രാജസ്ഥാൻ: ഐഎൻഡിഐഎ (ഇന്ത്യ) എന്ന പ്രതിപക്ഷത്തിന്റെ പുതിയ സഖ്യത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരട്ടത്താപ്പാണ് പ്രതിപക്ഷത്തിന്റെ അജണ്ടയെന്ന് പറഞ്ഞ മോദി, അവർ വികസനത്തിന് എതിരാണെന്നും തുറന്നടിച്ചു. രാജ്‌കോട്ടിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് പ്രതിപക്ഷ സഖ്യത്തിന്റെ ഇരട്ടത്താപ്പിനെ പ്രധാനമന്ത്രി ചോദ്യം ചെയ്തത്.
യുപിഎ മാറ്റി ഇന്ത്യ എന്ന പേര് തിരഞ്ഞെടുത്തപ്പോഴും പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. അതേ ശീലങ്ങൾ, അതേ മുഖങ്ങൾ, അതേ രീതികൾ .. യുപിഎയിൽ ഉണ്ടായിരുന്നത് എന്തെല്ലാമാണോ അതുതന്നെയാണ് ഇപ്പോൾ ഇന്ത്യയിലുള്ളതെന്നും വ്യക്തികൾക്ക് മാറ്റം സംഭവിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ എന്തു ചെയ്താലും അതിന് വിപരീതമായി പറയാനും പ്രവർത്തിക്കാനും മാത്രമാണ് പ്രതിപക്ഷം നിലകൊള്ളുന്നതെന്നും മോദി വിമർശിച്ചു.
പ്രതിപക്ഷ സഖ്യത്തിൽ രാജവാഴ്ചയും അഴിമതിയും മാത്രമാണുള്ളത്. ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിൽ അവർ അസ്വസ്ഥരായതിനാലാണ് സഖ്യത്തിന്റെ പേര് യുപിഎയിൽ നിന്ന് ഇന്ത്യയെന്ന് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ‘ഇടത്തരക്കാർക്ക് കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭിച്ചാൽ, കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ ശരിയായ വിലയ്‌ക്ക് വിൽക്കാൻ കഴിയില്ലെന്ന് അവർ പറയും, കർഷകരുടെ ഉത്പന്നങ്ങൾക്ക് ഉയർന്ന വില ലഭിക്കുമ്പോൾ, വിലക്കയറ്റമുണ്ടെന്ന് അവർ പറയുന്നു. ഈ ഇരട്ടത്താപ്പാണ് ഇന്ത്യയെന്ന പ്രതിപക്ഷ സഖ്യത്തിന്റെ രാഷ്‌ട്രീയം.’ മോദി പറഞ്ഞു.
യുപിഎ സർക്കാരിന്റെ ഭരണകാലത്ത് പണപ്പെരുപ്പ നിരക്ക് 10 ശതമാനത്തിലെത്തിയെന്നും റഷ്യ-യുക്രയ്ൻ യുദ്ധവും കൊറോണയും ഉണ്ടായിട്ടും എൻഡിഎ സർക്കാരിന്റെ കീഴിൽ രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പണപ്പെരുപ്പം നിയന്ത്രിക്കാൻ ഭാവിയിലും എൻഡിഎ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments