മെക്സിക്കോ: പടിഞ്ഞാറൻ മെക്‌സിക്കോയിൽ പാസഞ്ചർ ബസ് ഹൈവേയിൽ നിന്ന് കൊക്കയിലേക്ക് മറിഞ്ഞ് ഇന്ത്യക്കാർ ഉൾപ്പെടെ 18 പേർ മരിച്ചു. യാത്രക്കാരിൽ കൂടുതലും വിദേശികളാണെന്നും ചിലർ യുഎസ് അതിർത്തിയിലേക്ക് പോകുകയായിരുന്നുവെന്നും അധികൃതർ അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു അപകടം സംഭവിച്ചത്.
യുഎസ് അതിർത്തി പങ്കിടുന്ന നഗരമായ ടിജുവാനയിലേക്കുള്ള ബസാണ് അപകടത്തിൽപെട്ടത്. ബസിൽ ഇന്ത്യ, ഡൊമിനിക്കൻ റിപ്പബ്ലിക്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർ ഉൾപ്പെടെ 42 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. 20 ഓളം ആളുകളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടം നടന്ന മലയിടുക്കിന് ഏകദേശം 40 മീറ്റർ താഴ്ചയുള്ളതിനാൽ രക്ഷാപ്രവർത്തനം അങ്ങേയറ്റം ബുദ്ധിമുട്ടാണെന്ന് സുരക്ഷാ, സിവിൽ പ്രൊട്ടക്ഷൻ സെക്രട്ടറി ജോർജ് ബെനിറ്റോ റോഡ്രിഗസ് പറഞ്ഞു. എന്നാൽ അപകടത്തോട് ബസ് കമ്പനിയോ മെക്സിക്കോയുടെ മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ടോ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
Comments