ഇംഫാൽ: മ്യാൻമാറിൽ നിന്ന് 718 പേർ അനധികൃതമായി മണിപ്പൂരിലേക്ക് കടന്നതായി പോലീസ് കണ്ടെത്തി. മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങൾക്ക് പിന്നിൽ വിദേശ ശക്തികളുടെ സാന്നിധ്യം ഉണ്ടെന്ന് രഹസ്യാനേഷണ വിഭാഗങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് അനധികൃത കടന്നുകയറ്റം കണ്ടെത്തിയത്.
ഗോത്ര വിഭാഗങ്ങളായ കുക്കി – മേയ്ത്തി വിഭാഗങ്ങൾ തമ്മിലാണ് മണിപ്പൂർ സംഘർഷമെങ്കിലും , പിന്നിൽ ചൈന അടക്കമുള്ള വിദേശ ചില വിദേശ രാജ്യങ്ങളുടെ സാന്നിധ്യം രഹസ്യാന്വേഷണ വിഭാഗങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മ്യാൻമാറിൽ നിന്ന് 718 പേർ മണിപ്പൂരിലേക്ക് എത്തിയതായി പോലീസിന് റിപ്പോർട്ട് ലഭിച്ചത്. ഈ മാസം 22, 23 തീയതികളിലാണ് ഇത്രയും പേർ മതിയായ രേഖകളില്ലാതെ മണിപ്പൂരിലെത്തിയത്. പിന്നീട് ഇവർ സംഘർഷ മേഖലയിലേക്ക് കടന്നതായാണ് പോലീസ് കണ്ടെത്തിയത്. മ്യാൻമാർ പൗരന്മാർ ഇന്ത്യയിലേക്ക് അനധികൃതമായി കടന്നതിനെക്കുറിച്ച് മണിപ്പൂർ സർക്കാർ അസം റൈഫിൾസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
301 കുട്ടികളും 209 പുരുഷന്മാരും 208 സ്ത്രീകളുമടക്കം 718 മ്യാൻമാർ പൗരന്മാർ കഴിഞ്ഞയാഴ്ച മണിപ്പൂരിൽ അനധികൃതമായി പ്രവേശിച്ചതായി ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആയുധങ്ങളുമായാണോ ഇവർ എത്തിയതെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അസം റയ്ഫിൾസിന്റെ സഹായത്തോടെ ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.
മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് മണിപ്പൂർ പോലീസ് അക്രമികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ ഇവരെല്ലാം ഒളിവിലാണ്. കേന്ദ്ര സേനയുടെ കൂടി സഹായത്താൽ ഒളിത്താവളങ്ങളിൽ പോലീസ് പരിശോധന നടത്തുകയാണ്. വരും ദിവസങ്ങളിൽ മുഴുവൻ പ്രതികളെയും പിടിക്കൂടുമെന്ന് പോലീസ് വ്യക്തമാക്കി . സ്ത്രീകൾക്കെതിരെ നടന്ന ആക്രമത്തിൽ സ്വമേധയാ കേസെടുത്ത ദേശീയ വനിതാ കമ്മീഷൻ, ഇന്ന് മണിപ്പൂരിലെത്തി. ആൾക്കൂട്ടത്തിന്റെ അക്രമത്തിനിരയായ പെൺകുട്ടികളിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ മൊഴിയെടുക്കും.
Comments