ദാരുണമായ ഒരു സംഭവത്തിന്റെ വിവരമാണ് ഉസ്ബകിസ്ഥാനിലെ താഷ്‌കന്റില്‍ നിന്ന് പുറത്തുവരുന്നത്. മൂന്ന് ദിവസം ലിഫ്റ്റില്‍ കുടുങ്ങിയ യുവതിയെ ജീവനറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഓള്‍ഗ ലിയോണ്‍ടൈയേവ എന്ന 32കാരിയാണ് ദാരുണമായി മരിച്ചത്. പോസ്റ്റ്വുമണായ ഓള്‍ഗ താഴ്കന്റിലെ 9 നിലയുള്ള അപാര്‍ട്ട്‌മെന്റില്‍ കത്ത് നല്‍കാന്‍ പോയതായിരുന്നു.
ജൂലൈ 24നാണ് ഇവര്‍ കെട്ടിടത്തിലേക്ക് പ്രവേശിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ഗ്രൗണ്ട് ഫ്‌ളോറില്‍ നിന്ന് ലിഫ്റ്റില്‍ കയറി യുവതിയെ രണ്ടുദിവസത്തിന് ശേഷം ജീവനറ്റ നിലയില്‍ ഒന്‍പതാം നിലയില്‍ നിന്നാണ് കണ്ടെത്തുന്നത്. യുവതി സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും കേള്‍ക്കുകയോ അറിയുകയോ ചെയ്തില്ല. ലിഫ്റ്റിലെ അലാറമടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും പ്രവര്‍ത്തിച്ചില്ല.
ജോലി കഴിഞ്ഞ് ഓള്‍ഗ വീട്ടിലെത്താതിരുന്നതോടെ കുടുംബം പോലീസിനെ സമീപിച്ചു. ഇതിന് പിന്നാലെ വ്യാപക പരിശോധനയും ആരംഭിച്ചു. പരാതി നല്‍കി, അടുത്ത ദിവസമാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. യുവതിയുടെ മരണ കാരണം ഇതുവരെ പോലീസ് വ്യക്തമാക്കിട്ടില്ല.ആറുവയസുകാരി മകൾക്കൊപ്പമാണ് ഓൾഗയുടെ ജീവിതം.
ചൈനീസ് കമ്പനിയുടെ ലിഫ്റ്റില്‍ അലാറമടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചില്ലെന്നും, പവര്‍ കട്ടിന് പിന്നാലെ പ്രവര്‍ത്തന രഹിതമായ ലിഫ്റ്റ് കറണ്ട് വന്നതിന് ശേഷവും പ്രവര്‍ത്തിച്ചു കാണില്ലെന്നാണ് അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ പറയുന്നത്. നിയാമനുസൃതമായി ലിഫ്റ്റിന്റെ അറ്റകുറ്റ പണികള്‍ നടത്താത്തതിനാല്‍ ലിഫ്റ്റിന് സാങ്കേതിക തകരാറുകളുണ്ടെന്നും അവര്‍ പറയുന്നു. അതേസമയം പവര്‍ കട്ടുണ്ടായിട്ടില്ലെന്നാണ് പ്രാദേശിക ഇലക്ട്രിസിറ്റി വകുപ്പിന്റെ വാദം. ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.
















Comments