ഹൈന്ദവ ആചാരപ്രകാരം നടത്തുന്ന എല്ലാ കർമ്മങ്ങളും ഗണപതി പൂജയോടുകൂടിയാണ് ആരംഭിക്കുന്നത്. പ്രതിബന്ധങ്ങളെ അകറ്റി, സർവ്വകർമ്മങ്ങൾക്കും മംഗള പരിസമാപ്‌തിക്കുവേണ്ടിയാണത്.
പ്രപഞ്ചകാരകനായ ശ്രീമഹാദേവന്റെ ആകാശാoഗമാണ് ഗണപതി. ഈശ്വരനിൽനിന്നും ആദ്യമുണ്ടായത് ഓംകാരമാണ് പ്രണവത്തിന്റെ ആന്തരിക അർത്ഥo ഗണപതിയുടെ രൂപ ഭാവങ്ങളിലൂടെ വെളിവാക്കപ്പെടുന്നു. നിൽക്കുന്നതും, ഇരിക്കുന്നതും, നൃത്തം ചെയ്യുന്നതും തുമ്പിക്കൈ ഇടത്തോട്ട് പിരിഞ്ഞും വലത്തോട്ട് പിരിഞ്ഞുമൊക്കെയായ ഗണപതി വിഗ്രഹങ്ങൾ ഉണ്ട്. ബാല ഗണപതി, ശക്തിഗണപതി, വിദ്യാഗണപതി, സിദ്ധിഗണപതി, വിഘ്നരാജ ഗണപതി, ഋണമോചക ഗണപതി, പഞ്ചമുഖഗണപതി, മഹാഗണപതി എന്നിങ്ങനെ 51 രൂപങ്ങൾ ഗണപതിക്ക് കൽപ്പിക്കപ്പെടുന്നു. ഓരോ രൂപത്തിനും പ്രത്യേക നിറങ്ങളും അടയാളങ്ങളുമുണ്ട്.
ഗണപതിയുടെ നാലു തൃക്കരങ്ങളിൽ പാശം (കുരുക്കിട്ട കയർ), അങ്കുശം (ആനത്തോട്ടി), ഒടിഞ്ഞ കൊമ്പ്, മോദകം എന്നിവ ധരിച്ചിരിക്കുന്നു. നിയന്ത്രണമില്ലാത്ത മോഹങ്ങളുടെ മായയിൽ അകപ്പെട്ട മനുഷ്യർ നാശത്തിലേക്ക് പതിക്കും.ഭക്തരുടെ ആശകളെ നിയന്ത്രിച്ച് ആത്മബോധമുണർത്തി നന്മയിലേക്ക് നയിക്കുന്നതിന്റെ അടയാളമാണ് പാശായുധം. മദമിളകിയ ആനയെ അങ്കുശം ഉപയോഗിച്ചു നിയന്ത്രിക്കുംപോലെ, ആപത്തുകളും ക്ഷോഭങ്ങളുമകറ്റി മനസ്സിനെ ഏകാഗ്രമാക്കി നേർവഴിനടത്തുന്നതിനായി അങ്കുശം ധരിച്ചിരിക്കുന്നു.
വിരുദ്ധങ്ങളായ ദ്വന്തഭാവനയുടെ പ്രതീകങ്ങളാണ് രണ്ടുകൊമ്പുകൾ. ദ്വാന്താതീതഭാവമാണ് ഒടിഞ്ഞ കൊമ്പ്. മോദകമെന്ന പദം മോദിപ്പിക്കുന്നത് അതായത് ആനന്ദിപ്പിക്കുന്നത് എന്നർത്ഥo. ലൗകീക സുഖങ്ങൾക്ക് പിന്നാലെ അലയാതെ ആത്മീയതലങ്ങളിൽ മുഴുകി ജീവിക്കുന്നവരുടെ മനസ്സിൽ എപ്പോഴും സന്തോഷം നിറഞ്ഞിരിക്കും
കൊമ്പുകൾക്ക് മദ്ധ്യത്തിലൂടെയുള്ള തുമ്പിക്കൈ നന്മയെയും തിന്മയെയും വേർതിരിച്ചു മനസ്സിലാക്കുവാനുള്ള കഴിവിനെ സൂചിപ്പിക്കുന്നു.ഒരു വൻവൃക്ഷത്തെ അനായസേന പിഴുതെടുക്കുവാനും, നിലത്തുവീണുകിടക്കുന്ന ഒരു ഇലയെ നുള്ളിയെടുക്കുവാനും തുമ്പിക്കൈയ്യാൽ സാധിക്കും.അതായത് തന്റെ ഭക്തൻ എത്ര ധനികനോ, ദരിദ്രനോ ആവട്ടെ, പണ്ഡിതനോ പാമരനോ ആകട്ടെ… അവരെ ഭാവഭേദങ്ങൾ കൂടാതെ ശ്രീഗണപതി സംരക്ഷിക്കുന്നു.
ഓംകാര ശബ്ദത്തിൽ അഘിലാണ്ഡങ്ങളും അടങ്ങുന്നതിന്റെ സൂചനയാണ് കുടവയർ.അങ്ങനെയുള്ള രൂപമെങ്കിലും കേവലം ഒരു മൂഷികനു പോലും തന്നെ വഹിക്കുവാനാകുമെന്ന് മൂഷികവാഹനത്വം സൂചിപ്പിക്കുന്നു. ഏകദന്തം എന്നതിലെ ഏകം മായയേയും ദന്തം ചലിപ്പിക്കുന്നവൻ എന്നതിനെയും അർത്ഥമാക്കുന്നു. തന്റെ മായശക്തിയാൽ ലോകത്തെ പരിപാലിക്കുന്നവൻ എന്നതാണ് ഏകദന്തൻ എന്ന പദത്തിന്റെപൊരുൾ
.
ഓം.
എല്ലാഗുണങ്ങളുടെയും, നാഥന്മാരുടെയും നാഥനായ അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു… കവികളിൽ കവിയും ശ്രേഷ്ഠൻമാരിൽ ശ്രേഷ്ഠനും രാജാക്കന്മാരിൽ അത്യുന്നതനും വേദങ്ങളുടെപൊരുളറിയുന്നവരിൽ അഗ്രഗണ്യനുമായ ഭഗവാനേ… ഞങ്ങളുടെ പ്രാർത്ഥനയിൽ പ്രസാദിച്ച് അനുഗ്രഹസന്നദ്ധനായി ഇവിടേയ്‌ക്ക് വരേണമേ…
സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് ഉൾപ്പെടെയുള്ള ഗുരു പരമ്പരയോട് കടപ്പാട്.
ഓം തത് സത്
തയ്യാറാക്കിയത്
മുരുകൻ ആചാരി ചെങ്ങന്നൂർ
ഫോൺ : 8129527053
.
Comments