രാമായണ കഥകൾ തുടർച്ചയായി എഴുതുകയല്ല ഇതിൽ ചെയ്യുന്നത്. മൂലരാമായണത്തിലെ അറിയപ്പെടാത്ത ഭാഗങ്ങളെ പരിചയപ്പെടുത്തലാണ്.
വാല്മീകി രാമായണത്തിലെ പതിനാലാം സർഗ്ഗത്തിലാണ് ഗുഹസമാഗമത്തെപ്പറ്റി പറയുന്നത്.
ഗുഹൻ ഒരു നിഷാദ രാജാവായിരുന്നു. അയോദ്ധ്യയുടെ അതിർത്തി കടന്ന് ഗംഗയുടെ തീരത്തുള്ള ഗുഹന്റെ രാജ്യത്ത് പ്രവേശിച്ചു. രാമന്റെ വരവറിഞ്ഞ ആ നിഷാദ രാജാവ് ഓടിയെത്തി. ഗുഹന്റെ വരവു കണ്ട രാമൻ ഓടമരച്ചുവട്ടിൽ നിന്ന് ഒന്നു രണ്ടു ചുവട് മുന്നോട്ട് ചെന്ന് ഗുഹനെ ആലിംഗനം ചെയ്തു.
“മഹാത്മാവേ, ഈ രാജ്യത്തെ അങ്ങ് അയോദ്ധ്യയെപ്പോലെ കരുതണം. അങ്ങയെ അതിഥിയായിക്കിട്ടിയതിൽപ്പരം ഭാഗ്യമെന്താണുള്ളത്? ഞാൻ അങ്ങക്കായി എന്താണ് ചെയ്യേണ്ടതെന്ന് അരുളിച്ചെയ്താലും.”
രാമന്റെ കാൽക്കൽ സ്വന്തം രാജ്യം പോലും സമർപ്പിക്കാൻ തയ്യാറായ ഗുഹനാേട് താൻ ഇപ്പോൾ ദാനം സ്വീകരിക്കില്ലെന്നും കുതിരകൾക്ക് ഭക്ഷണം നൽകിയാൽ താൻ തൃപ്തനാകുമെന്നും രാമൻ പറയുന്നു. ലക്ഷ്മണൻ കൊടുത്ത ജലം മാത്രം കുടിച്ച് നിലത്ത് പുല്ലുവിരിച്ച് കിടന്ന രാമനും സീതയ്‌ക്കും ലക്ഷ്മണൻ കാവൽ നിന്നു. ലക്ഷ്മണനോട് മെത്തയിൽ കിടന്നുറങ്ങുവാനും താൻ കാവൽ നിൽക്കാമെന്നും ഗുഹൻ പറയുന്നുണ്ട്. അതെല്ലാം നിഷേധിച്ച് ലക്ഷ്മണൻ ഗുഹനോട് ജ്യേഷ്ഠനെപ്പറ്റി ആകുലതകൾ പങ്കിട്ട് രാത്രി കഴിച്ചു. രാവിലെ ഉണർന്ന് നിത്യ കർമ്മങ്ങളനുഷ്ഠിച്ച് സുമന്ത്രരോട് വിട പറഞ്ഞ് ആയുധപാണിയായി, ഗുഹൻ കൊണ്ടുവന്ന തോണിയിൽക്കയറി ഗംഗയെക്കടന്നു. ഗുഹനെക്കൊണ്ട് പേരാലിൻ കറ വരുത്തിച്ച് ജടയുണ്ടാക്കി താപസ വേഷം ധരിക്കാനും രാമലക്ഷ്മണന്മാർ തയ്യാറായി. സീതാദേവി തോണിയാത്രയ്‌ക്കിടയിൽ ഗംഗയെ സ്തുതിക്കുന്നുണ്ട്. തോണി ഗംഗയുടെ തെക്കേക്കരയിലെത്തി. തോണിയിൽ നിന്നിറങ്ങി വിട പറഞ്ഞ് കാനനത്തിലേക്ക് പ്രവേശിച്ചു.
കാട്ടിലൂടെ കുറേ ദൂരം നടന്നപ്പോൾ വിശപ്പു കലശലായി. ലക്ഷ്മണൻ ഒരു പുള്ളിമാനെ വധിച്ചു ഭക്ഷണമുണ്ടാക്കി.ഒരു മാമരത്തിന്റെ ചുവട്ടിൽ ശയ്യയൊരുക്കി ഉറങ്ങിയതായി വാല്മീകി പറയുന്നു.
രാമലക്ഷ്മണന്മാർ ഉറക്കം കിട്ടാതെ മാതാപിതാക്കളെപ്പറ്റി സന്താപപ്പെട്ടതായും പറയുന്നുണ്ട്. ലക്ഷ്മണനോട് മടങ്ങിപ്പോയി തന്റെ അമ്മയെ പരിചരിക്കാൻ രാമൻ പറയുന്നുണ്ട്. രാമനെപ്പിരിയാനുള്ള വിഷമം ലക്ഷ്മണൻ പറയുന്നതു കേട്ട് മനസ്സലിഞ്ഞ രാമൻ പിന്നീട് നിർബ്ബന്ധിക്കുന്നില്ല.
നിഷാദ രാജാവായ ഗുഹനെ ആലിംഗനം ചെയ്യാൻ മടിക്കാത്ത ആളായിരുന്നു രാമൻ. ജാതി ചിന്തകൾക്കൊന്നും അവിടെ സ്ഥാനമില്ലായിരുന്നു.
തോണി നിർമ്മിക്കാനും നദി കടക്കാനുമൊക്കെയുള്ള വിദ്യ വനവാസികൾക്കുപോലും ഉണ്ടായിരുന്നു.ആദർശത്തിൽ നിന്ന് അണുവിട ചലിക്കാത്ത രാമനെ വാല്മീകി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
ജടയൊക്കെ മരക്കറകൊണ്ട് നിർമ്മിക്കുന്നത് ബാഹ്യ സൗന്ദര്യത്തിൽ വലിയ കാര്യമില്ല എന്ന തോന്നലുണ്ടാക്കാൻ ആയിരിക്കാം. (എത്ര മുറിച്ചാലും ജടവളരുന്ന ചില സന്ന്യാസിമാരെയും ഞാൻ കണ്ടിട്ടുണ്ട്.)കാട്ടിൽപ്പോയാൽ കാട്ടിലെ നിയമം എന്ന പോലെ ഭക്ഷണത്തിലും കിട്ടുന്നത് കഴിക്കുക എന്ന സാമാന്യതത്വം രാമായണം കാണിച്ചു തരുന്നു.
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/
















Comments