നാനാത്വത്തിൽ ഏകത്വം എന്നത് (Unity in diversity) എന്നത് ഭാരതത്തിന്റെ മുഖമുദ്രയാണ്.മതത്തിന്റെ വിലക്കുകളില്ലാതെ ജീവിച്ചിരുന്ന ഒരു ജനതയായിരുന്നു എന്റെ പൂർവ്വികർ എന്നതിലാണ് എനിക്കഭിമാനമുള്ളത്.
രാമായണങ്ങൾ നിരവധിയുണ്ട്. രാമകഥയ്‌ക്ക് നിരവധി വ്യഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്. അത് ഭാരതത്തിന്റെ സാംസ്ക്കാരികമായ കെട്ടുറപ്പിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. രാമനെ എന്റെ കാഴ്ചപ്പാടിൽ നിന്ന് നോക്കിക്കാണാൻ എനിക്ക് പോലും അവകാശമുണ്ടെന്നതും ഇതിന്റെ തെളിവാണ്. ഓരോരുത്തർക്കും പറ്റിയ രാമനും രാമായണ കഥയും ഭാരതത്തിൽ മാത്രമല്ല ലോകത്തിൽ പലയിടത്തുമുണ്ടായതും അതിന്റെ തെളിവായി കണക്കാക്കാം. (ഇന്ത്യോനേഷ്യയൊക്കെയതിനുദാഹരണമാണ്.)
ഇതിനെയാണ് നാനാത്വത്തിലെ ഏകത്വം എന്നു പറയുന്നത്.
വാല്മീകി രാമായണം 22 -)o സർഗ്ഗത്തിൽ ഭരതന്റെ വനയാത്രയും തുടർന്ന് ഗുഹ സംഗമവും ഭരദ്വാജാശ്രമത്തിലെ സ്വീകരണവും ഒക്കെയാണ്.
ശ്രീരാമചന്ദ്രന് അർഹതപ്പെട്ട നാട് താൻ ഭരിക്കില്ലെന്ന ഉറച്ച തീരുമാനം ഭരതൻ അറിയ്‌ക്കുന്നതോടെ എല്ലാവരും സന്തുഷ്ടരാകുന്നു. താൻ വനത്തിൽപ്പോയി രാമനെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് രാജസഭയിൽ വച്ച് ഭരതൻ വസിഷ്ഠനാേട് പറയുന്നു.
സുമന്ത്രരോട് കാട്ടിലേക്ക് പോകാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്താനും പറയുന്നു. ചതുരംഗപ്പടയുമായി വലിയൊരു കൂട്ടമാണ് വനയാത്രയിൽ ഭരതനെ അനുഗമിക്കുന്നത്. ഗംഗാതീരത്തെത്തി അവിടെ തമ്പടിക്കുന്നു. ഇതറിഞ്ഞ നിഷാദ രാജാവായ ഗുഹൻ ഭരതന്റെ വരവിനെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്നു. ശ്രീരാമനിഗ്രഹമായിരിക്കുമോ ലക്ഷ്യമെന്ന സംശയത്തോടെ ഗുഹൻ ചെന്ന് ഭരതനെക്കാണുന്നു. മത്സ്യ മാംസങ്ങളും, തേനും, കായ്കനികളും സമർപ്പിച്ച് ഭരതനെ വണങ്ങിയ ഗുഹനെ സുമന്ത്രർ പരിചയപ്പെടുത്തുന്നു.
ഭരദ്വാജാശ്രമത്തിലേക്കുള്ള വഴി ചോദിച്ച ഭരതനാട് ശ്രീരാമനോട് ദ്വേഷവുമായിട്ടാണോ പോകുന്നതെന്ന് തുറന്ന് ചോദിക്കാനും ഗുഹൻ മടിക്കുന്നില്ല. രാമനെ മടക്കിക്കൊണ്ടു വരാനാണ് താൻ പോകുന്നതെന്നു പറഞ്ഞതു കേട്ട് തെറ്റിദ്ധരിച്ചതിൽ ക്ഷമ ചോദിക്കുന്നു. താൻ കൂടി വന്ന് വഴികാട്ടാമെന്ന് ഗുഹൻ പറയുന്നു.
രാമൻ വസിച്ച വൃക്ഷച്ചുവടും, ദർഭ വിരിയും ലക്ഷ്മണന് കാണിച്ചു കൊടുക്കുന്നു. അതു കണ്ട് വികാരഭരിതനായി ഭരത കുമാരൻ വിലപിക്കുന്നു. തുടർന്ന് ഭരതൻ മൂർച്ഛിച്ച് വീഴുന്നു.
രാമൻ എന്തു കഴിച്ചു എന്ന് തുടങ്ങി രാമനെപ്പറ്റി നിരവധി കാര്യങ്ങൾ ചോദിച്ച് കണ്ണീരൊഴുക്കുന്ന ഭരതനെ 23-)o സർഗ്ഗത്തിൽ മുനി വരച്ചു കാണിക്കുന്നു.
