തിരുവനന്തപുരം: ഏകദിന ലോകകപ്പിന് മുന്നോടിയായി സന്നാഹ മത്സരങ്ങൾക്ക് വേദിയാകുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി ഐസിസി, ബിസിസിഐ പ്രതിനിധികൾ. നേരിട്ടെത്തിയാണ് പ്രതിനിധികൾ സ്‌റ്റേഡിയം വീക്ഷിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷൻ അധികൃതർ മുന്നൊരുക്കങ്ങളുടെ വിവരങ്ങൾ പ്രതിനിധികളെ അറിയിച്ചു. ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ഏകദിന ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. പത്ത് വേദികളിലായാണ് മത്സരം നടക്കുക. ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരം കാര്യവട്ടത്ത് അഞ്ച് ദിവസങ്ങളിലായി നടക്കും.
ടീം ഇന്ത്യയുടെ ഉൾപ്പടെ നാല് വാംഅപ് മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുക. സെപ്റ്റംബർ 29ന് ദക്ഷിണാഫ്രിക്ക- അഫ്ഗാനിസ്ഥാൻ മത്സരമാണ് ആദ്യ പരിശീലന മത്സരം. ഇതിന് ശേഷം 30-ാം തീയതി ഓസ്ട്രേലിയയും പാകിസ്താനും തമ്മിലും ഒക്ടോബർ 2-ന് ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും തമ്മിലും 3-ന് ടീം ഇന്ത്യയും വാംഅപ് മത്സരങ്ങൾ കളിക്കും. ലോകകപ്പിന് മുമ്പ് ഇന്ത്യൻ ടീമിന്റെ അവസാന വാംഅപ് മത്സരമായിരിക്കും കേരളത്തിലേത്. തിരുവനന്തപുരത്തിന് പുറമെ ഗുവാഹത്തിയും ഹൈദരാബാദും പരിശീലന മത്സരങ്ങൾക്ക് വേദിയാവും.
നരേന്ദ്രമോദി സ്റ്റേഡിയത്തിന് പുറമെ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം, ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം, ധരംശാലയിലെ ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ്, ലഖ്നൗവിലെ ഏകനാ സ്റ്റേഡിയം, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. ലോകകപ്പിന് മുന്നോടിയായി എല്ലാ സ്റ്റേഡിയങ്ങളിലും അറ്റകുറ്റപണികൾ പുരോഗമിക്കുകയാണ്.
Comments