പത്താം പിറന്നാൾ ദിനത്തിൽ ശബരിമലയിലെത്തി അയ്യപ്പനെ കണ്ട് വണങ്ങി കുഞ്ഞുമാളികപ്പുറം ദേവനന്ദ. മാളികപ്പുറം എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ കയറിക്കൂടിയ ബാലതാരമാണ് പിറന്നാൾ ദിനത്തിൽ മലകയറിയത്. ഇനി സ്വാമിയെ കാണാൻ 40 വർഷത്തോളം കാത്തിരിക്കണമെന്നും ദേവനന്ദ പങ്കുവെച്ച ചിത്രങ്ങൾക്കൊപ്പം കുറിച്ചു. ശബരിമലയിൽ നിന്നുള്ള ഒരു വീഡിയോയും കുട്ടിത്താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
അയ്യപ്പ ഭക്തയായ ദേവനന്ദ 75 ദിവസം വ്രതമനുഷ്ടിച്ചായിരുന്നു മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിൽ അഭിനയിച്ചത്. പത്താം പിറന്നാൾ വന്നെത്തിയതോടെ ഇനി മല ചവിട്ടണമെങ്കിൽ കുട്ടിത്താരത്തിന് നാൽപ്പത് വർഷം കൂടി കാത്തിരിക്കണം. സ്വാമിയെ കാണുന്നതിനായുള്ള കാത്തിരിപ്പ് മറ്റെന്തിനേക്കാളും വലുതാണെന്നാണ് ദേവനന്ദ പറയുന്നത്.
‘ഇനി സ്വാമിയെ കാണാൻ 40 വർഷത്തെ കാത്തിരിപ്പാണ്, അതിലും വലുതല്ല മറ്റ് എന്തിന് വേണ്ടിയുള്ള കാത്തിരിപ്പും, കഴിഞ്ഞ ദിവസം മലയിൽ പോയി ഭഗവാനെ കണ്ടപ്പോൾ.’- ശബരിമലയിൽ ദർശനം നടത്തുന്ന വീഡിയോയ്‌ക്കൊപ്പം ദേവനന്ദ പറഞ്ഞത് ഇങ്ങനെയായിരുന്നു.
ഉണ്ണിമുകുന്ദൻ നായകവേഷത്തിലെത്തിയ മാളികപ്പുറം ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ദേവനന്ദ. ചിത്രത്തിൽ ടൈറ്റിൽ റോളിൽ തകർത്തഭിനയിച്ച താരത്തിന് ആരാധകർ ഏറെയാണ്. തൊട്ടപ്പൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരം മൈസാന്റാ, മിന്നൽ മുരളി,ഹെവൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.
















Comments