തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മൈക്ക് ഓഫ് ആയ സംഭവത്തിൽ കേസ് അവസാനിപ്പിച്ചു. പൊതു സുരക്ഷയ്‌ക്ക് ഭീഷണിയുണ്ടാക്കിയതിനാണ് പോലീസ് സ്വമേധയാ കേസെടുത്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്നലെ പോലീസ് പിടിച്ചെടുത്ത മൈക്ക് സെറ്റ് ഉപകരണങ്ങൾക്ക് തകരാറില്ലെന്ന് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കി. ഹൗളിംഗ് ഉണ്ടായത് ബോധപൂര്‍വമല്ലെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഉമ്മൻചാണ്ടിയുടെ അനുസ്മരണ യോഗത്തിനിടയിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ സെക്കന്റുകൾ മാത്രം മൈക്ക് തടസ്സപ്പെട്ടതിനാണ് പോലീസ് കേസെടുത്തത്. കേസെടുത്തതിന് പുറമെ മൈക്ക് ഓപ്പറേറ്റർ വട്ടിയൂർക്കാവിലെ എസ്‌വി സൗണ്ട്സ് ഉടമ രഞ്ജിത്തിൽ നിന്നും മൈക്കും ആംപ്ളിഫൈയറും കേബിളുകളും പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയും ചെയ്തതാണ് വൻ വിവാദമാകാൻ കാരണമായത്. പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രോണിക് വിഭാഗത്തിലെ പരിശോധനയിൽ മനപ്പൂർവ്വമല്ല തകരാറെന്ന് ഉറപ്പാക്കിയ ശേഷമാണ് മൈക്കും ഉപകരണങ്ങളും രഞ്ജിത്തിന് തിരികെ നൽകിയത്.
Comments