ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ പുറത്താകലും തുടർന്നുണ്ടായ മോശം പെരുമാറ്റത്തിലും വിലക്ക് നേരിടുന്ന ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിനെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി.വനിതാ ക്രിക്കറ്റിൽ ഇതുവരെ കണ്ടിട്ടില്ലാത്ത കാര്യമാണ് ഹർമന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും താരത്തിനെതിരെ ഐസിസി സ്വീകരിച്ച കർശന നടപടി മറ്റ് താരങ്ങൾക്ക് മുന്നറിയിപ്പാണെന്നും അഫ്രീദി തുറന്നടിച്ചു.
‘ഇത് ഇന്ത്യയിൽ മാത്രമല്ല, ഇത്തരം സംഭവങ്ങൾ മുമ്പും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ വനിതാ ക്രിക്കറ്റിൽ ഇത് കണ്ടിട്ടില്ല. ഐസിസിയുടെ ടൂർണമെന്റിലെ ഈ പെരുമാറ്റം കടന്നുപോയി. ഹർമനെതിരെ നടപടിയെടുത്തത് ഭാവി താരങ്ങൾക്ക് മുന്നറിയിപ്പാണ്. ക്രിക്കറ്റിൽ അഗ്രഷൻ ആവാം, നിയന്ത്രണത്തോടെയുള്ള അഗ്രഷൻ നല്ലതാണ്. എന്നാലിത് എല്ലാ സീമകളും ലംഘിച്ചു’ ഷാഹിദ് അഫ്രീദി പറഞ്ഞു.
കൗറിനെ അടുത്ത രണ്ട് അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്ന് ഐസിസി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. ഇതോടെ താരത്തിന് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ തുടക്കത്തിലെ രണ്ട് മത്സരങ്ങൾ നഷ്ടമാകും.വിലക്കിന് പുറമേ ഐസിസി മാച്ച് ഫീയുടെ 75 ശതമാനവും പിഴ വിധിച്ചിട്ടുണ്ട്. ലെവൽ 2 കുറ്റത്തിന് കൗറിന് മാച്ച് ഫീയുടെ 50 ശതമാനം പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്റുകളും ലഭിച്ചു. പുറമെ പൊതുവിമർശനവുമായി ബന്ധപ്പെട്ട ലെവൽ 1 കുറ്റത്തിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയുമാണ് ചുമത്തിയിരിക്കുന്നത്
പുറത്തായതിന് പിന്നാലെ ഹർമൻ അമ്പയറിനെ വിമർശിക്കുകയും സ്റ്റമ്പ് അടിച്ചിളക്കുകയും ചെയ്തിരുന്നു. പിന്നാലെ പ്രസന്റേഷൻ പരിപാടിയിൽ അമ്പയറിംഗിനെ കടന്നാക്രമിച്ച താരം ബംഗ്ലാദേശ് താരങ്ങളെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഹർമനെതിരെ ഉയർന്നത്.
Comments