കാനനത്തിലൂടെ യാത്ര ചെയ്ത് രാമൻ ഭരദ്വാജാശ്രമത്തിലെത്തുന്നു. അന്ന് ആശ്രമത്തിൽ താമസിക്കുന്നു. തങ്ങളെയന്വേഷിച്ച് ആരെങ്കിലും വരുന്നതിന് സാദ്ധ്യതയുള്ളതിനാൽ കുറച്ചു കൂടി ഉൾവനത്തിലേക്ക് പോകാനുള്ള ആഗ്രഹം ഭരദ്വാജനെ അറിയിക്കുന്നു. അതിനു പറ്റിയ സ്ഥലം കാട്ടിത്തരുവാൻ പറയുന്നു. വാല്മീകി രാമായണത്തിൽ ഭരദ്വാജൻ ചിത്രകൂടാചലം നിർദ്ദേശിക്കുന്നതായി പതിനഞ്ചാം സർഗ്ഗത്തിൽ പറയുന്നു.
പിറ്റേന്ന് ചിത്രകൂടാചലത്തിലേക്ക് യാത്രയാകുന്നു മുനിയാൽ അനുയാത്ര ചെയ്ത് ഗംഗാ യമുനാ സംഗമസ്ഥാനത്ത് എത്തിച്ചേർന്നു.സംഗമസ്ഥാനമായതിനാൽ വലിയ ഒഴുക്കാണെന്നും അവിടെ നിന്നും പടിഞ്ഞാറോട്ടു ചെന്നാൽ ആളുകളുടെ കാല്പാടുകളുള്ള ഒരു കടവുണ്ടെന്നും അവിടെ ചങ്ങാടമുണ്ടാകുമെന്നും മുനി പറയുന്നു. ആ ചങ്ങാടത്തിൽ അക്കര കടക്കാനും നിർദ്ദേശിക്കുന്നുണ്ട്. അക്കരകടന്ന് മുന്നോട്ടു പോകുമ്പോൾ കാടിനു മദ്ധ്യത്തിലായി ഒരു പെരും പേരാലുണ്ടെന്നും അതിനോട് സീത പ്രാർത്ഥന നടത്തിയ ശേഷം ഒരു വിളിപ്പാട് നടന്നാൽ ചിത്രകൂടാചലത്തിലേക്കുള്ള വഴിയായെന്ന മാർഗ്ഗ നിർദ്ദേശം നൽകി ഭരദ്വാജൻ മടങ്ങി.
അദ്ദേഹത്തിന് നന്ദി പറഞ്ഞ് അവരും വിട കൊണ്ടു. കടവിലെത്തിയപ്പോൾ അവിടെ ചങ്ങാടമൊന്നും ഉണ്ടായിരുന്നില്ല. ഉണങ്ങിക്കിടന്ന പാഴ്മരങ്ങൾ കൊണ്ട് രാമലക്ഷ്മണന്മാർ ചങ്ങാടമുണ്ടാക്കി. ഉണക്കമുള, രാമച്ചം, ആറ്റുവഞ്ഞി, ഞാവൽമരക്കൊമ്പ് എന്നിവ പാകി ലക്ഷ്മണൻ ചങ്ങാടം ബലപ്പെടുത്തി. സീതയെ ആദ്യം കയറ്റിയിരുത്തിയിട്ട് രാമലക്ഷ്മണന്മാരും കയറി. ലക്ഷ്മണൻ ചങ്ങാടം തുഴഞ്ഞു. നദീമദ്ധ്യത്തിലെത്തിയപ്പോൾ സീത കൈകൂപ്പി പ്രാർത്ഥിച്ചു.
യമുന കടന്നവരെത്തിയത് സുന്ദരമായ ഒരു വനപ്രദേശത്തായിരുന്നു. വനവർണ്ണന വാല്മീകി നടത്തുന്നു. യമുനാ വനത്തിലെ ഒരു മരച്ചുവട്ടിൽ ലക്ഷ്മണൻ കാവൽ നിൽക്കെ അവർ ഉറങ്ങി.പിറ്റേന്ന് രാവിലെ ഉണർന്ന് യാത്ര തുടർന്നു.
ഈ രാമായണ ഭാഗങ്ങളിലെങ്ങും കാണുന്ന രാമൻ സാധാരണ മനുഷ്യനാണ്. ജ്യേഷ്ഠാനുജന്മാർ ചേർന്ന് ചങ്ങാടമുണ്ടാക്കി സീതയെ കയറ്റിയിരുത്തി ചങ്ങാടം തുഴഞ്ഞ് യമുന കടക്കുന്നതും, വനത്തിന്റെ ഭംഗിയാസ്വദിക്കുന്നതും, അവിടെക്കാണപ്പെടുന്ന മരങ്ങളും, മൃഗങ്ങളും ഒക്കെ ആദികവി ഭംഗിയായി വർണ്ണിച്ചിരിക്കുന്നു.
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
















Comments