500 തോണികളിലായി ഗുഹനും അനുചരന്മാരും കൂടി ഗംഗ കടത്തുന്നു. സേനയെ ദൂരെ നിർത്തി ഭരതൻ ഭരദ്വാജാശ്രമത്തിലെത്തി മുനിയെ നമസ്ക്കരിക്കുന്നു. ഭൂമി പാലിക്കേണ്ടയാൾ കാട്ടിലേക്കെന്തിനെത്തിയെന്ന് മുനിയും ചോദിക്കുന്നു. രാമനെ ദ്രോഹിക്കാനാണോ എന്ന സംശയവും ഉന്നയിക്കുന്നുണ്ട്. ഭരതന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കിയ മുനി ഭരതനും സൈന്യത്തിനും താമസിക്കാൻ എല്ലാ ഏർപ്പാടുകളും ചെയ്യുന്നു. കാമധേനുവിനെ സ്മരിച്ച് ക്ഷണനേരത്തിനുള്ളിൽ അത്ഭുതകരമായ രീതിയിൽ അവർക്കു മുഴുവൻ രാജകീയ സൗകര്യങ്ങളൊരുക്കിയെന്ന് വാല്മീകി പറയുന്നു. ”ഇതാണ് സ്വർഗ്ഗം. ഇവിടുത്തെ ജീവിതമാണ് ശ്രേഷ്ഠം” എന്ന് മദിച്ചു കൂത്താടിയ സൈന്യം വിളിച്ചു കൂവിയെന്നും കവി പറയുന്നു. ഭരതനും കൂട്ടർക്കും ഭരദ്വാജൻ നൽകിയ സ്വീകരണം അത്ഭുതമുണ്ടാക്കി. പിറ്റേന്ന് ചിത്രകൂടാചലത്തിലേക്ക് ഭരതനും അനുചരന്മാരും യാത്രയാകുന്നു.
കാട്ടിൽക്കഴിയുന്ന ഒരു നിഷാദന് 500 തോണികളും മറ്റും ഉണ്ടായിരുന്നു എന്നത് അന്നത്തെ ജനജീവിതത്തിന്റെ അളവുകോലായി കണക്കാക്കാം. മത്സ്യ മാംസാദികൾ എല്ലാവരും ഉപയോഗിച്ചിരുന്നതിനാലാകാമല്ലോ അതൊക്കെ ഉപഹാരമായി ഗുഹൻ സമർപ്പിച്ചതിന്റെ കാരണം.
കാട്ടിൽ കഴിയുന്ന ഒരു മുനി ഒരു രാജാവിനും സൈന്യത്തിനും വേണ്ടതെല്ലാം ഒരുക്കിയെന്നതു മാത്രമാണ് സാമാന്യബുദ്ധിക്കു നിരക്കാത്തതായി തോന്നുന്നത്.
കഥയിൽ പറയുന്ന എല്ലാ കാര്യങ്ങളും കേൾക്കുന്ന അർത്ഥത്തിൽ എടുക്കണമെന്നില്ല. യാത്ര ചെയ്ത് തളർന്നവർക്ക് കിട്ടിയതെല്ലാം സ്വർഗ്ഗസമാനമായി തോന്നിയതാകാം. കാട്ടിൽക്കഴിയുന്ന മുനിമാർ പോലും സമൃദ്ധമായ ജീവിതം നയിച്ചിരുന്നു എന്നതുമാകാം വാല്മീകി സൂചിപ്പിക്കുന്നത്. എല്ലാ ഭൗതിക സുഖങ്ങളും ലഭ്യമായിട്ടും അതൊക്കെയും വേണ്ടെന്നു വച്ച് ജീവിക്കുന്ന താപസികൾ ഈശ്വരന്മാർ തന്നെ എന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തുക എന്നതും കഥയുടെ ലക്ഷ്യമാണ്. ഉണ്ടായിട്ടും വേണ്ടെന്ന് വച്ചവരെ ആദരിച്ച ഭാരതീയ സംസ്ക്കാരത്തിന്റെ മഹത്വം കൂടി ഇവിടെ പറയാതെ പറയുകയാണ്. കഥകൾ എന്നു പറഞ്ഞാൽ കെട്ടിച്ചമച്ചത് എന്നർത്ഥമാണ്. ഇല്ലാത്ത കാര്യം ഉണ്ടെന്നു ബോധിക്കും വിധം നമ്മെ വിശ്വസിപ്പിക്കുന്നത് കഥാകാരന്റെ വിജയവുമാണ്. ആ കഥയെ ഭക്തിയുടെ അകമ്പടിയോടെ അവതരിപ്പിക്കുകയാണ് എഴുത്തച്ഛൻ അദ്ധ്യാത്മ രാമായണത്തിലൂടെ ചെയ്തത്. നിരവധി രാമായണങ്ങൾ ഉണ്ടായതും അവയിലൊക്കെ വ്യത്യസ്ഥമായ രീതിയിൽ രാമകഥ പറഞ്ഞതും ഭാരതീയ സംസ്ക്കാരത്തിന്റെ ഉള്ളുറപ്പാണ് വ്യക്തമാക്കുന്നത്.
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
Photo : Sri Rama Navami – Rama, Sita & Lakshmana with Guha in a boat crossing river Ganga – Rangoli by Smt Mangalam Srinivasan
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/
















Comments