എറണാകുളം: മോൻസൺ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ ഡിഐജി എസ്.സുരേന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷമായിരുന്നു നടപടി. ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എസ്.സുരേന്ദ്രനെ വിട്ടയച്ചു.
സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പലപ്പോഴായി മോൻസൺ പണം കൈമാറിയിരുന്നു. ഇതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ നാലാം പ്രതിയാണ് സുരേന്ദ്രൻ. മുൻ ഡിഐജിയുടെ വീട്ടിൽ വച്ചാണ് മോൻസൺ മാവുങ്കലിന് 25 ലക്ഷം രൂപ നൽകിയതെന്ന് പരാതിക്കാർ മൊഴി നൽകിയിരുന്നു. ബാങ്ക് രേഖകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ പ്രതി ചേർത്തത്.
കേസിൽ മൂന്നാം പ്രതിയായ ഐ.ജി ലക്ഷ്മണിനെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചു, പുരാവസ്തു വിൽപനയുടെ ഇടനിലക്കാരനായി പ്രവർത്തിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഐജി ലക്ഷ്മണിനെതിെരയുള്ളത്.
ഇതിനിടയിൽ തന്നെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് ഐ.ജി ലക്ഷ്മണ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢസംഘം പ്രവർത്തിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അസാധാരണ ഭരണഘടനാപരമായ അധികാര കേന്ദ്രമായി പ്രവർത്തിക്കുന്നെന്നും ലക്ഷ്മണ ആരോപിച്ചു. സാമ്പത്തിക ഇടപാടുകളിൽ ഒത്തു തീർപ്പുകളും മറ്റും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്നതായും ജി ലക്ഷ്മൺ വെളിപ്പെടുത്തി. മോൻസൻ മാവുങ്കൽ കേസിൽ താൻ പ്രതി ചേർക്കപ്പെട്ടതിനു പിന്നിലെ ബുദ്ധികേന്ദ്രം സിപിഎം ഓഫീസാണെന്നും ലക്ഷ്മൺ ആരോപിച്ചു. പ്രതി ചേർക്കപ്പെട്ട നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് വെളിപ്പെടുത്തൽ.
Comments