ഇറ്റാലിയൻ മിഡ്ഫീൾഡർ മാർക്കോ വെറാറ്റി സൗദി ക്ലബ് അൽഹിലാലിലേക്കെന്ന് ഏറക്കുറെ ഉറപ്പായി. മൂന്നു വർഷത്തെ കരാറിലാണ് പി.എസ്.ജിയുടെ വിശ്വസ്തനെ സൗദി വമ്പന്മാർ സ്വന്തമാക്കുന്നതെന്നാണ് വിവരം. ഫാബ്രിസിയോ റോമാനോയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 11വർഷം ഫ്രഞ്ച് ക്ലബിനൊപ്പം തുടർന്നതിന് ശേഷമാണ് താരത്തിന്റെ കൂടുമാറ്റം. 30 മില്യൺ യൂറോയാണ് പി.എസ്.ജിക്ക് അൽഹിലാൽ വാഗാദനം ചെയ്തതെന്നാണ് സൂചന.
2012ലാണ് വെറാറ്റിയെ പെസ്‌കാര ക്ലബ്ബിൽ നിന്ന് 12 മില്യൺ യൂറോക്ക് പി.എസ്.ജി സ്വന്തമാക്കിയത്. തുടർന്ന് 400ലേറെ മത്സരങ്ങളിൽ താരം പി.എസ്.ജിക്കായി ബൂട്ടുകെട്ടി. ഈ സീസണിൽ വെരാറ്റിക്ക് മികവ് പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. പി.എസ്.ജിക്കായി എട്ട് ലീഗ് വൺ ട്രോഫികളടക്കം നിരവധി ടൈറ്റിലുകൾ നേടിക്കൊടുക്കുന്നതിൽ വെറാറ്റി നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 2026 വരെ പി.എസ്.ജിയുമായി 30കാരനായ താരത്തിന് കരാർ ഉണ്ടെങ്കിലും ക്ലബ്ബ് വിടാനാണ് വെറാറ്റി പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
അതേസമയം 300 മില്യണ്‍ യൂറോ വാഗ്ദാനം ചെയ്ത് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്‌ക്ക് പിന്നാലെ സൗദി ക്ലബുണ്ടായിരുന്നെങ്കിലും താരം താത്പ്പര്യം പ്രകടിപ്പിക്കാതിരുന്നത് സൗദി ക്ലബിന് തിരിച്ചടിയായിരുന്നു.
















Comments