു വംശീയ-മത രാഷ്‌ട്രമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. അദ്ദേഹത്തിന്റെ വിവിധ പുസ്തകങ്ങൾ നോക്കി വിശകലനം ചെയ്തിട്ടാണ് ഞാനിത് പറയുന്നത്. ഇന്ത്യയിൽ തങ്ങിനിൽക്കുന്ന മുസ്ലീങ്ങൾ പാകിസ്താനിലേക്ക് ഓടിക്കയറി രാജ്യത്തെ കീഴടക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഒരേയൊരു ഭയം’- എന്നും ഇഷ്തിയാക് അഹമ്മദ് അദ്ദേഹം പറഞ്ഞു.
Comments