ചണ്ഡീഗഡ്: രാജ്യത്തെ ആദ്യ കാർഗോ പാസഞ്ചർ ട്രെയിൻ ഉടൻ പുറത്തിറക്കുമെന്ന് അറിയിച്ച് റെയിൽവേ. കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിൽ (ആർസിഎഫ്) ഓഗസ്റ്റിലാകും ഇന്ത്യൻ റെയിൽവേക്കായി കോച്ച് പുറത്തിറക്കുക. ബെല്ലി ചരക്ക് ആശയത്തിന്റെ മാതൃകയിലാണ് ഡബിൾ ഡെക്കർ കോച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എക്‌സിക്യൂട്ടിവ് അപ്പർ ഡെക്കിൽ കോച്ചിന് 46 സീറ്റുകളാകും ഉണ്ടായിരിക്കുക. ഇതിൽ കിച്ചണും ടോയ്‌ലറ്റും ഉണ്ടായിരിക്കും. താഴെയുള്ള ഡെക്കിൽ ആറ് ടൺ വരെ ചരക്ക് കയറ്റാൻ സാധിക്കത്തക്ക വിധമാണ് ഇവയുടെ നിർമ്മാണം.
യാത്രക്കാരുടെ എണ്ണം കുറവായിരുന്നപ്പോൾ ചരക്ക് ഗതാഗതത്തിൽ നിന്നാണ് പ്രധാനമായും റെയിൽവേയ്‌ക്ക് വരുമാനം ലഭിച്ചിരുന്നത്. അതിനാലാണ് ഇത്തരത്തിലൊരു ആശയം സ്വീകരിച്ചത്. ഏകദേശം മൂന്നോളം ഡിസൈനുകളിൽ നിന്നാണ് റെയിൽവേ ബോർഡ് ഇത് സ്ഥിരീകരിച്ചത്. ഇതുവരെയും ഇതിന്റെ ഔദ്യോഗിക ചിലവ് സംബന്ധിച്ച വിവരങ്ങൾ ആർസിഎഫ് പുറത്തുവിട്ടിട്ടില്ല. ഓരോ കോച്ചിനും 2.70 കോടി മുതൽ 3 കോടി രൂപ വരെയാണ് ചിലവ് വന്നിരിക്കുന്നതെന്ന് ആർസിഎഫിലെ ഉദ്യാഗസ്ഥൻ പറയുന്നു.
ചരക്ക് ഗതാഗതത്തിന് വേണ്ടി വിമാനങ്ങളിൽ പ്രധാനമായും ബെല്ലി ചരക്ക് ആശയമാണ് ഉപയോഗിക്കുന്നത്. വിമാനത്തിന്റെ താഴത്തെ ഡെക്കിലാകും സാധനങ്ങൾ വെയ്‌ക്കുന്നത്. ശേഷം യാത്രക്കാർ മുകളിലത്തെ ഡെക്കിൽ ഇരിക്കുന്നു. ഈ ആശയമാണ് ട്രെയിനിലും ഉപയോഗിക്കാമെന്ന് തീരുമാനിച്ചതെന്ന് കപൂർത്തല ആർസിഎഫ് ജനറൽ മാനേജർ ആശേഷ് അഗർവാൾ വ്യക്തമാക്കി.
‘ഞങ്ങൾ രാജ്യത്തെ ആദ്യ കാർഗോ ലൈനർ നിർമ്മിക്കുകയാണ്. ഓഗസ്റ്റിൽ പുറത്തിറങ്ങും. താഴയുള്ള ഡെക്കറിൽ ആറ് ടൺ ചരക്ക് കൊണ്ട് പോകുമ്പോൾ മുകളിൽ 46 പേർക്ക് യാത്ര ചെയ്യാനാകും. പൂർണമായും എയർകണ്ടീഷൻ ചെയ്തതായിരിക്കും കോച്ചുകൾ. അടുത്ത മാസത്തോടെ പ്രോട്ടോടൈപ്പ് കോച്ച് തയാറാകും. റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള ഗവേഷണ വികസന സ്ഥാപനമായ റിസർച്ച് ഡി,ൻൈ ആൻഡ് സ്റ്റാൻഡേർസ് ഓർഗനൈസേഷനിലേക്ക് ട്രയലിനായി അയക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ട്രയൽ വിജയിക്കുന്നതോടെ കൂടുതൽ കോച്ചുകൾ നിർമ്മിക്കും.’ -അദ്ദേഹം പറഞ്ഞു.
പരീക്ഷണ ഓട്ടം വിജയിക്കുന്നതോടെ 20 കോച്ചുകൾ ഉള്ള രണ്ട് ട്രെയിനുകൾ നിർമ്മിക്കാനാണ് റെയിൽവേയുടെ നിർദ്ദേശമെന്നും ഇത് ആരംഭിക്കുമെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിശ്ചിത റൂട്ടിൽ ഷെഡ്യൂൾ ചെയ്ത പതിവ് സേവനമായി ആയിരിക്കും യാത്രക്കാരിലേക്ക് ട്രെയിൻ എത്തുക.
















Comments