എറണാകുളം: ഐഎസ് ഭീകരവാദ കേസിൽ കൂടുതൽ മലയാളികൾ എൻഐ എ നിരീക്ഷണത്തിൽ. മുപ്പതോളം പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവർ ഐഎസിന്റെ കേരള മൊഡ്യൂളായി പ്രവർത്തിച്ചു എന്ന കണ്ടെത്തിയിട്ടുണ്ട്. ഒന്നാം പ്രതി ആഷിഫിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ മലയാളികളെ കുറിച്ച് എൻഐഎക്ക് വിവരം ലഭിച്ചത്. കേസിലെ രണ്ടാം പ്രതി നബീലിനായി അന്വേഷണ സംഘം തമിഴ്‌നാട്ടിലും കർണ്ണാടകയിലും തിരിച്ചിൽ വ്യാപകമാക്കി. വനാന്തരങ്ങളിലടക്കം പരിശോധ നടക്കുന്നുണ്ട്.
രണ്ടാം പ്രതി നബീലും, അറസ്റ്റിലായ ആഷിഫും തമ്മിൽ രഹസ്യസന്ദേശങ്ങൾ കൈമാറിയെന്ന കണ്ടെത്തിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളിലേക്ക് കേരളത്തിൽ നിന്നും റിക്രൂട്ട്‌മെന്റ് നടത്തിയത് നബീലായിരുന്നു. മതഭീകരവാദ ആശയങ്ങൾ കൊണ്ടു നടക്കുന്ന യുവാക്കളെ കണ്ടെത്തി കേരള ഐഎസ് മൊഡ്യൂളിന്റെ ഭാഗമാക്കി മാറ്റുക എന്നതായിരുന്നു നബിലിന്റെ ചുമതല. ഇതിനാവശ്യമായി പണം കണ്ടെത്തിയത് ആഷിഫാണ്. അതിനായി ഇയാൾ വൻ കൊളളകൾ അടക്കം ആസൂത്രണം ചെയ്തിരുന്നു.
ഇരുവരും ചേർന്ന് ശ്രീലങ്കൻ മോഡൽ സ്‌ഫോടന പരമ്പരകൾ കേരളത്തിൽ നടത്താൻ പദ്ധതിയിട്ടതായും അന്വേഷണ സംഘം കണ്ടെത്തി. ഇതിനൊപ്പം ആരാധനാലയങ്ങളെയും, പ്രമുഖ വ്യക്തികളെയും ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യമിട്ടിരുന്നു എന്നാണ് വിവരം. ആഗോള ഭീകരവാദ മൊഡ്യൂളിന്റെ ഭാഗമായ സംഘത്തിന്റെ നീക്കങ്ങളായിരുന്നു ദേശീയ അന്വേഷണ ഏജൻസിയുടെ സമയോചിത ഇടപെടൽ മൂലം തകർന്നത്
കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന സൂചനയെ തുടർന്ന് എൻഐഎ നടത്തിയ അന്വേഷണത്തിലാണ് ആഷിഫിനെ പിടികൂടിയത്. തമിഴ്നാട്ടിലെ സത്യമംഗലം കാട്ടിൽ നിന്നാണ് ഇയാളെ എൻഐഎ സംഘം അറസ്റ്റ് ചെയ്തത്.
ഭീകരവാദ സംഘടനകൾക്ക് ആഴത്തിൽ വേരോട്ടമുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. നിരവധി ഹൈന്ദവ നേതാക്കളെ വധിക്കുന്ന സംഭവങ്ങളടക്കം അവിടെ അരങ്ങേറിയിരുന്നു. കേരളത്തിന് സമാനമായി തമിഴ്‌നാട്ടിലും ഭീകരർക്ക് പ്രദേശിക സഹായം ലഭിച്ചുവെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
















Comments