മണിരത്‌നം ചിത്രത്തിന്റെ ഓഫർ ലഭിച്ചിട്ടും അവസരം നഷ്ട്ടമായതിനെ കുറിച്ച് സങ്കടത്തോടെ വെളിപ്പെടുത്തി നടി കാജോൾ. 1998- ൽ പുറത്തിറങ്ങിയ “കുച്ച് കുച്ച് ഹോത്താ ഹേ ” എന്ന ചിത്രത്തിനായി കരൺ ജോഹറിന് ഡേറ്റ് നൽകിയതിനാലാണ് ആ ചിത്രം യാഥാർത്ഥ്യമാകാത്തതെന്ന് നടി പറയുന്നു. 2023 ജാഗ്രൻ ഫിലിം ഫെസ്റ്റിവലിൽ സംസാരിക്കവെയാണ് കാജോൾ ഇക്കാര്യം വെളിപ്പെടുത്തിയത്.
“ഞാൻ കുച്ച് കുച്ച് ഹോതാ ഹേയുടെ ഷൂട്ട് ചെയ്യാൻ ഡേറ്റ് നൽകിയ സമയത്താണ് മണിരത്‌നത്തിൽ നിന്ന് ഒരു സിനിമ ചെയ്യാനുള്ള ഓഫർ ലഭിക്കുന്നത്. ആദ്യം, ഞാൻ വിശ്വസിച്ചില്ല. എങ്കിലും പിന്നെ മണിരത്‌നത്തിൽ നിന്ന് ഒരു ഓഫർ കിട്ടിയെന്ന സന്തോഷത്തിലായിരുന്നു. എന്നാൽ കുച്ച് കുച്ച് ഹോതാ ഹേയ്‌ക്കുവേണ്ടി കരണിന് ഡേറ്റ് നൽകിയതിനാൽ അത് നടന്നില്ല. ‘നീ മണി സാറിന്റെ പടം ചെയ്യണമായിരുന്നു’ എന്നാണ് പലരും എന്നോട് പറഞ്ഞത്. ആ സമയത്ത് എന്റെ പ്രതിബദ്ധതയ്‌ക്കാണ് കൂടുതൽ പ്രധാന്യം നൽകിയത്. പിന്നീട് എനിക്ക് അത് അനുകൂലമായി മാറുകയും ചെയ്തു. ” കാജോൾ പറഞ്ഞു.
കരൺ ജോഹർ സംവിധാനത്തിൽ പിറന്ന സൂപ്പർഹിറ്റ് ചിത്രമാണ് കുച്ച് കുച്ച് ഹോതാ ഹേ. ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചത്. സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നൽകിയ ചിത്രമായിരുന്നു കുച്ച് കുച്ച് ഹോതാ ഹേ. ഷാരൂഖ് ഖാൻ, കാജോൾ, റാണി മുഖർജി, അനുപം ഖേർ, അർച്ചന പുരൺ സിംഗ്, സന സയീദ് എന്നിങ്ങനെ വൻ താരനിര അണിനിരന്ന ചിത്രത്തിൽ സൽമാൻ ഖാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
Comments