കൊല്ലം: കേന്ദ്രസർക്കാർ ലൈസൻസ് റദ്ദാക്കണമെന്ന് നിർദ്ദേശിച്ച കിംഗ്ഡം സെക്യൂരിറ്റി സർവ്വീസിന്റെ മറവിൽ സി.പി.എം നേതാക്കൾക്ക് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വിദേശഫണ്ട് എത്തിയതായി പരാതി. സെക്യൂരിറ്റി സർവ്വീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ഇതുസംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പരാതി നൽകിയത്. പത്തനംതിട്ട സ്വദേശിയായ ഡി.വൈ.എഫ്.ഐ മുൻനേതാവാണ് ഫണ്ട് കൈമാറ്റങ്ങൾക്ക് നേതൃത്വം നൽകിയതെന്നും ഇത് തെളിയിക്കുന്ന രേഖകൾ കൈമാറാൻ തയ്യാറാണെന്നും പരാതിയിൽ പറയുന്നു.
സംസ്ഥാനത്തെ ഒരു മന്ത്രിക്കടക്കം സി.പി.എമ്മിലെ നിരവധി നേതാക്കൾക്കും മറ്റു പലർക്കും കിഗ്ഡം സെക്യൂരിറ്റി സർവ്വീസിന്റെ അക്കൗണ്ടിലൂടെ വിദേശത്ത് നിന്ന് വൻതുക എത്തി.
ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റിന്റെ ചട്ടങ്ങൾ പാലിക്കാതെ വിദേശ നിക്ഷേപം സ്വീകരിച്ചതിന്റെ പേരിൽ കേന്ദ്രസർക്കാർ ലൈസൻസ് റദ്ദ് ചെയ്യാൻ നിർദ്ദേശിച്ച സ്ഥാപനമാണ് കിംഗ്ഡം സെക്യൂരിറ്റി സർവ്വീസ്. കൊല്ലം ചെന്നിയിലെ സ്ഥാപനത്തിന്റെ ലൈസൻസ് കേന്ദ്രനിർദ്ദേശപ്രകാരം റദ്ദ് ചെയ്തിരുന്നെങ്കിലും കേരളത്തിൽ പോലീസ് നടപടികൾ സ്വീകരിച്ചിരുന്നില്ല.
കൊച്ചിയിലെ കിംഗ്ഡം സെകൂരിറ്റി സർവീസിന്റെ ഓഫീസ് അടുത്തിടെ പൊതുമരാമത്ത് മന്ത്രി സന്ദർശിച്ചിരുന്നു. ഇതിനുപുറമെ കുസാറ്റിന്റെ സെക്യൂരിറ്റി ചുമതല കിംഗ്ഡത്തെ ഏൽപ്പിക്കുകയും ചെയ്തു. ഈ സ്ഥാപനത്തിന്റെ അക്കൗണ്ടുവഴി വൻതോതിൽ വിദേശഫണ്ട് കേരളത്തിലേക്ക് എത്തുന്നതായും അതിന്റെ തെളിവുകൾ നൽകാൻ തയാറാണന്നുമാണ് സംസ്ഥാന സെക്രട്ടറിക്ക് നൽകിയ 30 ൽ അധികം പേജുള്ള പരാതിയിൽ പറയുന്നത്. എന്നാൽ പരാതി നൽകിയിട്ട് മാസങ്ങൾ ആയെങ്കിലും അന്വേഷണം നടത്താനോ നടപടിയെടുക്കാനോ സംസ്ഥാനസെക്രട്ടറി തയാറായിട്ടില്ലന്ന് പരാതിക്കാരൻ പറയുന്നു.
Comments