മലപ്പുറം: ബോധവത്കരണം ഫലിക്കുന്നില്ല, വാക്സിനേഷനോട് മുഖം തിരിച്ച് മലപ്പുറം. ജില്ലയിൽ അഞ്ചാംപനി (മീസിൽസ്) വ്യാപിച്ചുകൊണ്ടിരിക്കേയാണ് കുത്തിവെപ്പെടുക്കാത്ത കുട്ടികളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വരുന്നത്. അഞ്ചാം പനിക്കെതിരായ കുത്തിവെപ്പായ എം.ആർ വാക്സിന്റെ ഒന്നാം ഡോസ് എടുത്തത് 88 ശതമാനം കുട്ടികൾ മാത്രമാണ്. 87,846 കുട്ടികളാണ് ജില്ലയിൽ ഒന്നര വയസിന് താഴെയുള്ളത്. ഇതിൽ ആദ്യഘട്ട വാക്സിൻ സ്വീകരിച്ചത് 77,617 പേരാണ്. 10,229 കുട്ടികൾ കുത്തിവയ്പ്പെടുത്തിട്ടില്ല.60 ശതമാനം കുട്ടികൾ മാത്രമാണ് രണ്ടാം ഡോസെടുത്തിട്ടുണ്ട്.
ജില്ലയിൽ മൂന്ന് മാസത്തിനിടെ അഞ്ചാംപനി ബാധിച്ച് രണ്ട് കുട്ടികളാണ് മരിച്ചത്. കുത്തിവയ്പ്പ് നടപടികൾ ശക്തമാക്കാൻ പ്രതിരോധ കുത്തിവയ്പ്പ് കാമ്പെയിനായ ‘മിഷൻ ഇന്ദ്രധനുഷ് 5.0’ സംഘടിപ്പിക്കുന്നുണ്ടെങ്കിലും രക്ഷിതാക്കൾ മുഖംതിരിക്കുന്നതായി ആരോഗ്യവിഭാഗം തന്നെ സമ്മതിക്കുന്നു. പ്രദേശത്തെ ആശാവർക്കർമാർ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തതോ ആയ അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ വിവരം ശേഖരിച്ച് വീടുകളിലെത്തി കുത്തിവയ്പ്പിന്റെ പ്രാധാന്യം സംബന്ധിച്ച് ബോധവത്കരിക്കുന്നുണ്ട്. എന്നാൽ അതൊന്നും ഫല പ്രദമാകുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അഞ്ചാംപനി പിടിപെടാതിരിക്കാൻ ഒമ്പത് മാസം പൂർത്തിയാകുമ്പോഴാണ് മീസിൽസ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടത്. എം.ആർ വാക്സിൻ എടുത്താൽ അഞ്ചാംപനി ബാധിച്ചുള്ള മരണം ഉണ്ടാവില്ല. രോഗം വന്നാൽ തന്നെ പെട്ടെന്ന് ഭേദമാകുകയും ചെയ്യും.
Comments