ചിരവൈരികളായ അര്‍ജന്റീന തോറ്റ് പുറത്തായതിന് പിന്നാലെ ബ്രസീലും വനിതാ ലോകകപ്പില്‍ നിന്ന് പുറത്തായി. ജമൈക്കയോട് സമനില വഴങ്ങിയാണ് കാനറിപ്പടയുടെ മടക്കം. ഇതിഹാസ താരം മാര്‍ത്തയുടെ ലോകകപ്പ് സ്വപ്‌നങ്ങളാണ് ആദ്യ റൗണ്ടില്‍ തന്നെ അവസാനമായത്. നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരാണ് ബ്രസീല്‍.
ഗ്രൂപ്പ് എഫിലെ നിര്‍ണായക മത്സരത്തില്‍ ജമൈക്കയോട് അവര്‍ ഗോള്‍ രഹിത സമനില വഴങ്ങുകയായിരുന്നു. മത്സരത്തില്‍ 73 ശതമാനം സമയവും പന്ത് കൈവശം വെച്ച ബ്രസീല്‍ 18 ഷോട്ടുകള്‍ ആണ് ഉതിര്‍ത്തത്. എന്നാല്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ലോകകപ്പില്‍ ഗോള്‍ വഴങ്ങാതിരുന്ന ജമൈക്ക ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി 5 പോയിന്റോടെ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി.
തന്റെ ആറാം ലോകകപ്പ് കളിച്ച ഇതിഹാസ താരം മാര്‍ത്തക്ക് ലോകകപ്പില്‍ ഒരു ഗോള്‍ പോലും നേടാന്‍ ആയില്ല എന്നതും ശ്രദ്ധേയമായി. ഈ ടൂര്‍ണമെന്റിനു ശേഷം മാര്‍ത്ത ഫുട്ബോളില്‍ നിന്നു വിരമിക്കും. അതേസമയം ആദ്യ ലോകകപ്പ് കളിച്ച പനാമയെ മൂന്നിനു എതിരെ ആറു ഗോളുകള്‍ക്ക് മറികടന്ന ഫ്രാന്‍സ് ഗ്രൂപ്പ് ജേതാക്കള്‍ ആയി അവസാന പതിനാറിലേക്ക് മുന്നേറി.
















Comments